രാത്രി സ്കൂൾബാഗും കയ്യിൽ സഞ്ചിയുമായി ആറാംക്ലാസുകാരൻ; ചേർത്ത് പിടിച്ച് പൊലീസും; കുറിപ്പ്

രാത്രി ഏഴുമണിക്ക് സ്കൂൾ ബാഗും ധരിച്ച് കയ്യിൽ സഞ്ചിയുമായി ഒരു വിദ്യാർഥി. ഒറ്റനോട്ടത്തിൽ തന്നെ ആരും ശ്രദ്ധിച്ചുപോകും അവനെ. കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ നിന്നിരുന്ന ആ വിദ്യാർഥിയെ സമീപം നിന്നിരുന്ന പൊലീസുകാരുടെ ശ്രദ്ധയിലും പെട്ടു. അടുത്തുവിളിച്ച് കാര്യങ്ങൾ ചോദിച്ചപ്പോഴാണ് പൊള്ളിക്കുന്ന ജീവിതഭാരവുമായിട്ടാണ് ആറാം ക്ലാസുകാരൻ രാത്രി ബസ് കാത്തുനിന്നതെന്ന് പൊലീസിന് മനസിലായി. ഇന്നലെ രാത്രി നടന്ന സംഭവങ്ങളെ സതീശൻ എന്ന വ്യക്തി ഫെയ്സ്ബുക്കിൽക്കുറിച്ചപ്പോൾ, ആ പൊള്ളിക്കുന്ന ജീവിതാനുഭവത്തിനും പൊലീസ് അവനോട് കാണിച്ച കാരുണ്യത്തിനും ആയിരങ്ങളുടെ ലൈക്കും ഷെയറും.  

ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം:

കാഞ്ഞങ്ങാട് പൊലീസിന് ഒരു ബിഗ് സല്യൂട്ട്. ഇന്നലെ സന്ധ്യക്ക് 7 മണിക്ക് കാഞ്ഞങ്ങാട് ബസ് സ്റ്റാന്റിൽ സ്കൂൾ ബാഗും, കൈയ്യിൽ ഒരു സഞ്ചിയും തൂക്കി ഒരു സ്കൂൾ വിദ്യാർഥി നിൽക്കുന്നത് പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. അവർ കുട്ടിയുടെ അടുത്ത് എത്തി കാര്യങ്ങൾ തിരക്കി. അവന്റെ ഉമ്മ ജില്ലാ ആശുപത്രിയിൽ അഡ്മിറ്റ് ആണെന്നും കൂട്ടിരിക്കാൻ പോകുകയാണെന്നുമാണ് പറഞ്ഞത്.

വാപ്പയില്ലേ എന്ന് ചോദിച്ചപ്പോൾ വാപ്പ നമ്മളെ ഉപേക്ഷിച്ച് പോയി എന്ന് പറഞ്ഞു. വേറേ വീട്ടീൽ ആരാണ് ഉള്ളത് എന്ന ചോദ്യത്തിന് പെങ്ങൾ ഉണ്ടെന്ന് അവൻ പറഞ്ഞു. അവനെ പോലീസുകാർ സ്നേഹപൂർവ്വം പൊലീസ് എയ്ഡ് പോസ്റ്റിനടുത്ത് വിളിച്ച് എത്രാം ക്ലാസിലാണ് പഠിക്കുന്നത് എന്നും അവന്റെ അഡ്രസ്സും വാങ്ങി. ആറാം ക്ലാസിലാണ് അവൻ പഠിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. പിന്നെ അവർ അവനെ ബൈക്കിൽ ജില്ലാശുപത്രിയിൽ കൊണ്ട് വിടാനും അവന്റെ ഉമ്മയുടെ കാര്യങ്ങൾ അറിയാനും വേണ്ടി ജില്ലാ ആശുപത്രിയിൽ പോയി. നമ്മൾ പൊലീസുകാരുടെ കുറ്റങ്ങൾ മാത്രം കാണുന്നവരാണ് അതിനടയിൽ ഇതുപോലുള്ള കാര്യങ്ങൾ ആരുടെയും ശ്രദ്ധയിൽപ്പെടാറില്ല.