അനുപമ പടിയിറങ്ങി; ചുവപ്പുനാടയില്‍ കുടുങ്ങാത്ത ഫയലുകള്‍; ഇനി മസൂറിയിലേക്ക്; വിഡിയോ

ഒാരോ ഫയലും ഒന്നിലേറെ ജീവിതങ്ങളാണെന്ന് തെളിയിച്ചാണ് തൃശൂരിന്റെ പ്രിയ കലക്ടര്‍ ടി. വി അനുപമ പഠനത്തിനായി മസൂറിയിലേക്ക് പോകുന്നത്. ഹൃദയം നിറഞ്ഞ യാത്രയാണ് തൃശൂര്‍ കലക്ടര്‍ക്ക് നല്‍കിയത്.  ഐഎഎസ് എന്ന പദവി കൊണ്ട് സാധാരണക്കാരന് പ്രയോജനമാകുന്ന കാര്യങ്ങളെല്ലാം കലക്ടറായിരുന്ന ഒാരോ മണിക്കൂറും അനുപമ ചെയ്തു. മുന്നിലെത്തുന്ന ഫയലുകള്‍ എത്രയും വേഗം അനുപമ തീര്‍പ്പാക്കും. എത്ര തിരക്കുണ്ടായാലും  തന്റെ ഒരു നോട്ടത്തിനും ഒപ്പിനുമായി ഇരിക്കുന്ന ഫയലുകൾ മാറ്റിവയ്ക്കുന്ന പതിവ് അനുപമക്കില്ലായിരുന്നു. സ്ഥാനമൊഴിയുന്ന ഇന്നലെയും വ്യക്തതയ്ക്കും പരിശോധനയ്ക്കുമായി മാറ്റിവയ്ക്കേണ്ടി വന്ന ഫയലുകൾ നോക്കി തീർക്കുന്ന തിരക്കിലായിരുന്നു ഇൗ ജനകീയ കലക്ടർ.

പ്രളയദുരിതാശ്വാസ സഹായം തേടിയുള്ള അപ്പീൽ അപേക്ഷകളിൽ വ്യക്തമായ നിർദേശം ഉദ്യോഗസ്ഥർക്കു നൽകി. ഇതോടൊപ്പം വിവിധ ആവശ്യങ്ങളുമായി എത്തിയ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി.  തൃശൂർ കലക്ടറുടെ ഔദ്യോഗിക ചുമതലയിൽ നിന്നു സ്ഥാനമൊഴിയുന്ന ദിവസം അഞ്ചിലധികം യോഗങ്ങളിലാണ് അനുപമ പങ്കെടുത്തത്. 2018 ജൂണിലാണ് ടി.വി.അനുപമ ജില്ലാ കലക്ടറായെത്തുന്നത്.  സിവിൽ സർവീസുകാർ 8 വർഷം പൂർത്തിയാക്കിയാൽ  ഉത്തരാഖണ്ഡിലെ മസൂറിയിൽ ഒരു മാസത്തെ പരിശീലനം നിർബന്ധമാണ്. ഇതിനാണ് അവധിയിൽ പോകുന്നതെന്നാണ്ഔദ്യോഗിക വിശദീകരണം. 

ഒരു വർഷത്തിനുള്ളിൽ  തൃശൂർ ജില്ലാ കലക്ടർ എന്ന നിലയിൽ നിർണായകമായ പല ഘട്ടങ്ങളും നേരിട്ട‌തിനു ശേഷമാണ് ടി.വി.അനുപമ ജില്ല വിടുന്നത്.  പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ശ്രദ്ധാ കേന്ദ്രമായതിനു പിന്നാലെ ജില്ലയിലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്കും വോട്ടിങ്ങിനും ചുക്കാൻ പിടിച്ചതും അനുപമയാണ്. ഓഖി ദുരിതത്തെത്തുടർന്നു കടൽക്ഷോഭം രൂക്ഷമായ തീരദേശവാസികളുടെ പ്രതിഷേധം തണുപ്പിച്ചതിൽ നിന്നാണ് ജില്ലയിലെ പ്രവർത്തനം തുടങ്ങുന്നത്. തുടർന്ന് പ്രളയത്തിലും പ്രളദുരിതാശ്വാസത്തിലും  സജീവ പ്രവർത്തനം. തിരഞ്ഞെടുപ്പ് ചട്ടലംഘനത്തിനു എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപിക്കു നോട്ടിസ് നൽകി സൈബർ ആക്രമണം നേരിടേണ്ടി വന്നെങ്കിലും തീരുമാനത്തിൽ ഉറച്ചുനിന്നു. 

തൃശൂർ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിലും കലക്ടർ അനുപമയുടെ തീരുമാനം നിർണായകമായി. ഇതിനിടയിൽ മാന്ദാമംഗലം പള്ളി തർക്കവും, മലയോര കർഷകരുടെ പട്ടയ തർക്കവും രമ്യമായി പരിഹരിച്ചു. പ്രളയാനന്തര സഹായത്തിന് അപേക്ഷ നൽകിയ ഫയലുകളിൽ സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കണമെന്ന നിർദേശം നൽകിയാണ് അനുപമ ഔദ്യോഗിക രംഗത്തു നിന്നു പടിയിറങ്ങിയത്.