പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ; നിബന്ധനങ്ങളില്‍ മാറ്റം ശുപാര്‍ശ ചെയ്യും

പട്ടികജാതി വികസന കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കുന്നതിന് നിബന്ധനങ്ങളില്‍ മാറ്റം വരുത്താന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് പട്ടികജാതിവര്‍ഗ ക്ഷേമ നിയമസഭാ സമിതി. മൂന്ന് െസന്റ് സ്ഥലം ഉളളവര്‍ക്ക് വായ്പ ലഭിക്കില്ലെന്ന നിബന്ധന ഒഴിവാക്കണം.

പട്ടികജാതിവര്‍ഗ ക്ഷേമ നിയമസഭാ സമിതി ചെയര്‍മാന്‍ ബി സത്യന്‍ എം.എല്‍.എയുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. പട്ടികവിഭാഗത്തിലുളളവരുെട പരാതികള്‍ കേള്‍ക്കുന്നതിനിടെയാണ് വായ്പാപ്രശ്നം സമിതിക്ക് മുന്നിലെത്തിയത്. നിലവില്‍ പട്ടിക ജാതി കോര്‍പ്പറേഷനില്‍ നിന്ന് വായ്പ ലഭിക്കാന്‍ ചുരുങ്ങിയത് നാല് സെന്റ് സ്ഥലമെങ്കിലും വേണം. അതേസമയം നിലവില്‍ ഭൂമിയില്ലാത്ത പട്ടികജാതി വിഭാഗത്തിന് സര്‍ക്കാര്‍് നല്‍കുന്നത് മൂന്ന് സെന്റാണ്. ഇതിന് പരിഹാരം വേണമെന്ന് സമിതി സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കും. മൂന്നു സെന്റ് സ്ഥലമുളളവര്‍ക്കും വായ്പ നല്‍കണം. പത്തുവര്‍ഷത്തിലേറെ പഴക്കമുളളത് ഉള്‍പ്പടെ ഒന്‍പത് പരാതികള്‍ സമിതി തീര്‍പ്പാക്കി. പുതിയതായി ലഭിച്ചത് 18 പരാതികളാണ്. അതേസമയം കൃത്യമായ പരിശോധനയോ പഠനമോ ഇല്ലാതെ ഉദ്യോഗസ്ഥര്‍ തെളിവെടുപ്പിന് ഹാജരാകുന്നത് സമിതിയുടെ നടപടികളെ ബാധിക്കുന്നതായി ചെയര്‍മാന്‍ പറഞ്ഞു.

അട്ടപ്പാടിയിലെ കോട്ടത്തറ കുടിവെളള പദ്ധതിയില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ കാലങ്ങളായിട്ടും സമതിയില്‍ തീരുമാനമായില്ല. മാത്രമല്ല കുറുംബ വിഭാഗത്തിലുളള ആദിവാസികള്‍ക്ക് േകന്ദ്രസര്‍ക്കാരിന്റെ പാക്കേജ് നടപ്പാക്കിയത് സംബന്ധിച്ചും വ്യക്തതയില്ല. തെറ്റായ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ച് ഉദ്യോഗസ്ഥര്‍ സമിതിയെ തെറ്റിധരിപ്പിച്ചതായും ആക്ഷേപമുണ്ട്.