ബാലു മരിച്ചപ്പോൾ അവരുടെ മുഖത്ത് ദുഖം കണ്ടില്ല; ഞങ്ങളെ മനഃപൂർവം ഒഴിവാക്കി: അമ്മാവൻ

ബാലഭാസ്കറിന്റെ ജീവിത യാത്രയ്ക്ക്, കഠിനാധ്വാനത്തിലൂടെ പടുത്തുയര്‍ത്തി ഉയരങ്ങളിലേക്കു പോയിരുന്ന സംഗീതയാത്രയ്ക്ക് സഡന്‍ ബ്രേക്ക് വീഴുകയായിരുന്നു. കൊല്ലത്തുനിന്നു തിരുവനന്തപുരത്തേക്കുള്ള റോഡില്‍ പള്ളിപ്പുറത്തു വച്ച് ഒരു മരത്തിലേക്ക് അദ്ദേഹം സഞ്ചരിച്ച കാര്‍ ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിന്റെ അവശേഷിപ്പ് ഇന്നും ആ മരത്തിൽ കാണാം. ഒരു സാധാരണ അപകടം എന്നു കരുതിയിരുന്ന സംഭവത്തില്‍ ഇന്ന് ദുരൂഹത ആരോപിക്കപ്പെടുന്നു. മനോരമന്യൂസിന്റെ പ്രത്യേക പരിപാടിയിൽ ബാലുവിന്റെ അച്ഛനും അമ്മവാനും സംശയങ്ങൾ തുറന്നുപറഞ്ഞു. 

സാധാരണ അപകടമല്ലെന്നു കണ്ടാൽ അറിയാമെന്നാണ് ബാലഭാസ്കറിന്റെ അമ്മാവനും വയലിനിസ്റ്റുമായ ബി. ശശികുമാർ പറയുന്നത്. ‘ബാലു മരിക്കുന്നതിനു മുൻപ് എപ്പോഴും ബന്ധം പുലർത്തിയിരുന്ന പ്രകാശൻ തമ്പി അടക്കമുള്ളവർ പിന്നീട് ഒന്നും അന്വേഷിച്ചിട്ടില്ല. മാത്രമല്ല, ബാലു മരിച്ചപ്പോൾ ഒരു ദുഃഖവും അവരുടെ മുഖത്തു കണ്ടില്ല.പലയിടത്തുനിന്നും ഞങ്ങളെ മനഃപൂർവം ഒഴിവാക്കുകയും ചെയ്തു.’– ശശികുമാർ പറഞ്ഞു. 

ബാലഭാസ്കറിന്റെ സമ്പത്ത് സുഹൃത്തുക്കള്‍, പ്രത്യേകിച്ച് പ്രകാശന്‍ തമ്പിയും വിഷ്ണുവും കൈക്കലാക്കിയിരുന്നു. ബാലഭാസ്കറുമായി ആത്മബന്ധം പുലര്‍ത്തിയിരുന്ന പാലക്കാട് പൂന്തോട്ടം കുടുംബത്തിന്റെ ഇടപാടുകളും സംശയത്തിലാണ്. ഇതാണ് അപകടം ആസൂത്രിതമാണെന്ന സംശയത്തോടെ കുടുംബം ഉയര്‍ത്തുന്ന പ്രധാന പരാതി. ഇതിന് ആക്കം കൂട്ടുന്നതാണ് സ്വര്‍ണക്കടത്തോടെ തെളിഞ്ഞ പ്രകാശന്‍ തമ്പിയുടെയും വിഷ്ണുവിന്റെയും ക്രിമിനല്‍ പശ്ചാത്തലം. ബാലഭാസ്കറുമായി ഇവര്‍ക്കെല്ലാം  സാമ്പത്തിക ഇടപാടുണ്ടായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ബാലഭാസ്കർ പാലക്കാട്ട് പണം ഇൻവെസ്റ്റ് ചെയ്തിട്ടുള്ളതായി പിതാവ് സി.കെ. ഉണ്ണി പറഞ്ഞു. 

സ്വര്‍ണക്കടത്തിനു പിടിയിലായതോടെ പ്രകാശന്‍ തമ്പിയായി സംശയങ്ങളുടെയെല്ലാം കേന്ദ്രം. വീട്ടുകാര്‍ പോലും അറിയും മുന്‍പ് അപകടം അറിഞ്ഞയാള്‍, ആശുപത്രിയിലെത്തിയതും ചികിത്സകള്‍ക്കു നേതൃത്വം നല്‍കിയതും തമ്പി തന്നെ.  ഇതിനൊപ്പമാണ് അപകടത്തിന് മുന്‍പ് ബാലഭാസ്കര്‍ അവസാനമായി വിശ്രമിച്ച ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ തമ്പി ശേഖരിച്ചത്. തെളിവു നശിപ്പിക്കലെന്ന കുറ്റമാണ് ഇവിടെ ഉയരുന്നത്. ഇത് എന്തിനെന്ന ചോദ്യം ഉയരുമ്പോഴാണ് തമ്പി ദൃശ്യങ്ങള്‍ ശേഖരിച്ചുവെന്നു ക്രൈംബ്രാഞ്ചിനോട് സമ്മതിച്ച കടയുടമ മാധ്യമങ്ങളോടു കള്ളം പറഞ്ഞത്.

തെളിവുകള്‍ നിരത്തി ചോദിച്ചപ്പോള്‍, ദൃശ്യങ്ങള്‍ ശേഖരിച്ചെന്നു തമ്പിക്ക് സമ്മതിക്കേണ്ടിവന്നു. ഇതോടെ തമ്പിയുടെ സ്വാധീനത്തിലോ ഭീഷണിയിലോ ആണോ കടയുടമ മൊഴിമാറ്റമെന്ന ചോദ്യവും ഉയരുന്നു. ആസൂത്രിത അപകടമെന്ന അതിവിദൂര സാധ്യതയിലേക്കു വിരല്‍ചൂണ്ടുന്നതാണ് അപകടസമയത്ത് ആ വഴി യാത്ര ചെയ്ത കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തല്‍.

മൂന്നുകാര്യങ്ങളിലാണ് അന്വേഷണം വേണ്ടത്. സോബി പറയുന്നതു പോലെ, അപകട സ്ഥലത്ത് ദുരൂഹസാഹചര്യത്തില്‍ ആരെങ്കിലുമുണ്ടായിരുന്നോ? അപകടത്തിനു മുന്‍പും പിന്‍പും നിര്‍ത്തിയിട്ട രീതിയില്‍ കണ്ട വാഹനങ്ങള്‍ ആരുടേത്? ഇക്കാര്യം അറിയിച്ചപ്പോള്‍ ആറ്റിങ്ങല്‍ പൊലീസിനെ അറിയിച്ചിട്ടുണ്ടെന്നും ഉടന്‍ മൊഴിയെടുക്കുമെന്നും പ്രകാശന്‍ തമ്പി സോബിയോടു കള്ളം പറഞ്ഞോ?