സൈറനിട്ട് പാഞ്ഞ് ആംബുലന്‍സ്; ക്ഷമയില്ലാതെ ബസ് ഡ്രൈവര്‍; അപകടം, വിഡിയോ

രോഗിയുമായി സൈറന്‍ മുഴക്കി പാഞ്ഞെത്തുകയാണ് ഇൗ ആംബുലന്‍സ്. എന്നാല്‍ ബസ് ഡ്രൈവര്‍ കുറച്ച് നേരം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഇൗ അപകടം സംഭവിക്കില്ലായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇൗ വിഡിയോ. കോഴിക്കോട് വടകരയിലാണ് അപകടം നടന്നത്. എന്നാൽ ഇവിടെ ബസ് ഡ്രൈവർ മനപൂർവമാണോ അപകടമുണ്ടാക്കിയത് എന്ന് വ്യക്തമല്ല. സിഗ്നൽ ലഭിച്ചതിന് ശേഷമാണ് ബസ് മുന്നോട്ട് എടുത്തത്, എന്നാൽ സൈറന്‍ മുഴക്കി എത്തുന്ന ആംബുലൻസ് പോയ ശേഷം ബസ് എടുക്കാനുള്ള ക്ഷമ ഡ്രൈവര്‍ കാണിച്ചില്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. പാഞ്ഞെത്തിയ ആംബുലന്‍സ് ബസിലേക്ക് ഇടിച്ചുകയറുകയായിരുന്നു. 

എമർജൻസി ലൈറ്റിട്ട് സൈറൺ മുഴക്കിവരുന്ന അവശ്യസർവീസ് വാഹനങ്ങളായ ഫയർ എൻജിൻ, ആംബുലൻസ്, പൊലീസ് വാഹനങ്ങൾ എന്നിവ ഏതു ദിശയിൽ നിന്നു വന്നാലും അവയ്ക്കു വഴി മാറിക്കൊടുക്കണം എന്നതാണു നിയമം. ആംബുലൻസിന് വഴി ഒരുക്കാത്തതു ട്രാഫിക്ക് നിയമലംഘനം തന്നെയാണ്. 

ഇത്തരത്തിലുള്ള നിയമലംഘനങ്ങൾക്ക് പുതിയ ട്രാഫിക് നിയമപ്രകാരം 10000 രൂപയാണ് പിഴ. ശ്രദ്ധയിൽപ്പെട്ടാൽ കുറഞ്ഞത് മൂന്നു മാസത്തേക്കെങ്കിലും ലൈസൻ‌സ് റദ്ദാക്കാം. നേരത്തെ അത്യാസന്നനിലയിലായ രോഗിയുമായി ആശുപത്രിയിലേക്കു പോകുന്ന ആംബുലന്‍സിന്റെ വഴിതടഞ്ഞു വാഹനമോടിച്ച കുറ്റത്തിന് കൊച്ചിയിൽ ഒരു ഡ്രൈവറുടെ ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തിരുന്നു.