വടക്കനാട് കൊമ്പന്‍ നല്ലനടപ്പിൽ; ശാന്തനും പൂര്‍ണ ആരോഗ്യവാനും

വനംവകുപ്പ് മയക്കുവെടിവച്ച് പിടികൂടിയ വടക്കനാട് കൊമ്പന്‍ ബത്തേരി ആനപ്പന്തിയില്‍ നല്ലനടപ്പില്‍. വടക്കനാട് മേഖലയില്‍ നാശംവിതച്ച ആന ഇപ്പോള്‍ ശാന്തനും പൂര്‍ണ ആരോഗ്യവാനുമാണെന്ന് വനംവകുപ്പ് അറിയിച്ചു. 

ജനവാസ കേന്ദ്രങ്ങളിലെത്തിയരുന്ന വടക്കനാട് കൊമ്പന്റെ ഇഷ്ടഭക്ഷണങ്ങള്‍ നാട്ടുകാര്‍ കഷ്ടപ്പെട്ടുണ്ടാക്കിയ വിളവായിരുന്നു.എല്ലാം തകര്‍ത്തു തരിപ്പാണമാക്കിയ ശേഷം വനത്തിലേക്ക് മടങ്ങുന്നതായിരുന്നു പതിവ്.പരമ്പരാഗതരീതിയില്‍ മരത്തടികള് ചേര്‍ത്തുവെച്ചൊരു ആനക്കൊട്ടിലാണ് ഇപ്പോള്‍ വടക്കനാട് കൊമ്പന്‍.

ശാന്തനും ആരോഗ്യവാനുമാണെന്നും അധികൃതര്‍ അറിയിച്ചു. കാട്ടിലെ മരച്ചില്ലകളും പുല്ലുമാണ് ഭക്ഷണം. ഇണങ്ങിക്കഴിഞ്ഞാല്‍ മാത്രമേ മറ്റ് ഭക്ഷണം നല്‍കൂ.ആനയുടെ അടുത്തേക്ക് പോകുന്നതില്‍ കര്‍ശന നിയന്ത്രണമുണ്ട്. 

ഇണങ്ങുന്നതുവരെ കൂട്ടില്‍പാര്‍പ്പിക്കും. പിന്നീട് അര്‍ധവന്യാവസ്ഥയില്‍ സംരക്ഷിക്കും. കാട്ടനാകളെ മെരുക്കാനുള്ള കുങ്കിയാനയാക്കി മാറ്റാനും സാധ്യതയുണ്ട്. ഇക്കാര്യത്തില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അന്തിമ തീരുമാനമെടുക്കും.കൊമ്പനെ പിടികൂടിയെങ്കിലും വന്യമൃഗശല്യത്തിന് ശാശ്വതമായ പരിഹാരം കാണമെന്നാണ് വടക്കനാട്ടുകാരുടെ ആവശ്യം.

വനാതിര്‍ത്തികളില്‍ കന്‍മതിലും റെയില്‍ ഫെന്‍സിങും നിര്‍മ്മിക്കണമെന്നായിരുന്നു പ്രധാനപ്പെട്ട ആവശ്യം.വടക്കനാട് മേഖലയില്‍ നാലരക്കിലോമീറ്റര്‍ ദൂരത്തില്‍ മാങ്കുളം മോഡല്‍ വന്യമൃഗപ്രതിരോധമാര്‍ഗം നടപ്പിലാക്കാന്‍ ഉത്തരവായിട്ടുണ്ട്.ഇതിന്റെ ജോലി ഉടന്‍ ആംഭിക്കണമെന്നും വടക്കാ‌നാടിന് മൊത്തം ഈ പരിരക്ഷ ഉറപ്പുവരുത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.