ബന്ധുനിയമനം പരസ്യമാക്കി; കേരളം ‘നടന്നുതീര്‍ത്തു’; ജനകീയനേതാവ്

പോയവര്‍ഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവരില്‍ ആരാണ് നിങ്ങളുടെ താരം..? സോഷ്യല്‍ സ്റ്റാറിനെ തിരഞ്ഞെടുക്കാനുള്ള മനോരമ ന്യൂസ് ഡോട്ട്കോമിന്‍റെ വോട്ടെടുപ്പ് തുടരുന്നു. ആ 12 പേരില്‍ ഒരാളെ പരിചയപ്പെടാം..

മന്ത്രി കെടി ജലീൽ ബന്ധുനിയമനം നടത്തിയെന്ന് തെളിവുകൾ നിരത്തി വിളിച്ചു പറഞ്ഞപ്പോൾ മുതലാണ് യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഈ വര്‍ഷത്തെ വാർത്താതാരങ്ങളിലൊരാളായത്. പല വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയാണ് മന്ത്രിയുടെ ബന്ധുനിയമനം സംബന്ധിച്ച വിവരങ്ങൾ അദ്ദേഹം പരസ്യമാക്കിയത്. മന്ത്രി ഇടപെട്ട് പിതാവിന്റെ സഹോദര പുത്രനായ കെടി അദീബിന് അനധികൃതമായി നിയമനം നല്‍കിയെന്നായിരുന്നു ആരോപണം. 

മന്ത്രിയുടെയോ മുഖ്യമന്ത്രിയുടെയോ വിശദീകരണങ്ങൾ ഫിറോസിനെയും കേരളത്തിലെ പൊതുസമൂഹത്തിനെയും തൃപ്തനാക്കാൻ‌ ഉതകുന്നതായിരുന്നില്ലെന്ന് പിന്നാലെ ഉയര്‍ന്ന പ്രതികരണങ്ങള്‍ സൂചിപ്പിച്ചു. ഫിറോസ് ആ‍ഞ്ഞടിച്ചു കൊണ്ടേയിരുന്നു. ഒരു മന്ത്രി ഉദ്യോഗാര്‍ഥിയെ ക്ഷണിച്ച് ജോലി നല്‍കുന്ന രീതി കേട്ടുകേള്‍വിയില്ലാത്തതാണെന്ന് ആവര്‍ത്തിച്ചു പറഞ്ഞു. ‌തുടരെത്തുടരെ തെളിവുകളും പുറത്തുവന്നു.

പിന്നെ പലവട്ടം ക്യാമറക്കണ്ണുകളും രാഷ്ട്രീയ നേതാക്കളും ഫിറോസിനെ ഫോക്കസ് ചെയ്തു. രാഹുൽഗാന്ധിയുടെ മുത്തച്ഛനാണ് മഹാത്മാഗാന്ധിയെന്നു നീളന്‍ പ്രസംഗത്തിനിടെ പിണഞ്ഞ അബദ്ധം സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ ആഘോഷിക്കപ്പെട്ടു. പക്ഷേ, സംഭവത്തെ ന്യായീകരിക്കുകയല്ല, പറ്റിയത് അബദ്ധമാണെന്നു സമ്മതിക്കുന്ന സമീപനമാണ് വിവാദത്തോട് പികെ ഫിറോസ് കാണിച്ചത്. 

താൻ പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയത്തിനതീതമായി സാമൂഹ്യ, സാസ്കാരിക, രാഷ്ട്രീയ വിഷയങ്ങളിൽ വ്യക്തമായ അഭിപ്രായം പ്രകടിപ്പിക്കാറുള്ള നേതാവു കൂടിയാണ് പികെ ഫിറോസ്. നിലപാടുകളിലെ മൂർച്ചയിലൂടെയും കുറിക്കു കൊള്ളുന്ന മറുപടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായി. കാര്യകാരണ സഹിതം ഫിറോസ് ഉയര്‍ത്തിയ വാദങ്ങള്‍ക്ക് മുന്നില്‍ മന്ത്രി കെടി ജലീല്‍ ശരിക്കും കുടുങ്ങിപ്പോയെന്ന് സമൂഹമാധ്യമങ്ങളില്‍ വലിയ വിഭാഗം സാക്ഷ്യപ്പെടുത്തി.

ഒപ്പം യൂത്ത് ലീഗ് അധ്യക്ഷന്‍ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ നായകനായ യുവജനയാത്രയുടെ ഉപനായകനായി ഫിറോസും ചരിത്രത്തിനൊപ്പം പങ്കുചേര്‍ന്നു. കേരളത്തിന്റെ ഒരറ്റത്തുനിന്ന് മറ്റേയറ്റത്തേക്ക് കാല്‍നടയായി നടന്നു ഈ യാത്ര. കേരളത്തിന്റെ സമീപകാല ചരിത്രത്തിലൊന്നും ഇല്ലായിരുന്നു ഇങ്ങനെയൊരു പദയാത്ര. 

മന്ത്രിക്കെതിരായ ബന്ധുനിയമന ആരോപണത്തിലൂടെ പോയ വർഷം വാർത്തകളിലിടം നേടിയ പികെ ഫിറോസ് ആണ് മനോരമ ന്യൂസ്. കോം സംഘടിക്കുന്ന സോഷ്യൽ സ്റ്റാർ പട്ടികയിലുള്ളവരിൽ ഒരാള്‍.

നിങ്ങളുടെ സോഷ്യല്‍ സ്റ്റാറിന് വോട്ട് ചെയ്യാം: manoramanews.com/socialstar2018