കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കണം; ആന്ത്രോത്ത് ദ്വീപിൽ ജനകീയ പ്രക്ഷോഭം

ലക്ഷദ്വീപിലെ ആന്ത്രോത്ത് ദ്വീപിൽ യാത്ര കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കുന്നത് പുനരാരംഭിക്കണമെന്ന ആവശ്യവുമായി ജനകീയ പ്രക്ഷോഭം ശക്തമാകുന്നു. കോടിക്കണക്കിന് രൂപ ചെലവിട്ടു നിർമ്മിച്ച ബ്രേക്ക് വാട്ടർ സംവിധാനം നോക്കുകുത്തിയായി മാറിയെന്നും ആന്ത്രോത്തുകാർ  ആരോപിക്കുന്നു. 

പുറംകടലിൽ നങ്കൂരമിടുന്ന യാത്രാ കപ്പലുകളിൽ നിന്ന് മത്സ്യബന്ധനയാനങ്ങളിലേക്ക് യാത്രക്കാരെ കയറ്റുമ്പോൾ ഇതാണ് അവസ്ഥ. അപകടസാധ്യത ഏറെ. പ്രായമായവരും കുട്ടികളും രോഗബാധിതരുമെല്ലാം ഏറെ ശ്രമപ്പെട്ടാണ് ദ്വീപിൽ എത്തുന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ ആന്ത്രോത്തിലെ ബ്രേക്ക് വാട്ടറിനകത്ത് കപ്പലുകൾ നങ്കൂരമിട്ടിരുന്നു, ആഘോഷമായാണ് ദ്വീപുകാർ യാത്ര കപ്പലുകളെ തീരത്ത് സ്വീകരിച്ചത്. എന്നാൽ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യാത്രാ കപ്പലുകൾ ബ്രേക്ക് വാട്ടറിനകത്ത് വരാതെ പുറംകടലിൽ തന്നെ വീണ്ടും നങ്കൂരമിടാൻ തുടങ്ങി. കപ്പലുകൾ തീരത്തേക്ക് അടുപ്പിക്കുന്നത്  പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ദ്വീപിൽ ജനകീയ പ്രക്ഷോഭം കൂടുതൽ ശക്തമാകുന്നത്. ആന്ത്രോത്ത് ഷിപ്പ് ബർതിങ്‌ ആക്ഷൻ കൗൺസിലിന്റെ  നേതൃത്വത്തിൽ രാഷ്ട്രീയ പാർട്ടികളും മത സാമുദായിക സംഘടനകളും പൊതുജനങ്ങളും എല്ലാം സമരത്തിൽ പങ്കെടുക്കുന്നുണ്ട്. 

തീരത്തേക്ക് കപ്പൽ അടുപ്പിക്കാതെ സമരത്തിൽനിന്ന് പിന്മാറില്ലെന്ന നിലപാടിലാണ് ദ്വീപ് നിവാസികൾ. കോടികൾ ചെലവിട്ടു നിർമിച്ച ബ്രേക്ക് വാട്ടർ സംവിധാനം നോക്കുകുത്തിയാക്കുന്ന ഉദ്യോഗസ്ഥ നിലപാടിനെതിരെ സമരം കടുപ്പിക്കാനാണ് ആന്ത്രോത്തുകാരുടെ തീരുമാനം.