യുഎസ് മുങ്ങിക്കപ്പൽ കൂട്ടിയിടിച്ചതിൽ ചൈനയ്ക്കു പങ്കില്ല; ഒഴുകിയെത്തിയ ദുരൂഹത

Image/Twitter

രാജ്യാന്തര മേഖലയിൽ വാർത്താപ്രാധാന്യം നേടിയ ഒരു സംഭവമായിരുന്നു യുഎസ്എസ് കണക്റ്റിക്കറ്റിന്റെ കൂട്ടിയിടി. സീവൂൾഫ് ക്ലാസ് വിഭാഗത്തിൽ ഉൾപ്പെട്ട അതിവേഗ ആക്രമണം നടത്തുന്ന ആണവ മുങ്ങിക്കപ്പൽ ആയിരുന്നു അപകടത്തിൽപ്പെട്ടത്. തെക്കൻ ചൈനാക്കടലിൽ കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ചൈനയുടെ സമീപമുള്ള കടലായ തെക്കൻ ചൈനക്കടലിലായിരുന്നു സംഭവമെന്നത് ഗൗരവം വർധിപ്പിച്ചു. 

ചൈനയുടെ പങ്ക് സംശയിക്കപ്പെടുകയും തെക്കൻ ചൈന കടലിൽ യുഎസ് കുറച്ചു നാളുകളായി പുലർത്തുന്ന സ്ഥിരം സാന്നിധ്യത്തിൽ രോഷാകുലരായ ചൈന നടത്തിയ പ്രതികാര നടപടിയാണെന്ന മട്ടിൽ ആരോപണങ്ങൾ ഉയരുകയും ചെയ്തിരുന്നു. ചൈന ഇക്കാര്യങ്ങൾ നിഷേധിക്കാതിരുന്നതും സംശയം കൂട്ടി. ചൈനയുടെ മറ്റൊരു അന്തർ വാഹിനിയാണ് കണക്റ്റിക്കറ്റുമായി കൂട്ടിയിടിച്ചതെന്നും ചിലർ വാദം ഉയർത്തിയിരുന്നു. 

എന്നാൽ ദുരൂഹതകൾ അവസാനിപ്പിച്ച് സത്യാവസ്ഥ വെളിപ്പെടുത്തി യുഎസ് നാവിക സേന തന്നെ രംഗത്തെത്തി. കൂട്ടിയിടിച്ചത് കടലിനുള്ളിലെ മലയിൽ ആണെന്നാണ് അധികൃതർ വ്യക്തമാക്കി. മറ്റ് അന്തർവാഹിനികൾ ഒന്നും സംഭവത്തിൽ ഉൾപ്പെട്ടിട്ടില്ലെന്നും യുഎസ് റിപ്പോർട്ട്‌ വ്യക്തമായി പറയുന്നു.

അപകടത്തെ തുടർന്ന് 11 യാത്രികർക്ക് പരുക്ക് പറ്റിയിരുന്നു. തുടർന്ന് തകരാറിലായ മുങ്ങിക്കപ്പലിനെ പസിഫിക്കിലെ യുഎസിന്റെ നാവിക സ്റ്റേഷനായ ഗുവാമിലെത്തിക്കുകയും അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തു.

ഇത് ആദ്യമായല്ല യുഎസ് കപ്പലുകൾ മഞ്ഞ് മലയിൽ ഇടിക്കുന്നത്. 2005ൽ യുഎസ്എസ് സാൻ ഫ്രാൻസിസ്കോ എന്ന മുങ്ങിക്കപ്പൽ ഗുവാമിന് സമീപമുള്ള അജ്ഞാത കടൽ മലയിൽ ഇടിച്ചു. 30 നോട്ട് വേഗത്തിൽ പോകുകയായിരുന്ന കപ്പലിലെ 137 യാത്രികർക്കും ചെറുതും വലുതുമായ പരുക്ക് പറ്റി. ഒരു യാത്രികൻ അന്തരിക്കുകയും ചെയ്തു.