'ഹൃദയത്തിലുണ്ട് ഒരു മലയോളം ഭാരം, ഇനി എന്നെക്കൊണ്ടാകില്ല’

പാറക്കടവ് ആക്കാട്ടുകുടിലിൽ ബിനോയിയും ഭാര്യ ബീനയും മണ്ണിടിഞ്ഞു തകർന്ന തങ്ങളുടെ വീട്ടിലെ സാധനങ്ങൾ മാറ്റുന്നു

ശ്രീകണ്ഠപുരം∙ വീട് പണിയാനെടുത്ത വായ്പ അവസാന പൊന്നിന്റെ തരി പോലും വിറ്റ് കഴിഞ്ഞ വർഷമാണ് അടച്ചുതീർത്തത്. എന്റെ കുഞ്ഞിന് പിറന്നാൾ സമ്മാനമായി കിട്ടിയ കുഞ്ഞുമോതിരം വരെയുണ്ടായിരുന്നു അക്കൂട്ടത്തിൽ– മല ഇടിച്ചുകയറി തകർത്ത വീടിനെ നോക്കി ശ്രീകണ്ഠപുരം പാറക്കടവ് ആക്കാട്ടുകുടിലിൽ ബിനോയി ശബ്ദമില്ലാതെ കരയുന്നു. വീടിന്റെ പിൻഭാഗത്തേക്കു നിരങ്ങിക്കയറിയ മല ഇപ്പോഴും അവിടെത്തന്നെയുണ്ട്. വർക്ക് ഏരിയയും തൂണും ഉൾപ്പെടെ തകർന്നു. വീടിന്റെ പിൻഭാഗത്തു മുഴുവൻ വിള്ളൽ വീണു. ഏതു നിമിഷവും മല വീണ്ടും ഇടിയുമെന്ന ആശങ്കയുമുണ്ട്. 

2015ൽ പൂർത്തിയാക്കിയ വീട് പണിയാൻ ബിനോയ് 10 വർഷമെടുത്തു. ചെറിയ സമ്പാദ്യങ്ങൾ സ്വരുക്കൂട്ടി പല ഘട്ടങ്ങളായി പണിതതുകൊണ്ടു കാലങ്ങളെടുത്തു. കൂലിപ്പണിക്കാരനായ ബിനോയി ഇക്കാലംകൊണ്ടു ചുമന്ന കല്ലിന്റെയും മണ്ണിന്റെയും അത്രതന്നെ ജീവിതഭാരങ്ങളും ചുമന്നിട്ടുണ്ട്. അസുഖബാധിതനായിരുന്ന പിതാവിന്റെ ചികിൽസയ്ക്കുൾപ്പെടെ ധാരാളം പണം ചെലവായി. മുടക്കിയ പണവും അധ്വാനവും ഫലം കാണാതെ കഴിഞ്ഞ ജനുവരിയിൽ പിതാവ് മരിച്ചു. 

പ്രായമായ അമ്മ, ഭാര്യ, രണ്ടു മക്കൾ, പിതാവിന്റെ സഹോദരി എന്നിവരാണു ബിനോയിയെക്കൂടാതെ വീട്ടിലുള്ളത്. കഴിഞ്ഞ 10ന് ഉച്ചയൂണു കഴിഞ്ഞു വീട്ടിലിരിക്കുമ്പോഴാണു വീടിനു പിന്നിൽ മലയിടിഞ്ഞു വിള്ളൽ വീണത് ആദ്യം ശ്രദ്ധയിൽപെട്ടത്. അപകടം മനസ്സിലാക്കി എല്ലാവരെയും കൂട്ടി ബന്ധുവീട്ടിലേക്കു മാറി. വൈകിട്ടോടെ മല നിരങ്ങി നീങ്ങി വീടിനകത്തേക്കു കയറി. വർക്ക് ഏരിയ തൂൺ ഉൾപ്പെടെ പൂർണമായും തകർന്നു. വീടിന്റെ പിൻഭാഗം താഴേക്കിരുന്നു. വീട് നിറയെ ചെളിയും കല്ലും. 

രണ്ടു വർഷം മുൻപുള്ള ഓണക്കാലത്ത് വീട്ടിലേക്കു മണ്ണിടിഞ്ഞു വീണിരുന്നു. അന്നു പശുത്തൊഴുത്ത് തകർന്നു. നഷ്ടപരിഹാരമായി ഒരു രൂപപോലും കിട്ടിയില്ല. ഇത്തവണ ഒരു കണ്ണീരോണം കൂടി. കുറഞ്ഞത് അ‍ഞ്ചുലക്ഷം രൂപയെങ്കിലുമാകും വീട് പഴയപടിയാക്കാൻ. വീട് പൂർണമായി തകരാത്തതിനാൽ സർക്കാർ മാനദണ്ഡം വച്ച് കാര്യമായ ധനസഹായം പ്രതീക്ഷിക്കേണ്ട. ചോര നീരാക്കി ജീവിതത്തിൽ ആകെയുണ്ടാക്കിയ മുതലാണ്. ഇനി ഇതുപോലൊരു വീടുണ്ടാക്കാൻ എത്ര കല്ലുംമണ്ണും ചുമക്കണം, എനിക്കാവുമെന്നു തോന്നുന്നില്ല– ബിനോയിയുടെ വാക്കുകളിൽ അങ്ങേയറ്റത്തെ നിസ്സഹായത.