വർഷാവസാനം 'വിവാദനായിക'; വാഴ്ത്തിയ ചുമരിൽ വീണ താരം

പോയവര്‍ഷം സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനിന്നവരില്‍ ആരാണ് നിങ്ങളുടെ താരം..? സോഷ്യല്‍ സ്റ്റാറിനെ തിരഞ്ഞെടുക്കാനുള്ള മനോരമ ന്യൂസ് ഡോട്ട്കോമിന്‍റെ വോട്ടെടുപ്പ് തുടരുന്നു. ആ 12 പേരില്‍ ഒരാളെ പരിചയപ്പെടാം. 

2018ന്‍റെ അവസാനത്തോടെ വിവാദനായിക ആയ ആളാണ് ദീപാ നിശാന്ത്. അതുവരെ അവരെ വാഴ്ത്തിയിരുന്നവർ 'കവിതാമോഷണ' വിവാദത്തോടെ ആക്രോശത്തോടെ അവരുടെ സോഷ്യൽ മീഡിയ ചുവരിലേക്ക് ഓടിയെത്തി. ആദ്യം എതിർത്തും പിന്നെ പതുങ്ങിയും വിവാദത്തെക്കുറിച്ച് സംസാരിച്ചയാൾ പിന്നീട് കുറ്റസമ്മതം നടത്തി. നവമാധ്യമങ്ങളിൽ താരമായി നിന്നയാളെ പോയ വർഷം അവസാനത്തോടെ അതേ ചുമരുകൾ തന്നെ തള്ളിപ്പറഞ്ഞു. 

കവി എസ്.കലേഷിന്‍റെ 'അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാൻ/നീ' എന്ന കവിത ദീപ നിശാന്ത് സ്വന്തം പേരിലാക്കി ചെറിയ ചില മാറ്റങ്ങളോടെ കോളജ് അധ്യാപകരുടെ മാസികയിൽ പ്രസിദ്ധീകരിച്ചതാണ് കവിതാ മോഷണ വിവാദത്തിന്‍റെ പശ്ചാത്തലം. വിഷയത്തിൽ എഴുത്തുകാരടക്കമുള്ളവർ ദീപക്കെതിരെ രംഗത്തു വന്നിരുന്നു.  

2015ൽ കേരള വർമ കോളേജിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിന് അനുകൂലമായി കുറിച്ച ഫെയ്സ്ബുക്ക് പോസ്റ്റാണ് അതേ കോളേജിൽ അധ്യാപികയായ ദീപ നിശാന്തിനെ പ്രശസ്തയാക്കിയത്. പിന്നീട് ഓർമക്കുറിപ്പുകളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയുള്ള ഇടപെടലുകളിലൂടെയും ശ്രദ്ധേയയായി. ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റ് സാസ്കാരിക കേരളത്തില്‍ ഒരുപാട് ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. പിന്നീട് മറ്റു ചില രാഷ്ട്രീയ, സാസ്കാരിക അഭിപ്രായപ്രകടനം നടത്തിയതിന്‍റെ പേരിൽ വധഭീഷണി വരെ നേരിടേണ്ടി വന്നിട്ടുണ്ട്. 

രാധയും രാജാവിന്‍റെ പ്രേമഭാജനങ്ങളും (നിരൂപണം), പ്രണയ വ്യഥയുടെ മാനിഫെസ്റ്റോ (നിരൂപണം), കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ(ഓർമ്മക്കുറിപ്പുകൾ), നനഞ്ഞുതീർത്ത മഴകൾ(ഓർമ്മക്കുറിപ്പുകൾ ), ഒറ്റമരപ്പെയ്ത്ത് (ഓർമകുറിപ്പുകൾ) എന്നിവയാണ് പുസ്തകങ്ങൾ. 

കേരള വർമ കോളേജിൽ എസ്എഫ്ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിനെ അനുകൂലിച്ചതിന് എബിവിപി, യുവമോർച്ച എന്നീ സംഘടനകൾ  ദീപ നിശാന്തിനെതിരെ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ടിരുന്നു. അന്നത്തെ കൊച്ചിൻ ദേവസ്വം ബോർഡ്‌ പ്രസിഡന്റ് ഭാസ്കരൻ നായർ അന്വേഷണത്തിന് ഉത്തരവിടുകയും കോളജ് പ്രിൻസിപ്പൽ അന്വേഷണം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കുകയും ചെയ്തു. എന്നാൽ ആ സംഭവത്തിൽ സാംസ്‌കാരിക കേരളം ഒന്നാകെ ദീപ നിശാന്തിനൊപ്പമാണ് നിലകൊണ്ടത്. വിഷയത്തിൽ ദീപ നിശാന്തിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കേണ്ടതില്ലെന്ന് ദേവസ്വം ബോർഡ് തീരുമാനിക്കുകയായിരുന്നു. 

ആദ്യകാലങ്ങളിൽ സോഷ്യൽ മീഡിയയിലെ താരവും പിന്നീട് വിവാദ നായികയുമായ ദീപ നിശാന്ത് ആണ് മനോരമ ന്യൂസ്.കോം സംഘടിപ്പിക്കുന്ന സോഷ്യൽ സ്റ്റാർ 2018 പട്ടികയിലുള്ളവരിൽ ഒരാൾ.

നിങ്ങളുടെ സോഷ്യൽ സ്റ്റാറിന് വോട്ട് ചെയ്യാം:

manoramanews.com/socialstar2018