അമ്മ കാലിൽ വീണപ്പോൾ ഞാനും കരഞ്ഞു; എന്റെ കുഞ്ഞിനും ഏഴു വയസ്സ്: ആ സിഐ പറയുന്നു

ജുഡീഷറിയുടെ ചരിത്രത്തിലെ തന്നെ അത്യാപൂർവമായ വിധികളിലൊന്നാണ് ഇന്നലെ കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചത്. ഏഴു വയസുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 3 ജീവപര്യന്തവും 26 വർഷം തടവുശിക്ഷയുമാണ് കോടതി വിധിച്ചത്. 

അ​ഞ്ചൽ ഏരൂർ തിങ്കൾകരിക്കം വടക്കേക്കര ചെറുകര രാജേഷ് ഭവനിൽ രാജേഷി(25)നാണ് 3 ജീവപര്യന്തവും 26 വർഷം കഠിനതടവും 3.20 ലക്ഷം രൂപ പിഴയും വിധിച്ചത്. തടവുശിക്ഷ വെവ്വേറെ അനുഭവിക്കണം. പിഴ അടച്ചില്ലെങ്കിൽ 4 വർഷവും 9 മാസവും കൂടി തടവ് അനുഭവിക്കണമെന്നും കൊല്ലം ഒന്നാം അഡീഷനൽ സെഷൻസ് കോടതി വിധിച്ചു. പുനലൂർ ഡിവൈഎസ്പി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ അഞ്ചൽ സിഐ എ.അഭിലാഷും സംഘവും നടത്തിയ അന്വേഷണമാണു പ്രതിയെ കുടുക്കിയത്. കോടതിവിധിക്ക് ശേഷം ഏറെ കുഞ്ഞിന്റെ അമ്മ സിഐയുടെ പാദങ്ങളിൽ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞത് കോടതിയിലെ കണ്ണീർകാഴ്ചയായി. ഈ ഒരു വൈകാരിക പ്രതികരണത്തെക്കുറിച്ച് കേസ് തെളിയിച്ച വഴികളെക്കുറിച്ചും സിഐ എ.അഭിലാഷ് മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ:

കോടതി വിധി വന്ന ശേഷം ബന്ധുക്കളോട് അമ്മ എന്നെ കാണണമെന്ന് ആവശ്യപ്പെട്ടു. എന്നെ കണ്ടതും അവർ കാലിൽ വീണ് കെട്ടിപ്പിടിച്ച് കരഞ്ഞു. ഒട്ടും പ്രതീക്ഷിച്ചതല്ല ഇങ്ങനെയൊരു പ്രതികരണം. പെട്ടന്നായിരുന്നതുകൊണ്ട് എനിക്കവരെ എഴുന്നേൽപ്പിക്കാനും സാധിച്ചില്ല. കാക്കിയിട്ടാലും ഞാനും മനുഷ്യനല്ലേ? എന്റെ കണ്ണും നിറഞ്ഞുപോയി. ഇതിന് മുൻപ് ആറേഴ് കൊലപാതകങ്ങൾ ഞാൻ തെളിയിച്ചിട്ടുണ്ട്. പക്ഷെ ആദ്യമായിട്ടാണ് എഴുവയസുമാത്രം പ്രായമുള്ള കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നകേസ് അന്വേഷിക്കുന്നത്. എന്റെ കുഞ്ഞിനും ഏഴുവയസാണ് പ്രായം. കേസ് അന്വേഷിക്കുമ്പോഴൊക്കെയും എന്റെ കുഞ്ഞിന്റെ മുഖമായിരുന്നു മനസിൽ. 

വളരെ ക്രൂരമായാണ് രാജേഷ് കുഞ്ഞിനെ പീഡിപ്പിച്ച് കൊന്നത്. കൊലപാതകത്തിന് ശേഷം മൃതദേഹത്തിനോട് പോലും അനാദരവ് കാട്ടി. കുഞ്ഞിന്റെ ശരീരത്തിന്റെ എല്ലാ ഭാഗത്ത് നിന്നും സ്രവത്തിന്റെ അംശം കണ്ടെത്തി. ഉമിനീരിലും സ്രവം കലർന്നിരുന്നു. ഡിഎൻഎ പരിശോധനയിൽ ശരീരത്തിൽ നിന്നും കണ്ടെത്തിയ തലമുടിയും ഇവന്റേതാണെന്ന് കണ്ടെത്തി. വീട്ടുകാർക്ക് രാജേഷിനെ വലിയ വിശ്വാസമായിരുന്നു. ശിഥിലമായ കുടുംബത്തിലെ അംഗമാണ് കുട്ടി. വളരെ സാധുക്കളാണ് വീട്ടുകാർ. ഇങ്ങനെയൊരു ക്രൂരത ചെയ്യുമെന്ന് അവരും ചിന്തിച്ചിരുന്നില്ല. 

അമ്മൂമ്മയോടൊപ്പം ട്യൂഷൻസെന്ററിൽ നിന്നും സ്കൂളിലേക്ക് പോകുന്നവഴിക്ക് രാജേഷ് കാത്തുനിന്നു. ഞാൻ സ്കൂളിൽ ആക്കിയേക്കാമെന്ന് അമ്മൂമ്മയോട് പറഞ്ഞശേഷം കുഞ്ഞിനെ ഒപ്പം കൂട്ടി. കൊച്ചച്ചനല്ലേ കൊണ്ടുപോകുന്നത്. അതിനാൽ അവർക്കും അസ്വഭാവികത ഒന്നും തോന്നിയില്ല. എന്നാൽ കുഞ്ഞ് സ്കൂളിൽ എത്തിയില്ലെന്ന് അറിഞ്ഞതോടെ പരിഭ്രമിച്ച് അവർ പൊലീസ് സ്റ്റേഷനിലെത്തി. രാവിലെ കൊച്ചച്ചന്റെ കൂടെ പോയതാണെന്ന് പറഞ്ഞപ്പോൾ തന്നെ ഞങ്ങൾക്ക് സംശയം തോന്നി. സകല സ്ഥലത്തേക്കും ഇവന്റെ ചിത്രം സഹിതം വാട്സാപ്പ് ചെയ്തു. 

മോഷണക്കേസിൽ രാജേഷ് നേരത്തെ ജയിലിൽ കിടന്നിട്ടുണ്ട്. കുറ്റകൃത്യം ചെയ്യുമ്പോൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യണമെന്നും സിം നശിപ്പിക്കണമെന്നും സഹതടവുകാരിൽ നിന്ന് മനസിലാക്കിയിരുന്നു കുട്ടിയുമായി ബസിൽ പോകുമ്പോൾ തന്നെ സിം നശിപ്പിച്ചത് ഇതുകൊണ്ടാണ്. ഈ ബസ് കണ്ടെത്താനും പൊലീസ് പ്രയാസപ്പെട്ടു. നശിപ്പിച്ച സിം കണ്ടെടുത്തു. കുട്ടിയുമായി രാജേഷ് കുന്നിന്റെ താഴ്‌വരയിലേക്കു പോകുന്നതു കണ്ട 2 വിദ്യാർഥികളെ ഏറെ ബുദ്ധിമുട്ടിയാണ് കണ്ടെത്തിയത്. കുഞ്ഞിന് ഭക്ഷണം വാങ്ങി നൽകിയ ശേഷമാണ് ബസിൽ കയറ്റിയത്. കൃത്യം നടന്ന വനത്തിലേക്ക് കിലോമീറ്ററോളം നടക്കാനുണ്ടായിരുന്നു. കൊച്ചച്ചൻ കാഴ്ച കാണാൻ കൊണ്ടുപോകുകയാണെന്ന സന്തോഷത്തിലാണ് കുഞ്ഞും ഈ ദൂരവും കയറ്റവുമെല്ലാം നടന്നത്. ഇതിന്റെ ഇടയ്ക്ക് മഴ പെയ്തു. ഇയാൾ കുഞ്ഞിനോടൊപ്പം മഴയത്ത് നടക്കുന്നത് കണ്ട് തോട്ടത്തിൽ കൃഷിപണി ചെയ്തുകൊണ്ടിരുന്ന ഒരു സ്ത്രീ ഇവർക്ക് രണ്ട് വാഴയിലയും വെട്ടി നൽകിയിരുന്നു. ‘ഇതുപിടിച്ചോണ്ട് പൊക്കോ മഴ നനയേണ്ടെ’ന്ന് ഇവർ പറയുകയും ചെയ്തു. ഈ വാഴയിലയും പിന്നീട് പൊലീസ് കണ്ടെത്തി. 

വെളുപ്പിനെ നാലുമണി വരെ പൊലീസ് കാട് വളഞ്ഞു. കാട്ടിൽ നിന്ന് തന്നെയാണ് ഇയാളെ പിടികൂടിയത്. തെളിവെടുക്കാനായി വീണ്ടും ഈ സ്ഥലങ്ങളിലേക്ക് എല്ലാം കൊണ്ടുവന്നപ്പോൾ യാതൊരു കൂസലുമില്ലാതെയാണ് രാജേഷ് കുഞ്ഞിനെ കൊന്ന രീതി വിവരിച്ചത്. അവന്റെ കുലുക്കമില്ലായ്മ കണ്ട് ഞങ്ങൾ വരെ ഞെട്ടിപ്പോയി. കേസ് തെളിയിക്കാൻ ഒപ്പമുണ്ടായിരുന്നത് അഡീഷണൽ എസ്.പി കൃഷ്ണകുമാർ സാറാണ്. അദ്ദേഹം എല്ലാ പിൻതുണയുമായി കൂടെ തന്നെ നിന്നു. അതോടൊപ്പം കേസ് വാദിച്ച പ്രോസിക്യൂട്ടറും ഏറെ ആത്മാർഥത പുലർത്തി. കേസ് നന്നായി പഠിച്ചശേഷമാണ് അദ്ദേഹം വാദിച്ചത്. അതുകൊണ്ടാണ് പ്രത്യക്ഷത്തിൽ സാക്ഷികളില്ലാതിരുന്നിട്ടും കേസ് തെളിയിക്കാനായത്. വധശിക്ഷ ശരിവെക്കാൻ സുപ്രീംകോടതി നിഷ്കർഷിക്കുന്ന 13 മാനദണ്ഡങ്ങളുണ്ട്, അതിൽ 7 എണ്ണവും കേസിൽ തെളിയിക്കാൻ സാധിച്ചിട്ടുണ്ട്. പക്ഷെ പ്രായം കണക്കാക്കിയാണ് വധശിക്ഷ നൽകാതിരുന്നത്. എന്നാലും ഇപ്പോൾ കോടതി നൽകിയ ശിക്ഷയിൽ ഞങ്ങൾ തൃപ്തരാണ്. ഒന്നുമില്ലെങ്കിൽ അവൻ ഇനി പുറംലോകം കാണില്ലല്ലോ- അഭിലാഷ് പറഞ്ഞു.