ഇടഞ്ഞതോ കുറുമ്പോ?, ജനം മുൾമുനയിൽ; ആറുമണിക്കൂർ ‘നീരാടി’ കൊമ്പൻ

ഷൊർണൂർ: നിളയിൽ നീരാടാനിറങ്ങിയ കൊമ്പൻ പാപ്പാന്മാരെ മുൾമുനയിൽ നിർത്തി. ഇടഞ്ഞതോ കുറുമ്പോ എന്ന് തിരിച്ചറിയാനാകാതെ ജനം ചെറുതുരുത്തി കൊച്ചിപ്പാലത്തിന് മുകളിൽ തടിച്ചു കൂടി.  പാണഞ്ചേരി പരമു എന്ന കൊമ്പനാണ് മഴയും വെയിലും മാറി വന്നപ്പോഴും പുഴ മധ്യത്തിൽ നിന്നു കയറാൻ കൂട്ടാക്കാതെ നിന്നത്.  തിരിച്ചു കയറ്റാൻ ഇറങ്ങിയ പാപ്പാനെ ആന തട്ടി തെറിപ്പിച്ചു. പിന്നീട് വൈകിട്ടോടെയാണ് ആനയെ കരയ്ക്ക് കയറ്റിയത്.

തുടർച്ചയായ രണ്ടാം ദിവസമാണ് പരമു പാപ്പാന്മാരുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുന്നത്. കഴിഞ്ഞ ദിവസം ആനയെ കുളിപ്പിക്കാനിറക്കിയപ്പോഴും പുഴയിൽ നിന്ന് കയറാൻ മടിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ആനയും പാപ്പാന്മാരും ഭാരതപ്പുഴയുടെ ഷൊർണൂർ കടവിലിറങ്ങിയത്. തീരത്തോട് ചേർന്ന് നിന്നിരുന്ന ആന പതുക്കെ പുഴ മധ്യത്തിലേക്ക് നീങ്ങി. പിന്നീട് കയറാൻ കൂട്ടാക്കാതെ ആറ് മണിക്കൂർ പുഴയിൽ കുസൃതികൾ.