ടിക്കറ്റെടുത്തത് മകന്റെ കുടുക്ക പൊട്ടിച്ച്; ഭാഗ്യം ഓട്ടോ വിട്ട് മലേഷ്യക്ക് പോകാനിരിക്കെ

25 കോടിയുടെ ഓണം ബംപര്‍ സമ്മാനം നേടിയത് വിശ്വസിക്കാനാകുന്നില്ലെന്ന് ബംപര്‍ ജേതാവ് അനൂപ്. ജോലിക്കായി മലേഷ്യയിലേക്ക് പോകാന്‍ തയാറെടുക്കുമ്പോഴാണ് ലോട്ടറി അടിച്ചത്. 50 രൂപയുടെ കുറവുണ്ടായിരുന്നു. മകന്റെ കുടുക്ക പൊട്ടിച്ചാണ് ടിക്കറ്റിനുള്ള പണം തികച്ചതെന്ന് അനൂപ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇന്നലെ വൈകിട്ടാണ് തിരുവനന്തപുരം പഴവങ്ങാടിയില്‍ ഭഗവതി ഏജന്‍സിയിൽ നിന്നും ടിക്കറ്റ് വാങ്ങിയത്. ഒരു ടിക്കറ്റ് മാത്രമാണ് വാങ്ങിയതെന്നും അനൂപ് പറഞ്ഞു. തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറാണ് അനൂപ്. TJ 750605 നമ്പര്‍ ടിക്കറ്റിനാണ് ഒന്നാംസമ്മാനം.

കോട്ടയം പാലായില്‍  മീനാക്ഷി ഏജന്‍സി വിറ്റ  TG 270912 നമ്പര്‍ ടിക്കറ്റിനാണ് അഞ്ചുകോടിയുടെ രണ്ടാംസമ്മാനം.  തിരുവനന്തപുരം ഗോര്‍ഖി ഭവനില്‍  ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. മൂന്നാം സമ്മാനം പത്തുപേര്‍ക്ക് ഒരു കോടി രൂപ  വീതം പത്തുപേര്‍ക്കാണ്.