'നീയും നിന്റൊരു ഐഎഎസ്സും'; കലക്ടർ അനുപമക്കുള്ള പൊങ്കാല വഴിമാറി 'മേരി'ക്ക്

തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ടിൽ അധിക്ഷേപ കമന്റുകൾ കണ്ട് അന്തംവിട്ടിരിക്കുകയാണ് നടി അനുപമ പരമേശ്വരൻ. കലക്ടർ ടി വി അനുപമയ്ക്കുള്ള പൊങ്കാലയാണ് വഴിതെറ്റി അനുപമക്ക് വന്നുചേർന്നത്. 

സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചതിലുള്ള പ്രതിഷേധമായാണ് പൊങ്കാല. അനുപമ എന്ന് പേര് മാത്രം ശ്രദ്ധിച്ച ആരോ ഒരാള്‍ ആദ്യ കമന്റിട്ടു. പിന്നാലെ നിരവധിയാളുകൾ ഇത് കലക്ടർ അനുപമയെന്ന് കരുതി ഇതേറ്റുപിടിച്ചു. പേജ് മാറിപ്പോയതാണെന്ന് അറിഞ്ഞിട്ടും ചിലർ മനപ്പൂർവ്വം കമന്റുകളിടുന്നുണ്ട്. കമന്റുകൾക്കൊപ്പം ട്രോളുകളുമുണ്ട്. 

അതേസമയം അനുപമയുടെ ഔദ്യോഗിക പേജിലും സൈബര്‍ ആക്രമണം നടക്കുന്നുണ്ട്. ശരണം വിളികളുമായിട്ടാണ് ബിജെപി പ്രവർത്തകരുടെ കമന്റുകൾ, കലക്ടറെ അഹസിക്കാനും ക്രിസ്ത്യൻ എന്നു വരുത്തി തീർത്തുള്ള കമന്റുകളും പേജിൽ സജീവമാണ്. ഇതിനൊപ്പം കലക്ടർ ചട്ടം മറികടന്ന് ഒന്നും ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സജീവ പിന്തുണയുമായി ഒട്ടേറെ പേർ രംഗത്തെത്തിയിട്ടുണ്ട്.

തൃശൂര്‍ എന്‍.ഡി.എ കണ്‍വന്‍ഷനില്‍ അയ്യപ്പന്‍റെ പേരില്‍ വോട്ടു ചോദിച്ചെന്നു കാട്ടി ജില്ലാ കലക്ടർ ടി.വി അനുപമ ഐഎഎസ് സുരേഷ് ഗോപിക്ക് നോട്ടിസ് നല്‍കിയിരുന്നു. ഇത് വിവാദമായതോടെയാണ് സൈബർ ഇടങ്ങളിലെ പ്രതിഷേധം. സംഘപരിവാർ ഗ്രൂപ്പുകളിൽ അനുപമ ക്രിസ്ത്യൻ ആണെന്ന് പറഞ്ഞ് പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.