ഫെയ്സ്ബുക്കില്‍ ഒറ്റ ഫോണുമായി ‘ജീവകാരുണ്യ വിപ്ലവം’; ലൈവിലെ മനുഷ്യസ്നേഹി

പോയവര്‍ഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവരില്‍ ആരാണ് നിങ്ങളുടെ താരം..? സോഷ്യല്‍ സ്റ്റാറിനെ തിരഞ്ഞെടുക്കാനുള്ള മനോരമ ന്യൂസ് ഡോട്ട്കോമിന്‍റെ വോട്ടെടുപ്പ് തുടരുന്നു. ആ 12 പേരില്‍ ഒരാളെ പരിചയപ്പെടാം...

പാവപ്പെട്ടവർക്കും സഹായത്തിനായി കേഴുന്നവര്‍ക്കും ഈ മനുഷ്യന്‍ എപ്പോഴും ആശ്രയിക്കാവുന്ന അഭയസ്ഥാനമാണ്, ഏത് കണ്ണീരിനും പരിഹാരമൊരുക്കുന്ന തണലിടം. ഒരു മൊബൈല്‍ ഫോണുമായി ഈ മനുഷ്യന്‍ തീര്‍ക്കുന്നത് കാരുണ്യത്തിന്റെ കടല്‍. നവമാധ്യമങ്ങളിൽ സജീവമായവർ ഈ പേര് കേൾക്കാതിരിക്കാന്‍ വഴിയില്ല. സ്നേഹത്തോടെ മലയാളി അദ്ദേഹത്തെ ഫിറോസിക്ക എന്നു വിളിച്ചു. ജാതിയോ മതമോ നോക്കാതെ തന്റെ അറിവിലേക്കെത്തുന്നവരുടെ യാതനകൾ അദ്ദേഹം സോഷ്യൽ ചുവരിൽ പങ്കുവെയ്ക്കും. നിമിഷങ്ങൾക്കുള്ളിൽ പോസ്റ്റ് വൈറലാകുക മാത്രമല്ല, അദ്ദേഹം പറയുന്ന രോഗിക്ക് സഹായമായി അക്കൗണ്ടിലേക്ക് പ്രവാസികളടക്കമുള്ളവർ പണമയക്കും, ചിലപ്പോഴൊക്കെ ചോദിക്കുന്നതിലുമധികം. 

സോഷ്യല്‍ മീഡിയ പോസ്റ്റുകൾ അദ്ദേഹം ജീവകാരുണ്യ വിപ്ലവമാക്കി മാറ്റി. നവമാധ്യമങ്ങളിലെ താരരാജാവാണ് അദ്ദേഹമിന്ന്. സാമൂഹ്യ മാധ്യമങ്ങളിലെ ലൈവ് പലർക്കും ഒരു വിനോദമാണെങ്കില്‍ ഫിറോസ് കുന്നംപറമ്പിലിന് ഇത് ജീവകാരുണ്യ പ്രവര്‍ത്തനമാണ്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഫിറോസ് കുന്നംപറമ്പില്‍ എന്ന പാലക്കാട്ടുകാരന്‍ സമൂഹമാധ്യമങ്ങളിലൂടെ ഇത്തരം ഇടപെടലുകൾ നടത്താൻ തുടങ്ങിയിട്ട്. പാവപ്പെട്ടവന്റെ പേരിൽ മുസ്‌ലിം ലീഗിലേക്ക് ആളെക്കൂട്ടാനാണ് ഫിറോസിന്റെ ശ്രമമെന്ന് പലരും പ്രചരിപ്പിച്ചു. എന്നാൽ രാഷ്ട്രീയക്കാരനാകാതെ തന്നെ, രാഷ്ട്രീയമില്ലാതെ ജനങ്ങളെ സേവിക്കാമെന്ന് ഫിറോസ് പറഞ്ഞപ്പോൾ മറുത്തു ചിന്തിക്കാൻ ഹൃദയമുള്ള മലയാളി തയ്യാറായില്ല. നവമാധ്യമങ്ങളിൽ നിറയെ അദ്ദേഹത്തോടുള്ള സ്നേഹം നിറഞ്ഞു. ഫിറോസിന്റെ ജീവകാരുണ്യ പ്രവർത്തന പോസ്റ്റുകൾ കക്ഷി, രാഷ്ട്രീയ ഭേദമന്യേ ആളുകൾ ഏറ്റെടുത്തു.

ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ട് ജീവനോപാധി തേടി ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉൾപ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളി അറിഞ്ഞത് ഫിറോസ് കുന്നുംപറമ്പിലിലൂടെയായിരുന്നു. വീടില്ലാത്തവരും സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും രോഗികളും രണ്ടാമതൊന്നു ചിന്തിക്കാതെ അദ്ദേഹത്തെ സമീപിക്കാൻ തുടങ്ങി. ആയിരക്കണക്കിനാളുകൾക്ക് ഫിറോസിന്റെ സഹായം ലഭിച്ചു. 

വര്‍ഷങ്ങളാകുന്നു സമൂഹമാധ്യമത്തിൽ ഫിറോസ് ലൈവ് ആരംഭിച്ചിട്ട്. പാലക്കാട് വീടിനടുത്ത്, താമസിക്കാൻ വീടോ ജീവിക്കാൻ വരുമാനമോ ഇല്ലാതെ കഷ്ടപ്പെട്ട ഒരു സ്ത്രീയുടെയും കുടുംബത്തിന്റെയും വാർത്ത അദ്ദേഹം പലരുമായി പങ്കുെവച്ചിരുന്നു. എന്നാൽ ആരും തന്നെ അവരെ ഏറ്റെടുക്കാൻ മുന്നോട്ടു വന്നില്ല. ഒടുവിൽ ഫിറോസ് തന്നെ ആ കുടുംബത്തെ ഏറ്റെടുക്കുകയായിരുന്നു. കുട്ടികളെ അടുത്തുള്ള സ്‌കൂളിൽ പഠിക്കാൻ ചേർത്തു. ശേഷം അവരുടെ അവസ്ഥകൾ വിവരിച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ ഒരു ലൈവ് ചെയ്തു. ലൈവ് വിഡിയോ വന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ വീട് നിർമിക്കാനുള്ള പണം അക്കൗണ്ടിലേക്ക് എത്തി. പിന്നീട് കൂടുതൽ ആളുകൾ ഫിറോസിന്റെ സുഹൃത്തുക്കളാകുകയും വിദേശമലയാളികളിൽനിന്ന് സഹായങ്ങൾ ലഭിച്ചു തുടങ്ങുകയും ചെയ്തു. 

മൂന്നൂറോളം ജീവകാരുണ്യ പ്രവർത്തന ലൈവുകള്‍ ഫിറോസ് കുന്നംപറമ്പിൽ ഇതിനോടകം ചെയ്തിട്ടുണ്ട്. നാലു ലക്ഷത്തോളം ആളുകൾ ഫെയ്‍സ്ബുക്കിൽ ഇദ്ദേഹത്തെ പിന്തുടരുന്നു. തൃശൂർ, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.  കൃത്യമായി പഠിച്ചശേഷം മാത്രമാണ് അന്വേഷിച്ചു വരുന്നവർക്ക് സഹായത്തിന് അർഹതയുണ്ടോ എന്നു തീരുമാനിക്കുന്നത്. ചിലപ്പോൾ നേരിട്ടു പോയി കാര്യങ്ങൾ അന്വേഷിച്ച ശേഷമായിരിക്കും ലൈവിലൂടെ വിവരം പങ്കുവെയ്ക്കുക. കുടുംബാംഗങ്ങളും ഫിറോസിന് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.

സമൂഹമാധ്യമത്തിലൂടെ ആയിരങ്ങൾക്ക് ആശ്വാസമെത്തിക്കുന്ന ഫിറോസ് കുന്നംപറമ്പിൽ ആണ് മനോരമ ന്യൂസ്. കോം സംഘടിപ്പിക്കുന്ന സോഷ്യൽ സ്റ്റാർ 2018 പട്ടികയിലുള്ളവരിൽ ഒരാൾ.

നിങ്ങളുടെ സോഷ്യൽ സ്റ്റാറിന് വോട്ട് ചെയ്യാം:

manoramanews.com/socialstar2018