ഫിറോസിനെതിരെ ആരോപണവുമായി സാമൂഹ്യസുരക്ഷാ മിഷനും: വിഡിയോ

സോഷ്യൽ മീഡിയയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് സംസാരിച്ചതിന് നിയമനടപടി നേരിടുന്ന ഫിറോസ് കുന്നംപറമ്പിലിനെതിരെ ഗുരുതര ആരോപണവുമായി സാമൂഹ്യ സുരക്ഷാ മിഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. മുഹമ്മദ് അഷീൽ രംഗത്ത്. നന്മമരത്തിന്റേത് ആളെ പറ്റിക്കുന്ന പരിപാടിയാണെന്നും ഒരു അക്കൗണ്ടബിലിറ്റിയുമില്ലെന്നും അഷീൽ ആരോപിക്കുന്നു. 

''ഒരുപാട് പേർക്ക് സഹായമെത്തിക്കുന്നുണ്ട് എന്ന വസ്തുത മനസ്സിലാക്കിക്കൊണ്ട് തന്നെ പറയട്ടെ. പണം ശേഖരിച്ച് ആളുകളിലേക്കെത്തിക്കുന്ന സ്വകാര്യ വെബ്സൈറ്റ് പോർട്ടലുകളുമുണ്ട്. ലഭിക്കുന്ന പണത്തിന്റെ 20 ശതമാനം തങ്ങളെടുക്കും എന്ന് വെളിപ്പെടുത്തിക്കൊണ്ട്, ബിസിനസ് രീതിയിലാണ് ഇവയുടെ പ്രവർത്തനം.

''എന്നാൽ എന്താണീ നന്മമരം ആശയം? ഒരു കുട്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഒരു വാർത്ത ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറിന്റെ ശ്രദ്ധയിൽപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ മന്ത്രി നേരിട്ട് ഫോണിൽ വിളിച്ചു. മറ്റൊരാൾക്ക് ഫോൺ കൈമാറാം എന്ന് പറഞ്ഞ് നൽകിയ 'നന്മമരത്തിന്റെ' ഈ ആശുപത്രിയിലെ കോർഡിനേറ്റർക്കായിരുന്നു( പേര് വെളിപ്പെടുത്തിയിട്ടില്ല). ചികിത്സക്കാവശ്യമായ പണത്തിന്റെ വിവരങ്ങളും മറ്റും മന്ത്രി ചോദിച്ചറിഞ്ഞു. 25 ലക്ഷം ആകെ സമാഹരിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ആ പണം അവിടെ അടച്ച ശേഷം ബാക്കി തുക സർക്കാർ അടക്കാമെന്ന് മന്ത്രി പറഞ്ഞു. 'മാഡം, നമ്മുടെ രീതി അങ്ങനെയല്ല. നമ്മൾ സമാഹരിച്ചതിൽ 10 ലക്ഷം രൂപ അവർക്ക് നൽകും, ശേഷിക്കുന്ന തുക അർഹരായ മറ്റുള്ളവർക്ക് നൽകും' എന്നാണ് മന്ത്രിക്ക് ലഭിച്ച മറുപടി. ഇതെന്ത് രീതിയാണ് എന്ന് മന്ത്രി ചോദിക്കുകയും ചെയ്തിരുന്നു. 

''ആശുപത്രി ലോബിക്കെതിരെയാണെന്ന് നന്മമരത്തെ ന്യായീകരിക്കുന്നവർ പറയും. എന്താണ് സംഭവിക്കുന്നത് എന്നറിയുമോ? ആശുപത്രിക്കാർ പറയും 40 ലക്ഷത്തിന്റെ, 50 ലക്ഷത്തിന്റെ ചികിത്സ വേണമെന്ന്. എവിടെയാണ് 50 ലക്ഷത്തിന്റെ ചികിത്സ എന്നത് മറ്റൊരു ചോദ്യം. കരൾ മാറ്റിവെക്കലിന് പോലും പതിനെട്ട് ലക്ഷമേ ഉള്ളൂ. ആളെ പറ്റിക്കുന്ന പരിപാടിയാണിത്. 

''എന്തുകൊണ്ടാണ് ഇതിനെതിരെ സർക്കാർ നടപടിയെടുക്കാത്തത്? മറുപടിയുണ്ട്. ജസ്റ്റീന എന്ന മാധ്യമപ്രവർത്തക പുറത്തുകൊണ്ടുവന്ന വാർത്തയിൽ വ്യക്തമായി പറയുന്നുണ്ട്, ആളെ പറ്റിക്കുന്ന ഇത്തരം നന്മമരങ്ങളെപ്പറ്റി. 10 ലക്ഷം പറ്റിച്ചാലും 20 ലക്ഷം പറ്റിച്ചാലും അതിന്റെ ഗുണം കിട്ടുന്നുണ്ട്. ചോദ്യം ചെയ്യപ്പെടുമ്പോൾ അസഹിഷ്ണുത കാണിച്ചിട്ട് കാര്യമില്ല, ഉത്തരം പറയേണ്ടിവരും. ആളുകളുടെ ദയനീയത ചൂഷണം ചെയ്ത് പണമുണ്ടാക്കുന്നുണ്ടെങ്കില്‍ അത് തെറ്റ് തന്നെയാണ്''- മുഹമ്മദ് അഷീൽ പറഞ്ഞു.

വിഡിയോ കാണാം: