പട്ടികജാതി ഓഫിസിലെ ഉദ്യോഗസ്ഥയെ വിറപ്പിച്ചു; മടങ്ങുമ്പോൾ കബാലി മ്യൂസിക്; കുറിപ്പ്

മുന്നോക്കക്കാരിലെ സാമ്പത്തിക സംവരണം നടപ്പാക്കുക എന്ന ആവശ്യത്തിന് സംശയയേതുമില്ലാതെയാണ് ഭൂരിപക്ഷ രാഷ്ട്രീയ പാർട്ടികളും നിലപാട് എടുത്തത്. ഭരണഘടനയെ മറികടന്ന് വെറും മൂന്ന് ദിവസം കൊണ്ട് കേന്ദ്ര സര്‍ക്കാർ രണ്ട് സഭകളിലും നിയമം പാസാക്കിയെടുക്കുകയും ചെയ്തു. 

 ഭരണഘടന അനുശാസിച്ച രീതിയില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് സാമൂഹികമായ ഉന്നതി ലഭ്യമാക്കാന്‍ രാജ്യത്തെ സംവരണസംവിധാനങ്ങള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. പതിറ്റാണ്ടുകള്‍ സംവരണം നല്‍കിയിട്ടും എന്തുകൊണ്ടാണ് സാമൂഹികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പ്രാതിനിധ്യം നഷ്ടപ്പെടുന്നുവെന്ന ചോദ്യമുയർത്തിയ അരവിന്ദ് എന്ന യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റാണ് ഇപ്പോൾ  സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. 

രണ്ട് സ്കോളര്‍ഷിപ്പുകളാണ് കേരളത്തിനകത്തും പുറത്തും ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാര്‍ത്ഥികള്‍ക്കായുള്ളത്. ഒന്ന് ഗവ.ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പും രണ്ടാമത്തേത് ഗവ. ഓഫ് കേരള സ്കോളര്‍ഷിപ്പും. ഇതില്‍ ഗവ.ഓഫ് ഇന്ത്യ സ്കോളര്‍ഷിപ്പിന് 2.5 ലക്ഷം രൂപയാണ് വാര്‍ഷിക വരുമാന പരിധി. ഗവ. ഓഫ് കേരള സ്കോളര്‍ഷിപ്പ് ലഭിക്കണമെങ്കില്‍ കേരളത്തിന് പുറത്ത് പഠിക്കുന്ന കോഴ്‍സുകള്‍ കേരളത്തിനകത്ത് ലഭ്യമാകരുമെന്നാണ് നിയമം. ഈ നിയമത്തിലെ പഴുതുപയോഗിച്ച് പട്ടികജാതി വകുപ്പിലെ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളുടെ പഠനം നിഷേധിക്കുന്നതെങ്ങനെയെന്നാണ്  അരവിന്ദ് തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ വിവരിക്കുന്നത്.

പൂർണരൂപം

എന്റെ സ്കോളർഷിപ് തടഞ്ഞു വച്ചതുമായി ബന്ധപ്പെട്ടു ഇന്നലെ പട്ടിക ജാതിക്കമ്മീഷൻ വച്ച സിറ്റിങ്ങിനെക്കുറിച്ചു. അതായതു രണ്ടു തരത്തിലുള്ള സ്കോളർഷിപ് പദ്ധതികളാണ് കേരളത്തിന് പുറത്തു ഉപരിപഠനം നടത്തുന്ന ദളിത് വിദ്യാർത്ഥികൾക്കായി ഉള്ളത്. രണ്ടു സ്കോളര്ഷിപ്പ് അനുസരിച്ചും മുഴുവൻ ഫീസ് തുകയും (അക്കാഡമിക് ഫീസും മെസ് ഫീസും അടക്കം)സ്കോളർഷിപ്പ് ആയി അനുവദിക്കണം.

ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പും ഗവ ഓഫ് കേരള സ്കോളർഷിപ്പും. ഇതിൽ ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പിന് 2.5 ലക്ഷം വാർഷിക വരുമാനമുള്ള കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ അർഹരല്ല. ഗവ ഓഫ് കേരള സ്കോളര്ഷിപ് ലഭിക്കണമെങ്കിൽ കേരളത്തിന് പുറത്തു പഠിക്കുന്ന കോഴ്സുകൾ കേരളത്തിന് അകത്തു ലഭ്യമാകരുത്. അങ്ങനെ ലഭ്യമാണെങ്കിൽ ഗവ ഓഫ് കേരളം സ്കോളർഷിപ്പ് ലഭ്യമാകില്ല. ഈ രണ്ടു സ്കോളർഷിപ്പിനും അപേക്ഷിക്കുവാൻ ആകെ ഒരു അപേക്ഷ ഫോം മാത്രമാണ് ലഭ്യമായിട്ടുള്ളത്.

ആകെ ഒരു ഫോം മാത്രമേ ലഭ്യമായിട്ടുള്ളു എന്നുള്ളതുകൊണ്ട് ഏതു സ്കോളർഷിപ്പിനാണ് വിദ്യാർത്ഥി അപേക്ഷിക്കുന്നത് എന്ന് കൃത്യമായി രേഖപ്പെടുത്താൻ കഴിയുകയില്ല. ഭൂരിഭാഗം കുട്ടികൾക്കും ഏതൊക്കെ സ്കോളർഷിപ്പ് ആണ് ലഭ്യമായിട്ടുള്ളത് എന്ന് അറിയില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് ഏതു സ്കോളർഷിപ്പ് ആണ് ലഭ്യമാകേണ്ടത് എന്ന് തീരുമാനിക്കുന്നത് മിക്കവാറും ഈ പട്ടിക ജാതി വികസന വകുപ്പിലെ ഉദ്യോഗസ്ഥരായിരിക്കും.

ദലിത് കുട്ടികളിൽ ഭൂരിഭാഗം ആളുകൾക്കും ഈ രണ്ടു സ്കോളർഷിപ്പിനെക്കുറിച്ചും വ്യക്തമായ ധാരണകളുണ്ടാകില്ല. എങ്ങനെയാണു തൃശൂർ ജില്ലയിലെ സന്ധ്യ എന്ന ഉദ്യോഗസ്ഥയും മറ്റുചില ഉദ്യോഗസ്ഥരും ദളിത് കുട്ടികളോട് വിവേചനം ചെയുന്നത് എന്നാണ് ഇനി ശ്രദ്ധിക്കേണ്ടത്. അതായതു വരുമാന പരിധി രണ്ടര ലക്ഷത്തിനു മുകളിൽ ഉള്ള കുടുംബത്തിൽ നിന്നുള്ള വിദ്യാർത്ഥി ആണെങ്കിൽ സ്വാഭാവികമായും ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പിനായിട്ടായിരിക്കും ആദ്യം ഉദ്യോഗസ്ഥർ അപേക്ഷ പരിഗണിക്കുക. എന്നിട് നിങ്ങൾക്ക് സ്കോളർഷിപ് ലഭിക്കാൻ യോഗ്യതയില്ല എന്ന് ഒരു അറിയിപ്പ് അയക്കും. സത്യത്തിൽ ഇത് ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ്പ് ആണ്. എന്നാൽ ഗവ ഓഫ് കേരളം സ്കോളർഷിപ് എന്ന അടുത്തൊരു ഓപ്ഷൻ അപ്പുറത്തുണ്ടായിരിക്കുമ്പോൾ ആണ് ഇത്. ഇനി അപേക്ഷിക്കുന്ന ആൾ പഠിക്കുന്ന കോഴ്സ് കേരളത്തിൽ പൊതുവിൽ ലഭ്യമാണെന്ന് അവർക്ക് എളുപ്പത്തിൽ മനസിലാകുകയാണെണെങ്കിൽ ആദ്യം സ്കോളർഷിപ് അപേക്ഷ കണക്കാക്കുക ഗവ ഓഫ് കേരളം സ്കോളർഷിപ്പിനായിട്ടായിരിക്കും. എന്നിട്ട് നിങ്ങൾക്ക് സ്കോളർഷിപ്പ് ലഭിക്കാൻ യോഗ്യതയില്ലെന്നു അറിയിപ്പ് അയക്കും, ഗവ ഓഫ് ഇന്ത്യ സ്കോർഷിപ്പ് പരിഗണിക്കാനുള്ള സാധ്യത അപ്പുറത്തുള്ളപ്പോഴാണ് ഈ വിവേചനം.

ഇത്തരത്തിൽ ഏതു സ്കോളർഷിപ്പ് ലഭ്യമാക്കാനാണ് നിയമപരമായി തടസമുള്ളത് എന്ന് നോക്കി അതിന്റെ കൃത്യമായ അറിയിപ്പ് കൊടുക്കുന്ന രീതിയാണ് ഈ ഉദ്യോഗസ്ഥയും മറ്റു ഉദ്യോഗസ്ഥരും ചെയ്തു പോരുന്നത്. രണ്ടു സ്കോളർഷിപ് ഇനത്തിലും മെസ് ഫീസ് അടക്കമുള്ള മുഴുവൻ ഫീസുകളും സ്കോളർഷിപ് തുകയായി അനുവദിക്കണമെന്നതാണ് നിയമം എന്നാൽ മനപ്പൂർവ്വമായി ഒരു വർഷത്തിലധികം കാലതാമസം വരുത്തുക, മെസ് ഫീസ് അനുവദിക്കാൻ കഴിയുകയില്ലെന്നു പറയുക. നമ്മൾ പരാതിയുമായി ചെല്ലുമ്പോൾ സമർപ്പിച്ച മെസ് ഫീസ് അടച്ച രസീതുകൾ മാത്രം പോരെന്നു പറയുക, മെസ് ഫീസ് തെളിയിക്കുന്നതിനായി കൂടുതൽ ഫോമുകൾ ഹോസ്റ്റൽ വിഭാഗങ്ങളിൽ നിന്ന് പൂരിപ്പിച്ചുകൊണ്ടുവരാണ് മടക്കി അയക്കുക എന്നിവയാണ് ഈ ഉദ്യോഗസ്ഥ ചെയുന്ന മറ്റു തടസങ്ങളും വിവേചനങ്ങളും അതിനു മറ്റുള്ള ഉദ്യോഗസ്ഥരും കൂട്ട് നിൽക്കുകയും ചെയ്യും.

എന്നോട് ഇത്രയും ദേഷ്യം വരുവാനും എന്റെ സ്കോളർഷിപ്പ് മാത്രം തുടർച്ചയായി തടയാനും കാരണം ഞാൻ ഈ രണ്ടു സ്കോളര്ഷിപ്പുകളെക്കുറിച്ചും കൃത്യമായി അവരുടെ മുൻപിൽ വെച്ച് സംസാരിക്കുകയും എനിക്ക് അത് ലഭ്യമാകാൻ യോഗ്യതയുണ്ടെന്നു അവരെ ബോധിപ്പിക്കുകയും ചെയ്തു എന്നതാണ്.

എന്റെ സ്കോളർഷിപ് അപേക്ഷ ആദ്യം പരിഗണിച്ചത് ഗവ ഓഫ് കേരളം ആയിട്ടാണ് കാരണം ഞാൻ പഠിക്കുന്ന MA. Sociology കേരളത്തിൽ ലഭ്യമാണെന്ന് എല്ലാവര്ക്കും അറിയുന്നത് പോലെ അവർക്കും അറിയാം. അതുകൊണ്ട് എനിക്ക് സ്കോളർഷിപ് അനുവദിക്കാൻ കഴിയില്ല എന്ന് അവർ ആദ്യം അറിയിപ്പ് അയച്ചു. സ്കോളർഷിപ് ലഭ്യമാകരുത് എന്ന ആഗ്രഹം അവർക്കുണ്ട് എന്ന് നിർബന്ധമായും ഞാൻ സംശയിക്കുന്നു. തുടർന്നാണ് ഞാൻ പരാതിയായി പോകുന്നതും എന്റെ സ്കോളർഷിപ്പ് ഗവ ഓഫ് ഇന്ത്യ ആയി പരിഗണിക്കുന്നതും.

ഇനി ദീക്ഷിതിന്റെ കാര്യത്തിൽ അവർ പരിഗണിച്ചത് ഗവ ഓഫ് ഇന്ത്യ സ്കോളർഷിപ് ആയിട്ടാണ്. കാരണം അവന്റെ കുടുംബ വരുമാന പരിധി രണ്ടരലക്ഷത്തിനു മുകളിൽ ആണ്. അതുകൊണ്ട് അവനും സ്കോളർഷിപ് ലഭ്യമല്ല എന്ന അറിയിപ്പാണ് ലഭ്യമായത്. സത്യത്തിൽ ഈ രണ്ടു സാഹചര്യത്തിലും മറു ഓപ്ഷനുകൾ ഉണ്ടായിരിക്കുമ്പോഴും അത് വഴി സ്കോളർഷിപ്പിന് യോഗ്യതയുള്ളപ്പോഴും ആണ് കേട്ടോ ഈ നടപടികൾ.

സത്യത്തിൽ ഇങ്ങനെ ഒരു വരുമാനപരിധി കേരളം സർക്കാർ അംഗീകരിച്ചിട്ടില്ല എന്ന് ഇന്നലെ സിറ്റിങിനിടയിൽ കമ്മീഷൻ അംഗം അജയകുമാർ(S Ajayakumar) സാർ പറയുമ്പോൾ ആണ് ഞാൻ അറിയുന്നത്. “ഈ വരുമാന പരിധി കേരളം ഗവ അന്ഗീകരിച്ചിട്ടില്ലെന്നു നിങ്ങൾക്ക് അറിയില്ലേ?” എന്ന് അജയകുമാർ സാർ ചോദിച്ചപ്പോൾ സന്ധ്യ എന്ന പട്ടികജാതി വികസവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥ അറിയാം എന്ന് തലയാട്ടി സമ്മതിച്ചതാണ് ഇന്നലെ സിറ്റിങ്ങിൽ ഞാൻ കണ്ടത്. അതായതു അങ്ങനെ ഒരു വരുമാനപരിധി ഇല്ല എന്ന് അവർക്ക് ബോധ്യമുണ്ടായിട്ടാണ് അവർ ദീക്ഷിതിന്റെ സ്കോളർഷിപ് തടയാൻ ശ്രമിച്ചത്.

സ്കോളർഷിപ് ലഭിക്കരുത് എന്ന അവരുടെ താൽപര്യമാണ് ഇത് കാണിക്കുന്നത്. കൃത്യമായും ഏതു സ്കോളർഷിപ്പ് ലഭിക്കാൻ ആണ് നിയമതടസം ആ സ്കോളർഷിപ്പ് ആണ് ആദ്യം ഉദ്യോഗസ്ഥർ പരിഗണിക്കുക. ഇത് കൂടി മനസിലാക്കിയതുകൊണ്ടാണ് ഞാൻ പരാതിയുമായി പട്ടിക ജാതി കമ്മീഷനെ സമീപിച്ചത്.ഇത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്‌നമല്ലെന്നും സ്കോളർഷിപ്പിന് അപേക്ഷിക്കുന്ന മുഴുവൻ വിദ്യാർത്ഥികളെയും ബാധിക്കുന്ന പ്രശ്നമാണെന്നും ബോധ്യപ്പെട്ടു. ഇത് ജാതി വിവേചനം തന്നെയാണ്.

ഇന്നലെ നടന്ന സിറ്റിംഗ് അത്യുജ്വലമായിരുന്നു. സന്ധ്യ എന്ന ഉദ്യോഗസ്ഥ ഹാജരായിരുന്നു. അവരെയും എന്നെയും കോർട്ട് റൂമിൽ വിളിച്ചു. എന്റെ പരാതി വായിച്ച പട്ടിക ജാതി കമ്മീഷൻ അംഗം അജയകുമാർ സാറിന് എന്നെ ഓർമയുണ്ടായിരുന്നു. ഇത് അരവിന്ദ് അല്ലെ എന്നാണ് അദ്ദേഹം മുഖമുയർത്തി എന്നോട് ചോദിച്ചത്. ഞാൻ “അതെ” എന്ന് പറഞ്ഞു. പിന്നെ എനിക്ക് ഓരോ നിമിഷവും കോരിത്തരിപ്പായിരുന്നു. സാർ സന്ധ്യ എന്ന ഉദ്യോഗസ്ഥയോടു സംസാരിക്കുവാൻ തുടങ്ങി.എല്ലാം എനിക്ക് കൃത്യമായി ഓർമയില്ല കേട്ടോ എന്നാലും ഒരിക്കലും മറക്കാത്ത ചിലതുണ്ട്.

"എത്ര തുക സ്കോളർഷിപ് ഇതുവരെ അനുവദിച്ചു?" എന്ന് ഉദ്യോഗസ്ഥയോടു ചോദിച്ചപ്പോൾ അവർക്ക് കൃത്യമായ മറുപടി ഉണ്ടായിരുന്നില്ല. അവർ “സ്കോളർഷിപ് അനുവദിച്ചു” എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു. ഒന്നും കൃത്യമായി വ്യക്തമാകുന്നുണ്ടായിരുന്നില്ല. ഉടനടി സാർ പറഞ്ഞത് "നിങ്ങളുടെ സംസ്കൃതം ഒന്നും ഇവിടെ കേൾക്കണ്ട എന്നാണു". എന്താണ് സാർ അങ്ങനെ പറഞ്ഞത് എന്ന് എനിക്കറിയില്ല പക്ഷെ എനിക്കൊന്നുറപ്പുണ്ട് ജാതി വ്യവസ്ഥ എന്ന പ്രശ്നബാധിതനായ, ബ്രാഹ്മണ്യം എന്ന ശത്രുവിനെ നേരിടേണ്ടതുണ്ട് എന്ന് ബോധ്യമുള്ള ഒരു ദളിതന്റെ വാക്കുകൾ ആയിരുന്നു അത്, അധികാരത്തിൽ ഇരിക്കുന്ന ദളിതന്റെ വാക്കുകൾ... ആ ഉദ്യോഗസ്ഥ ആകെ പതറിപ്പോയി.

"നിങ്ങളുടെ ഡയറക്ടറെ ഞാൻ വിളിച്ചു സംസാരിച്ചിരുന്നു. സ്കോളർഷിപ്പ് ലഭ്യമാകാൻ വേണ്ട എല്ലാകാര്യങ്ങളും ഫൈലിൽ സമർപ്പിച്ചിട്ടുണ്ട് എന്നാണല്ലോ അദ്ദേഹം എന്നോട് പറഞ്ഞത്. എന്നിട്ടും എന്തിനാണ് സ്കോളർഷിപ് തടഞ്ഞിരിക്കുന്നതു?" ചോദ്യങ്ങൾ വന്നപ്പോൾ അവർ മിണ്ടാതെ നിന്നു.

മുൻപ് പട്ടികജാതി വകുപ്പ് ഓഫീസിൽ വെച്ച് "അത് തീരുമാനിക്കുന്നത് നിങ്ങൾ അല്ല" എന്ന് എന്നെ പുച്ഛിച്ച... "എന്തിനാണ് കേരളത്തിന് പുറത്തൊക്കെ പോയി പഠിക്കുന്നത്?" എന്ന് അസഹിഷ്ണുവായി ചോദിച്ച ആ ഉദ്യോഗസ്ഥ മിണ്ടാതെ നില്കുന്നത് കണ്ടപ്പോൾ എനിക്ക് വല്ലാതെ സന്തോഷം തോണി.

സാർ തുടർന്ന് സംസാരിച്ചു “മുൻപും ഒദ്യോഗികമായും അല്ലാതെയും നിങ്ങളെക്കുറിച്ചു പരാതി ലഭിച്ചിട്ടുണ്ട്,പാവപ്പെട്ട പട്ടിക ജാതിയിൽപ്പെട്ട കുട്ടികളുടെ സ്കോളർഷിപ്പ് തടഞ്ഞുവച്ചിട്ട് നിങ്ങൾക്ക് എങ്ങനെ സമാധാനമായിട്ട് ഉറങ്ങാൻ പറ്റുന്നു? എത്രകുട്ടികൾ കേരളത്തിന് പുറത്തു ഹോട്ടലുകളിൽ പാത്രം കഴുകിയും പെട്രോൾ പമ്പിൽ ജോലി ചെയ്തിട്ടും പഠിക്കുന്നുണ്ട് എന്ന് നിങ്ങൾക്ക് അറിയുമോ?” അദ്ദേഹം അത് ചോദിച്ചപ്പോൾ ശരിക്കും പോണ്ടിയിലെ എന്റെ പെട്രോൾ പമ്പ് ജീവിതം ഞാൻ ഓർത്തുപോയി. എത്ര മാത്രം സൂക്ഷമമായിട്ടാണ് നമ്മൾ ദലിതുകൾ പരസ്പരം മനസിലാകുന്നത്.

അദ്ദേഹം ഒരുപാടു കാര്യങ്ങൾ അവരോടു തുടർന്ന് പറഞ്ഞു. അവസാനം ചോദിച്ചു.“അരവിന്ദിന്റെ പരാതി വിജിലൻസ് വകുപ്പിനാണ് കൈ മാറിയിരിക്കുന്നത് അറിയാമല്ലോ? ജോലി തെറിച്ചു പോകും. വെറുതെ ഈ സമയത്തു ഇതൊക്കെ വേണോ? എന്ന് സ്കോളർഷിപ് നൽകും എന്ന് പറയു”.

“ഒരാഴച കൊണ്ട് കൊടുക്കാം സാർ” എന്ന് ഉദ്യോഗസ്ഥ പതുക്കെ പറഞ്ഞു.

“ഒരാഴ്ച്ച കൊണ്ട് സ്കോളർഷിപ്പ് കൊടുത്തു കമ്മീഷനെ റിപ്പോർട്ട് ചെയ്യണം അല്ലെങ്കിൽ നിങ്ങളുടെ നേരെ നടപടി സ്വീകരിക്കുന്നതായിരിക്കും” എന്ന് അദ്ദേഹം മറുപടി പറഞ്ഞു. അങ്ങനെ ചെയാം എന്ന് ഉദ്യോഗസ്ഥയും. വേറെ എന്തെങ്കിലുമുണ്ടോ എന്ന് എന്നോട് സാർ ചോദിച്ചു, മറ്റു രണ്ടു കുട്ടികളുടെ സ്കോളർഷിപ് കൂടി തടഞ്ഞിട്ടുണ്ട് എന്ന് ഞാൻ പറഞ്ഞു. ഇനി ഒരു പരാതി കൂടി ലഭിച്ചാൽ കാര്യങ്ങൾ ഇതുപോലെയായിരിക്കില്ല എന്ന് അദ്ദേഹം ആ ഉദ്യോഗസ്ഥയോടു പറഞ്ഞു. അവർ മറുപടി ഒന്നും പറഞ്ഞില്ല. തലകുനിച്ചു നിന്ന് കേട്ടു.

സത്യത്തിൽ എനിക്കപ്പോൾ അവരോടു പാവം തോന്നി. അങ്ങനെ തോന്നാൻ പാടില്ലാത്തതാണ്. പക്ഷെ ദളിതനാണ് വൈകാരികത കൂടുതലാണ്.രക്ഷയില്ല. എന്താണെന്നു അറിയില്ല. നിസ്സഹായായ അവർക്കെതിരെ ഇനി നടപടിക്ക് പോകേണ്ടെന്നു എനിക്ക് തോന്നി. നമ്മുടെ കുട്ടികളുടെ സ്കോർഷിപ്പ് തടയാൻ പാടില്ലെന്നും ഇനി തടഞ്ഞാൽ പഴയ പോലെ ആകില്ല കാര്യങ്ങൾ എന്നും നമ്മൾ അവരെ മനസിലാക്കി കഴിഞ്ഞു. അത്രമതി. ഒരു സ്ത്രീ എന്ന നിലയിൽ അവരും ഒരു ദലിതൻ എന്ന നിലയിൽ ഞാനും പല സാമൂഹിക പ്രശ്ങ്ങളാൽ ബാധിതരാണെന്നു അവർ ഓർക്കണമായിരുന്നു. 

എന്തായാലും പ്രിയപ്പെട്ട സർക്കാരുദ്യോഗസ്ഥരായ സുഹൃത്തുക്കളെ നിങ്ങൾ നിങ്ങളുടെ സഹപ്രവർത്തകരോട് കാര്യങ്ങൾ പറഞ്ഞു മനസിലാക്കു ദളിതുകൾക്ക് സർക്കാർ നൽകേണ്ടതായ എംപവർമെന്റുകളിൽ നിന്നും വിവേചനം ചെയുന്നതായ പഴയ പരിപാടി ഇനി അങ്ങനെ വക വച്ച് താരാൻ കഴിയാത്ത ഒരു ദളിത് തലമുറ ഇവിടെ വളർന്നു വരുന്നുണ്ടെന്നു... അത്തരത്തിലുള്ള യുവത്വത്തിനു ശക്തി പകരാൻ അജയകുമാർ സാറിനെപോലെയുള്ള ദളിതർ അധികാര സംവിധാനങ്ങളിലുമുണ്ടെന്നു.... അതുകൊണ്ട് കൃത്യമായി കാര്യങ്ങൾ ചെയ്തു ശീലിച്ചോളാൻ.

പിന്നെ മേല്പറഞ്ഞ ഉദ്യോഗസ്ഥ ഇത്തരത്തിൽ വിവേചനപരമായ പെരുമാറിയിട്ടുണ്ട് എന്ന് ഞാൻ പട്ടികജാതി ഡയറക്ടറേറ്റിനെ അറിയിച്ചിരുന്നു. അവർ സിറ്റിംഗ് ഉണ്ടാകും എന്നറിയിച്ചു, തിയതി ഔദ്യോഗിക കത്ത് എത്തുമ്പോൾ അതിൽ ഉണ്ടാകും. എന്റെയും മറ്റുസുഹൃത്തുക്കളുടെയും സ്കോളർഷിപ് തടഞ്ഞുവെച്ചത് എങ്ങനെയാണെന്ന് ഞാൻ ആ സിറ്റിങ്ങിലും തെളിയിക്കും. സ്കോളർഷിപ്പ് ആ സിറ്റിംഗിന് മുൻപ് ലഭിച്ചാൽ അവർക്കെതിരെ നടപടി ഉണ്ടെങ്കിൽ അതിനു തലപര്യമില്ല എന്ന് അറിയിക്കും. സ്ത്രീയാണ് നമ്മളെപ്പോലെ പ്രശ്നങ്ങൾ ഉള്ളവരാണ് അതുകൊണ്ട് മാത്രം.

എന്നാൽ സ്കോളർഷിപ്പ് അതിനു മുൻപ്പ് ലഭിച്ചില്ലെങ്കിൽ നടപടി ഉണ്ടെങ്കിൽ ആയിക്കോട്ടെ എന്ന് വിചാരിക്കും.ഏറ്റവും സന്തോഷമായതു രോഹിതിന്റെ രക്സ്തസാക്ഷിത്വദിനത്തിൽ തന്നെ ആ ഉദ്യോഗസ്ഥയെ വിറപ്പിക്കാൻ സാധിച്ചു എന്നുള്ളതാണ്....💙

എല്ലാം കഴിഞ്ഞിട്ട് അവരുടെ സൈഡിലൂടെ ചിരിച്ചുകൊണ്ട് നടന്നുപോന്നപ്പോൾ അന്തരീക്ഷത്തിൽ എവിടെയോ കബാലിയിലെ മ്യൂസിക് എനിക്ക് കേൾക്കാൻ ഉണ്ടായിരുന്നു.... "ഇനി ഞാൻ ഒരു പരാതി കൂടി ആയിട്ട് മുന്നോട്ട് പോയാൽ കാര്യങ്ങൾ ഈ ഓഫീസിൽ അവസാനിക്കില്ലാ" എന്ന് മാത്രം പറഞ്ഞിട്ടാണ് ഞാൻ അന്ന് പട്ടികജാതി ഓഫീസിൽ നിന്നും ഇറങ്ങുന്നത്. അതിനു ശേഷം അവരെ കാണുന്നത് കമ്മീഷന്റെ കോർട്ട് റൂമിൽ വച്ചിട്ടാണ്. മ്യൂസിക് കേൾകാതിരിക്കുമോ പിന്നെ?

💙