342 മുറികളും കസിനോയുമായി കൊച്ചിയിൽ ഒഴുകിയെത്തിയ ആഡംബരം; പേര് ഇൻസി‌ഗ്‌നിയ

കൊച്ചി: അഞ്ചു ഭൂഖണ്ഡങ്ങൾ, 36 രാജ്യങ്ങൾ, 90 തുറമുഖങ്ങൾ, 83,000 കിമീ ദൂരം – ‌ആഡംബരക്കപ്പലായ ഓഷ്യാനിയ ഇൻസി‌ഗ്‍നിയ ലോക സഞ്ചാരത്തിലാണ്. യാത്രയ്ക്കിടെ ഇന്നലെ ഇൻസിഗ്‌നിയ കൊച്ചിയിലുമെത്തി. ജനുവരി 11ന് ന്യൂയോർക്കിൽ നിന്ന് ആരംഭിച്ച് ജൂൺ 19നു സതാംപ്റ്റനിൽ അവസാനിക്കുന്ന യാത്രയ്ക്കിടയിൽ കൊച്ചിയിൽ നങ്കൂരമിട്ട കപ്പൽ വൈകിട്ട് മംഗളൂരുവിനു തിരിച്ചു.

ഗോവ, മുംബൈ എന്നിവിടങ്ങൾ കൂടി സന്ദർശിച്ച ശേഷം കപ്പൽ യുഎഇയിലേക്കു തിരിക്കും. 643 യാത്രക്കാരും 409 ക്രൂ അംഗങ്ങളുമാണു കപ്പലിലുള്ളത്. കപ്പലിറങ്ങിയ സഞ്ചാരികൾ ആലപ്പുഴയുൾപ്പെടെയുള്ള സ്ഥലങ്ങൾ സന്ദർശിച്ചു. മാർഷൽ ദ്വീപുകളുടെ പതാക വഹിക്കുന്ന കപ്പലായ ഇൻസി‌ഗ്‌നിയ 1998ലാണു നീറ്റിലിറങ്ങിയത്.

കഴിഞ്ഞ വർഷം പുതുക്കിപ്പണിത ശേഷമുള്ള ആദ്യ ലോക സഞ്ചാരമാണ് ഇത്തവണത്തേത്. ഓഷ്യാനിയ ക്രൂസസിന്റെ ഉടമസ്ഥതയിലുള്ള ഇൻസി‌ഗ്‌നിയയ്ക്ക് 30,277 ടൺ ഭാരവും 181 മീറ്റർ നീളവുമുണ്ട്.  342 മുറികളും. കസിനോയുൾപ്പെടെ അതിരുകളില്ലാത്ത ആഘോഷമാണ് ഇൻസി‌ഗ്‌നിയ സഞ്ചാരികൾക്കു നൽകുന്നത്.