കെഎസ്ആർടിസിയുടെ കല്ല്യാണവണ്ടി; ഇൗ ബസിലെ 7 കണ്ടക്ടർമാർക്ക് സഖിയായത് യാത്രക്കാരികൾ

പ്രണയം എപ്പോൾ എവിടെ മുളപ്പൊട്ടുെമന്ന് ആർക്കും പറയാൻ പറ്റില്ല. സിനിമയിലും ജീവിതത്തിലും ആദ്യക്കാഴ്ചയക്ക് അരങ്ങാവുക പലപ്പോഴും യാത്രകളാണ്. അത്തരത്തിൽ മൂന്നാർ ഡിപ്പോയിൽ ഒട്ടേറെ പ്രണയങ്ങൾക്ക് ഡബിൾ ബെല്ല് കൊടുത്ത കെഎസ്ആർടിസി ബസ് വീണ്ടും സർ‌വീസ് ആരംഭിച്ചത് സോഷ്യൽ ലോകവും ഏറ്റെടുത്തിരിക്കുകയാണ്. ബസിൽ ജോലിക്കെത്തിയ എഴു കണ്ടക്ടർമാർക്ക്  ജീവിത സഖികളെ കണ്ടെത്തിയത് ഇൗ ബസിനുള്ളിലാണ്.

ഇത് പലകുറി ആവർത്തിച്ചതോടെ ബസിന് നാട്ടുകാർ പേരുമിട്ടു. ‘കല്യാണ വണ്ടി’.  എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനെ തുടർന്ന് മുടങ്ങിക്കിടന്ന മൂന്നാർ - കുയിലിമല സർവീസായ കെഎസ്ആർടിസിയുടെ ‘കല്യാണ വണ്ടി’ ആണ് മാസങ്ങൾക്കു ശേഷമാണ് സർവീസ് പുനരാരംഭിച്ചത്. ഇതു ജോലിക്കാർ ഉൾപ്പെടെയുള്ള ഒട്ടേറെ യാത്രക്കാർക്കു ആശ്വാസ വാർത്തയായി. മൂന്നാർ ഡിപ്പോയിൽ നിന്ന് എംപാനൽ പട്ടികയിൽ പെട്ട 41 കണ്ടക്ടർമാരെയാണ് പിരിച്ചുവിട്ടത്. പുതുതായി പിഎസ്‌സി വഴി ചാർജ് എടുത്തത് 7 പേർ മാത്രമാണ്.

ഈ ബസിൽ പലപ്പോഴായി കണ്ടക്ടർമാരായി വന്ന എഴുപേർ തങ്ങളുടെ ജീവിതസഖികളെ കണ്ടെത്തിയത് ഇതേ ബസിലെ യാത്രക്കാരിൽ നിന്നായപ്പോൾ നാട്ടുകാർ ഇട്ട പേരാണ് കല്യാണവണ്ടി. 2002 ലാണ് മൂന്നാർ ഡിപ്പോയിൽ നിന്ന് ഇടുക്കി കലക്ടറേറ്റ് സ്ഥിതിചെയ്യുന്ന കുയിലിമലയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചത്. 16 വർഷം മുൻപ് ആയിരുന്നു ബസിലെ ആദ്യത്തെ പ്രണയവും കല്യാണവും. ബസിലെ കണ്ടക്ടറായി വന്ന മൂവാറ്റുപുഴ സ്വദേശി രാജു ബസിൽ സ്ഥിരമായി യാത്രചെയ്തിരുന്ന മുരിക്കാശ്ശേരി പാവനാത്മാ കോളജിലെ വിദ്യാർഥിനി സിജിയുമായി പ്രണയത്തിലായി. വിവാഹത്തിലെത്തി ഇൗ പ്രണയം. ഈ ബസിൽ നിന്ന് രണ്ടാമത്തെ ജീവിതസഖിയെ കണ്ടെത്തുന്നത് നോർത്ത് പറവൂരുകാരൻ ഉമേഷാണ്. ചിന്നാറിൽ നിന്ന് അടിമാലിയിൽ പഠിക്കാൻ പോയിരുന്ന ചിത്ര ഈ ബസിലെ യാത്രക്കാരിയായിരുന്നു. ആ കണ്ടുമുട്ടൽ പ്രണയത്തിലും ഒടുവിൽ വിവാഹത്തിലുമെത്തി.  

തടിയമ്പാട് കർഷക ക്ഷേമനിധി ഓഫിസിലെ ജീവനക്കാരിയായിരുന്നു ഷെമീറ. ബസിലെ കണ്ടക്ടറായിരുന്ന രാജേഷുമായി പ്രണയത്തിലായി. മൊബൈൽ ഫോൺ വഴിയായിരുന്നു ഇവരുടെ പ്രണയം. രണ്ടു സമുദായത്തിൽ പെട്ടവരായിരുന്നതിനാൽ വീട്ടുകാർ എതിർത്തു. ഒടുവിൽ 2012 ജനുവരി 19ന് ഷെമീറയെ വീട്ടിൽ നിന്ന് വിളിച്ചിറക്കി കൊണ്ടുവന്ന് റജിസ്റ്റർ ചെയ്തു. കല്ലാർകുട്ടിക്കു സമീപം അഞ്ചാംമൈലിൽ നിന്ന് 11 പെൺകുട്ടികൾ മുരിക്കാശ്ശേരി പാവനാത്മാ കോളജിലേക്ക് ബസിൽ കയറുമായിരുന്നു. എല്ലാവരുടെയും ടിക്കറ്റുകൾ രേഷ്മ എന്ന കുട്ടിയാണ് എ​ടുത്തിരുന്നത്. കൗതുകത്തിന് രേഷ്മയുമായി കണ്ടക്ടർ സിജോമോൻ സംസാരം തുടങ്ങി. ഇതു പ്രണയമായി. വീട്ടുകാരുടെ കടുത്ത എതിർപ്പിനെ അവഗണിച്ച് 4 വർഷത്തിനു ശേഷം വിവാഹിതരായി.  

മുരിക്കാശ്ശേരി സ്വദേശി ശ്രീജിത്ത് വിവാഹം കഴിച്ചതും ഈ ബസിലെ സ്ഥിരം യാത്രക്കാരിയെ ആയിരുന്നു. തോക്കുപാറയിൽ നിന്ന് ബസിൽ കയറി അടിമാലിയിൽ ഇറങ്ങുന്ന ആതിര. 2015 ൽ ആയിരുന്നു ഇവരുടെ വിവാഹം. 2 കണ്ടക്ടർമാർ കൂടിയുണ്ട് ഇതേ ബസിൽ കണ്ടുമുട്ടി വിവാഹ ജീവിതത്തിലേക്ക് കടന്നവരിൽ.   ഇതിൽ ശ്രീജിത്തും രാജേഷും സിജോമോനും എംപാനൽ കണ്ടക്ടർമാർ ആയിരുന്നു. 11 വർഷം പൂർത്തിയാക്കിയ ഇവരും പിരിച്ചുവിടപ്പെട്ട കണ്ടക്ടർമാരുടെ പട്ടികയിൽ പെടുന്നു. കണ്ടക്ടർമാരുടെ കഥ ഇങ്ങനെയാണെങ്കിൽ ഇൗ ബസിൽ നിന്നും പ്രണയം കൈപിടിച്ച യാത്രക്കാരുടെ പട്ടിക എത്രത്തോളമാകുമെന്ന് ഉൗഹിക്കാൻ കഴിയില്ലെന്നാണ് ചിലരുടെ കമന്റുകൾ.