എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ട പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികൾക്ക് വയനാട്ടിൽ ക്യാമ്പ്

വയനാട്ടില്‍ എസ്.എസ്.എല്‍.സി പരീക്ഷയില്‍ പരാജയപ്പെട്ട പട്ടികവര്‍ഗവിഭാഗത്തിലുള്ള കുട്ടികളെ സേ പരീക്ഷയ്ക്ക് സജ്ജരാക്കുകയാണ് റസിഡന്‍ഷ്യല്‍ സ്കൂളുകളിലെ ക്യാമ്പുകള്‍. ഇതാദ്യമായിട്ടാണ് പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മാത്രമായി ഇത്തരം ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ഇത്തവണ  ഒരു പരീക്ഷപോലും എഴുതാത്തവര്‍ക്കും അവസരം കൊടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു. ഇവര്‍ക്കും പ്രത്യേക ക്യാമ്പുകള്‍ ഒരുക്കിയിട്ടുണ്ട്.

തുടര്‍ച്ചയായി മൂന്നാം തവണയും പത്താം ക്ലാസ് വിജയശതമാനത്തില്‍ ഏറ്റവും പിന്നിലാണ് വയനാട് ജില്ല.പഠനനിലവാരം ഉയര്‍ത്താനുള്ള പദ്ധതികളുടെ ഭാഗമായാണ് ക്യാമ്പുകള്‍. 494 പട്ടികവര്‍ഗ വിദ്യാര്‍ഥികളാണ് പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെട്ടത്. രണ്ട് വിഷയങ്ങള്‍ക്ക് പരാജയപ്പെട്ട 176 കുട്ടികള്‍ക്കാണ് ക്യാമ്പുകള്‍. 

വിജയശതമാനം കുറയാതിരിക്കാന്‍ മോശം വിദ്യാഭ്യാസ നിലവാരത്തിലുള്ള കുട്ടികളെ പരീക്ഷ എഴുതിച്ചില്ലെന്ന് ചില സ്കൂളുകള്‍ക്ക് നേരെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒരു പരീക്ഷപോലും എഴുതാത്ത കുട്ടികള്‍ക്ക് വീണ്ടും അവസരം നല്‍കാന്‍ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരുന്നു.

ഇവര്‍ക്കും പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ജില്ലയിലെ വിദഗ്ധരായ അധ്യാപകരാണ് പരിശീലനം നല്‍കുന്നത് .പ്രതിഫലമൊന്നും വാങ്ങാതെയാണ് അധ്യാപകരുടെ സേവനം.മൂന്ന് റസിഡന്‍ഷ്യല്‍ സ്കൂളുകളിലാണ് ക്യാമ്പുകള്‍.