പറന്നിറങ്ങി മോദി; അനുപമയ്ക്കൊപ്പം കൈകൊടുത്ത് യതീഷ് ചന്ദ്ര; ചിത്രം വൈറൽ

‘ഒരെല്ല് കൂടുതലാണ് എനിക്ക്’ എന്ന് സിനിമയിൽ നായകനായ കലക്ടറും പൊലീസുകാരും പറയുമ്പോൾ മലയാളി ആവേശം കൊണ്ട് കയ്യടിച്ചിട്ടുണ്ട്. ജീവിതത്തിൽ അങ്ങനെ തന്നെയുള്ള കുറച്ച് യുവ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ പിന്നാലെയാണ് എപ്പോഴും സൈബർ ലോകം. ഇക്കൂട്ടത്തിൽ സൂപ്പർ ഹീറോയാണ് യതീഷ് ചന്ദ്ര ഐ.പി.എസ്. ശബരിമല വിഷയത്തിലും വൈപ്പിൻ വിഷയത്തിലും അദ്ദേഹം വിവാദത്തിൽ നിറഞ്ഞിരുന്നു. കേന്ദ്രമന്ത്രിയെ വരെ തടഞ്ഞ സംഭവം വലിയ വിവാദത്തിലേക്ക് നയിച്ചിരുന്നു. പിന്നീട് തൃശൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അദ്ദേഹം ഗൗനിച്ചില്ല എന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ വാർത്തകൾ സൈബർ ലോകത്ത് പ്രചരിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ വൈറലാകുന്നത് യതീഷ് ചന്ദ്രയും മോദിയും ഒരുമിച്ചുള്ള ചിത്രമാണ്. 

ഗുരുവായൂർ സന്ദർശനത്തിനായി തൃശൂരിലെത്തിയ പ്രധാനമന്ത്രിയെ യതീഷ് ചന്ദ്ര സ്വീകരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. ഹെലികോപ്റ്ററിൽ വന്നിറങ്ങിയ പ്രധാനമന്ത്രിയെ കൈ കൊടുത്ത് സ്വീകരിക്കുകയാണ് അദ്ദേഹം. കലക്ടർ അനുപമയെയും സമീപത്ത് കാണാം. തൃശൂർ സിറ്റി പൊലീസ് എന്ന ഫെയ്സ്ബുക്ക് പേജിന്റെ കവർ ഫോട്ടോയായും ഇൗ ചിത്രം മാറിയിട്ടുണ്ട്. എന്നാൽ ഇത് ഒൗദ്യോഗിക പേജല്ല. മുൻപ് ശബരിമല ദർശനത്തിന്  നിലയ്ക്കലില്‍ എത്തിയ  കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. 

ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്‍ എസ്.പിയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും എസ്.പി മറുപടി നല്‍കി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എൻ രാധാകൃഷ്ണൻ താക്കീത് നൽകിയിരുന്നു.