കുഞ്ഞിനായി കനിവിന്‍റെ മഹാപ്രവാഹം; കിട്ടിയത് 30 ലക്ഷം; നന്ദിയോടെ ഫിറോസ്: വി‍ഡിയോ

കുഞ്ഞു മുഹമ്മദ് ശിബ്‌ലിക്ക് ഇനി ചിരിക്കാം. അവന്‍റെ ഉറ്റവര്‍ക്കും. കാരണം അവന്റെ വേദന മാറ്റാൻ രണ്ടുദിവസം കൊണ്ട് മലയാളി എത്തിച്ചുകൊടുത്തത് 30 ലക്ഷം രൂപയാണ്. സമൂഹ്യപ്രവർത്തകനായ ഫിറോസ് കുന്നംപറമ്പിൽ രണ്ടുദിവസം മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് ആ കുരുന്നിന്റെ വേദന ലോകം അറിഞ്ഞത്. ‘സഹായിച്ച എല്ലാവർക്കും നന്ദി. ഇത്ര വലിയ തുക രണ്ടുദിവസം കൊണ്ട് അക്കൗണ്ടിലേക്കെത്തിച്ചതിന് ഒരുപാട് നന്ദി. എനിക്കെതിരെ വ്യാജപ്രാചാരണങ്ങൾ നടത്തിയവർക്കുള്ള മറുപടി കൂടിയാണ് ഇത്..’ ഫിറോസ് പറഞ്ഞു. 

കരൽ രോഗത്തിന്റെ തീവ്രതയായിരുന്നു മൂന്നുവയസ് മാത്രമുള്ള മുഹമ്മദിനെ തളർത്തി കളഞ്ഞത്. വയറ് വീർത്ത് പൊട്ടാറായ അവന്റെ അവസ്ഥ ആരുടെയും കണ്ണുനിറയ്ക്കുന്നതായിരുന്നു. കരൾ പകുത്ത് നൽകാൻ ഉമ്മ തയാറാണെങ്കിലും ഒാപ്പറേഷന് വേണ്ട പണം കണ്ടെത്താനാകാതെ വിഷമിക്കുകയായിരുന്നു ഇൗ കുടുംബം. അപ്പോഴാണ് ഫിറോസ് ഇവരുടെ പ്രശ്നങ്ങൾ അറിഞ്ഞെത്തുന്നത്. 20 ലക്ഷത്തോളം രൂപ ഒാപ്പറേഷനായി ചെലവ് വരും പിന്നീടുള്ള തുടർ ചികിൽസയ്ക്കും മരുന്നിനുമായി പത്തുലക്ഷത്തോളം രൂപയും വേണം. ഇതാണ് രണ്ടുദിവസം കൊണ്ട് പ്രവാസികളുടെ സഹായത്തോടെ അക്കൗണ്ടിലെത്തിയത്. ഇനി ഇൗ അക്കൗണ്ടിലേക്ക് തുക അയക്കേണ്ടതിെലന്നും ഫിറോസ് വ്യക്തമാക്കുന്നു.