‘ശിവൻകുട്ടി മുത്താണ്’; ഇൗ വർഷം മാത്രം 3 തവണ ഒന്നാം സമ്മാനം വിറ്റു; ഒടുവിൽ 12 കോടിയും

തൊട്ടതെല്ലാം പൊന്നാവുന്ന വർഷമാണ് ശിവൻകുട്ടിയുടെ ലോട്ടറി എജൻസിക്ക്. ഈ വർഷം ഇതിപ്പോൾ മൂന്നാമത്തെ തവണയാണ് ശിവൻകുട്ടിയുടെ ഏജൻസിയിൽ നിന്നും വിറ്റ ടിക്കറ്റിന് ഒന്നാം സമ്മാനം ലഭിക്കുന്നത്. ഈ വർഷം കാരുണ്യയുടെ 80 ലക്ഷവും നിർമലിന്റെ 70 ലക്ഷവും ഒന്നാം സമ്മാനങ്ങളുള്ള ടിക്കറ്റുകൾ ശിവൻകുട്ടിയുടെ ഏജൻസിയിൽ നിന്നു കൊടുത്തതാണ്. വിവിധ സ്ഥലങ്ങളിലായി 5 സബ് ഏജൻസികളുണ്ട്. 6 വർഷമായി കരുനാഗപ്പള്ളി ഒട്ടത്ത് മുക്കിൽ പ്രവർത്തിച്ചിരുന്ന സബ് ഏജൻസി 2 വർഷം മുമ്പാണ് ലാലാജി ജംക്‌ഷനിലേക്ക് മാറ്റിയത്. മൂത്ത മകൻ ശ്രീമോൻ ആയൂർവേദ ഡോക്ടറാണ്. ഇളയ മകൻ ശരത്തും ഭാര്യ ഉഷാകുമാരിയും ശിവൻകുട്ടിയോടൊപ്പം സഹായികളായി രംഗത്തുണ്ട്.

ആറംഗ സംഘത്തിലൂടെ ചരിത്രഭാഗ്യവും ശിവൻകുട്ടിയെ തേടിയെത്തി. ജേതാക്കളായ റോണിയും വിവേകും രതീഷും ചേർന്നു ടിക്കറ്റ് വാങ്ങാൻ തയാറെടുത്തതോടെ രാജീവനും രംജിനും ഒപ്പം ചേർന്നു. ആറു പേരെങ്കിലും വേണമെന്ന അഭിപ്രായം വന്നതോടെ മനസില്ലാ മനസ്സോടെയാണു സുബിനും സംഘത്തിൽ ചേർന്നത്. പക്ഷേ, ഭാഗ്യം ഇങ്ങനെ ഞെട്ടിക്കുമെന്ന് സംഘം കരുതിയില്ല. ടിവിയിൽ ആദ്യം ലോട്ടറി ഫലം വാർത്തയായി വന്നതോടെയാണ് ഇവർ ടിക്കറ്റ് പരിശോധിച്ചത്.

ലോട്ടറി ഏജന്റ് പി.ശിവൻകുട്ടി,ലോട്ടറി വിൽപന നടത്തിയ എസ്.സിദ്ദിഖ്

തുടർന്നു ഫലം ഉറപ്പാക്കാൻ നേരെ ലോട്ടറി വിൽപനക്കാരനായ സിദ്ദീഖിനരികിലെത്തി. ഭാഗ്യത്തിന്റെ വിളി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ആർപ്പുവിളിയായി. ഭാഗ്യവാൻമാരെ കാണാനും അഭിനന്ദിക്കാനും വിവരങ്ങൾ ശേഖരിക്കാനും എത്തിയവരെക്കൊണ്ടു ദേശീയപാത തിരക്കിലായി. വിജയികളിൽ 3 പേർ മാത്രമാണു വിവാഹിതർ. രണ്ടാഴ്ച മുൻപു പിതാവ് മരിച്ച സങ്കടം മാറാത്ത അവസ്ഥയിലാണു രംജിൻ. സ്വന്തമായി വീടില്ലാത്തവരും ഇക്കൂട്ടത്തിലൂണ്ട്. കടങ്ങളും പ്രശ്നങ്ങളും പരിഹരിച്ചു കുടുംബാംഗങ്ങൾക്കു നല്ലൊരു ജീവിതം നൽകാമെന്ന പ്രതീക്ഷയിലാണിവർ.