മക്കളുടെ കല്യാണത്തിന് സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി; അവർക്കല്ല, അയൽക്കാർക്ക്

മക്കളുടെ വിവാഹത്തിന് ബാപ്പയുടെ സമ്മാനം ഒന്നേകാൽ ഏക്കർ ഭൂമി. ഈ സമ്മാനം  ഭൂരഹിതരായ 35 കുടുംബങ്ങൾക്കാണ്, നാല് സെന്റ് ഭൂമി വീതം. പ്ലാന്ററും മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റുമായ അസീസ് ബഡായിലും ഭാര്യ സുനിതയുമാണ് ഇൗ സ്വപ്നസമ്മാനം നൽകുന്നത്. മകൻ ഡോ. നവീദിന്റെയും മകൾ ഡോ. നാസിയുടെയും വിവാഹം  സെപ്റ്റംബറിലാണ്. ആർഭാടം കഴിവതും ഒഴിവാക്കി പാവപ്പെട്ടവരെ സഹായിക്കണം എന്ന ചിന്തയാണ് ഈ നന്മയൂറുന്ന പ്രവൃത്തിക്കു പ്രേരണ.

വിവിധ മത വിഭാഗത്തിലുള്ള പ്രദേശവാസികൾക്കാണു കൂട്ടിക്കൽ ടൗണിനു സമീപം ലക്ഷങ്ങൾ വിലമതിക്കുന്ന സ്ഥലം സമ്മാനിക്കുന്നത്. 100 അപേക്ഷകരിൽ നിന്നാണ് ഇവരെ തിരഞ്ഞെടുത്തത്. റജിസ്ട്രേഷൻ നടപടി പൂർത്തിയാക്കി അടുത്ത മാസം ആധാരം കൈമാറുമെന്ന് അസീസ് ബഡായിൽ പറഞ്ഞു.

ഡോ. നവീദ് മംഗലാപുരത്ത് ഹൗസ് സർജനാണ്. കാസർകോട് സ്വദേശി ഡോ. അമീർ അലിയുടെ മകൾ ആഷികയാണ് പ്രതിശ്രുത വധു. കോലഞ്ചേരി മെഡിക്കൽ കോളജിൽ ഹൗസ് സർജൻസി പഠനം നടത്തുന്ന ഡോ. നാസിയുടെ വരൻ പത്തനാപുരം സ്വദേശി എൻജിനീയർ  ഫിസാമാണ്.