നാളെയാണ്, നാളെയാണ്..; കേരള ലോട്ടറി ചരിത്രത്തിലെ ഭാഗ്യവാനെ നാളെ അറിയാം

തിരുവോണം ബംപർ ലോട്ടറി ടിക്കറ്റ്.

നാളെയാണ്...നാളെയാണ്... അതേ, നാളെയാണ് ഓണം ബംപർ ലോട്ടറി നറുക്കെടുപ്പ്. കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയുമായി 12 കോടി രൂപയുടെ സമ്മാനം അടങ്ങുന്നതാണ് ഓണം ബംപർ. ഇതിനായി ജില്ലയിൽ വിറ്റഴിഞ്ഞത് 1,25,000 ലോട്ടറി ടിക്കറ്റുകൾ. ജില്ലാ ഭാഗ്യക്കുറി ഓഫിസിൽ നിന്ന് ഇതുവരെ 85500, അടൂരിലുള്ള സബ് ഓഫിസിൽ നിന്ന് 39500 ടിക്കറ്റുകളുമാണ് വിറ്റഴിഞ്ഞത്.

ടിക്കറ്റ് ഒന്നിന് 300 രൂപയാണ് വില. 3.75 കോടി രൂപയുടെ ടിക്കറ്റാണ് ജില്ലയിൽ നിന്ന് ഭാഗ്യം തേടി പുറത്തു പോയത്. 10000 ടിക്കറ്റുകൾ കൂടി വിറ്റഴിക്കാമെന്ന പ്രതീക്ഷയാണ് ജില്ലാ ഭാഗ്യക്കുറി ഓഫിസിനുള്ളത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്കും മൂന്നാം സമ്മാനമായി 10 ലക്ഷം രൂപ വീതം 20 പേർക്കും വിതരണം ചെയ്യും. കഴിഞ്ഞ വർഷം 10 കോടി രൂപയായിരുന്നു സമ്മാന തുക. ജില്ലയിൽ നിന്ന് 2.16 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്.

ആകെ 3525 ഏജന്റുമാർ

ഭാഗ്യവിൽപനയുമായി ജില്ലയിലുള്ളത് 3525 പേരാണ്. ഇതിൽ 1400 പേരാണ് ക്ഷേമനിധി അംഗങ്ങളായി ഉള്ളത്. ടിക്കറ്റ് ഒന്നിന് 64.20 രൂപയാണ് കമ്മിഷനായി ഏജന്റുമാർക്ക് നൽകുന്നത്.ഓണം ഉത്സവ ബത്തായി ഇത്തവണ 1219 പേർക്ക് 6000 രൂപ വീതം വിതരണം ചെയ്തു. 73.14 ലക്ഷം രൂപ ഈയിനത്തിൽ ചെലവിട്ടു. 43 പേർക്ക് പെൻഷൻ തുകയായി 2000 രൂപ വീതം വിതരണം ചെയ്തു. വികലാംഗരായ ലോട്ടറി ഏജന്റുമാർക്കായി ട്രൈ സ്കൂട്ടർ നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.

'സമ്മാനത്തുകയിലെ വർധനയാണ് ടിക്കറ്റ് എടുക്കാൻ പലർക്കും പ്രേരണയായത്. പ്രളയം ഏൽപിച്ച ആഘാതവും വിൽപനയെ ബാധിച്ചിട്ടുണ്ട്. എന്നിരുന്നാലും ഏജന്റുമാരുടെ നല്ല സഹകരണം ഇത്തവണയും വിൽപനയ്ക്ക് ലഭിച്ചു.' - ബെന്നി ജോർജ് (ജില്ലാ ഭാഗ്യക്കുറി ഓഫിസർ)