എന്നും ശബ്ദിക്കുന്ന പേജ്; ആക്രമണങ്ങളിലും ഉലയാത്ത ‘ഒറ്റയാൾ’: അണികളുടെ നേതാവ്

പോയവര്‍ഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവരില്‍ ആരാണ് നിങ്ങളുടെ താരം..? സോഷ്യല്‍ സ്റ്റാറിനെ തിരഞ്ഞെടുക്കാനുള്ള മനോരമ ന്യൂസ് ഡോട്ട്കോമിന്‍റെ വോട്ടെടുപ്പ് തുടരുന്നു. ആ 12 പേരില്‍ ഒരാളെ പരിചയപ്പെടാം.

2018ന്‍റെ തുടക്കത്തിൽ തന്നെ വിവാദപരാർശവുമായാണ് വാര്‍ത്താ ഫീഡുകളിൽ വി.ടി.ബൽറാമിന്റെ രംഗപ്രവേശം. ഒളിവിൽ കഴിയുന്ന കാലത്ത് എകെജി ബാലപീഡനം നടത്തിയെന്ന അദ്ദേഹത്തിന്റെ പരാമർശമാണ് വിവാദമായത്. സൈബ‍റിടത്തിനു പുറത്തും പ്രതിഷേധം ശക്തമായിരുന്നു. എന്നാൽ മാപ്പു പറയുകയല്ല, എകെജിയുടെ ജീവചരിത്രവും പത്രവാർത്തയും ഉദ്ധരിച്ച് ആരോപണങ്ങൾ ഒന്നുകൂടി ആവ‌ർത്തിച്ച് വീണ്ടും പ്രസ്താവനയെ ന്യായീകരിക്കുകയാണ് ബൽ‌റാം ചെയ്തത്. എതിരാളികൾ ആ‍ഞ്ഞടിച്ചപ്പോഴൊക്കെ അദ്ദേഹം ശക്തമായി പ്രതിരോധിച്ചു. 

വിവാദം പിന്നെയും കത്തിയപ്പോള്‍ തന്റേത് ഉദാത്ത ഭാഷയൊന്നും ആണെന്ന് അവകാശപ്പെടാനില്ലെന്ന് അണികളോടുള്ള പ്രസംഗത്തിനിടെ ബല്‍റാം പറഞ്ഞു. ഇങ്ങനെയായിരുന്നു ആ വാക്കുകള്‍: അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ചിലര്‍ക്ക് എന്‍റെ അഭിപ്രായത്തോട് വിയോജിക്കാം. ചിലര്‍ക്ക് യോജിപ്പും ഉണ്ടാകാം. അങ്ങനെയൊരു അഭിപ്രായം പറയാന്‍ ഉണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാം. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് എതിരെ നിരന്തരം വ്യക്തിഹത്യകള്‍ തുടരുകയാണ്. കുട്ടിസഖാക്കള്‍ മുതല്‍ സൈബര്‍ പോരാളികള്‍ വരെ. സിപിഎം സംസ്ഥാന സെക്രട്ടറി വരെ നിരന്തരം ആക്ഷേപങ്ങള്‍  ചൊരിയുകയാണ്. നെഹ്റു കുടുംബവും മന്‍മോഹന്‍ സിങ്ങും അതിന് ഇരയാകുന്നു. ഇപ്പോള്‍ നമ്മള്‍ നേരിട്ട് കാണുന്ന ഒരു പാവങ്ങളു‍ടെ പടത്തലവന്‍ ഉണ്ടെങ്കില്‍ ആ ആളായ ഉമ്മന്‍ചാണ്ടി വരെ അതിനികൃഷ്ടമായി വ്യക്തിഹത്യക്ക് ഇരയാകുന്നു. ഈ നിരന്തര ആക്ഷേപങ്ങള്‍ക്ക് മറുപടിയായി അവര്‍ക്ക് മനസ്സിലാകുന്ന അതേ ഭാഷയില്‍ മറുപടി കൊടുത്തു എന്നേയുള്ളൂ. ആ നിലയില്‍ അത് ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. നമുക്കും ആ ഭാഷ വശമുണ്ടെന്ന് നേരിയ നിലയില്‍ ഓര്‍മിപ്പിച്ചു എന്നുമാത്രം.

മുൻ വർഷങ്ങളിലേതു പോലെ തന്നെ പോയ വർഷവും നവമാധ്യമങ്ങളിൽ സജീവമായിരുന്നു തൃത്താല എംഎൽഎ ആയ വിടി ബൽറാം. സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക, രാഷ്ട്രീയ വിഷയങ്ങളിലെല്ലാം വ്യക്തമായ അഭിപ്രായ പ്രകടനങ്ങൾ നടത്തി. ആർഎസ്എസിനും മോദിക്കുമെതിരെ, ഇടയ്ക്കിടെ സിപിഎമ്മിനെതിരെയും ശക്തമായി ആഞ്ഞടിച്ചു കൊണ്ടേയിരുന്നു. 

സ്വാശ്രയ കോളേജ് പ്രവേശനവുമായി ബന്ധപ്പെട്ട നിയമത്തിന്റെ വോട്ടെടുപ്പിൽ പങ്കെടുക്കാതെ ഒറ്റയാൾ പ്രതിഷേധം നയിച്ചും ബൽറാം വേറിട്ടുനിന്നു. കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജുകളിലെ വിദ്യാര്‍ത്ഥി പ്രവേശവുമായി ബന്ധപ്പെട്ട ബിൽ പ്രതിപക്ഷ പിന്തുണയോടു കൂടിയായിരുന്നു പാസാക്കിയത്. പാര്‍ട്ടി ഭേദമന്യേ പ്രതിപക്ഷം ഒന്നടങ്കം ബില്ലിനെ പിന്തുണച്ചപ്പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് ബല്‍റാം മാത്രമാണ്. രമേശ് ചെന്നിത്തല ഉൾപ്പെടെ വിമർശിച്ചപ്പോഴും ബൽറാം നിലപാട് മാറ്റിയില്ല. പലകുറി കെപിസിസി പ്രസിഡന്റിന്‍റെയടക്കം ശാസനകള്‍ക്ക് ഇരയായി. 

ഏറ്റവുമൊടുവിൽ കോൺഗ്രസിന്‍റെ കൂടി പിന്തുണയോടെ പാസായ സാമ്പത്തിക സംവരണ ബില്ലിനെ എതിർക്കുന്ന നിലപാട് സ്വീകരിച്ചും ബൽറാം ശ്രദ്ധേയനായി. ആര് എന്തു പറഞ്ഞാലും തന്‍റെ നിലപാട് സാമ്പത്തിക സംവരണ ബില്ലിനെതിരെ ആണെന്നാണ് അദ്ദേഹം പറഞ്ഞത്. 

ഓരോ വിഷയങ്ങളിലും സമൂഹമാധ്യമങ്ങളിലെ നിരന്തര ഇടപെടലുകളിലൂടെ ശ്രദ്ധേയനായ വിടി ബല്‍റാം ആണ് മനോരമ ന്യൂസ്.കോം സംഘടിപ്പിക്കുന്ന സോഷ്യൽ സ്റ്റാർ 2018 പട്ടികയിലുള്ളവരിൽ ഒരാൾ.

നിങ്ങളുടെ സോഷ്യല്‍ സ്റ്റാറിന് വോട്ട് ചെയ്യാം:

manoramaonline.com/MMTV/2018/social-star-2018