‘ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നോ..?’ റാഫേല്‍ നദാലിന്‍റെ പേജില്‍ പൊങ്കാല

റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ചകളില്‍ നിറഞ്ഞതിന് അനുഭവിപ്പിക്കുന്നത് ടെന്നീസ് താരം റാഫേല്‍ നദാല്‍. വിവാദത്തിന് പിന്നാലെ സംഘപരിവാറിനെ ട്രോളി കഴിഞ്ഞ ദിവസം സഞ്ജീവിനി ഫെയ്സ്ബുക്ക് കുറിപ്പിട്ടിരുന്നു. 'റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ലെന്നും റാഫേല്‍ ഉടമസ്ഥനായ റാഫേല്‍ നദാല്‍ ആണെന്നു’മായിരുന്നു ആ പോസ്റ്റ്. ഇതിന്റെ ചുവട് പിടിച്ചാണ് ടെന്നീസ് താരം റാഫേല്‍ നദാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ ട്രോള്‍ പൊങ്കാലയുമായി ചിലര്‍ എത്തിയത്. 

രസകരമായ കമ്മറന്‍റുകളുമായാണ് പലരും രംഗത്തെത്തിയിരിക്കുന്നത്. 'ടാ ഇയ്യ് ഞങ്ങളെ പ്രധാനമന്ത്രിയെ അപമാനിക്കുന്നുവോ, ധൈര്യം ഉണ്ടെങ്കില്‍ ഇന്ത്യയിലോട്ട് വാടാ ഹംകേ', 'നീ വല്ലതും ആ മോദിജീടെ കയ്യിന്നു വാങ്ങിയിട്ടുണ്ടെങ്കില്‍ തിരിച്ചു കൊടുത്തേക്ക് ചെക്കാ….' 'നിന്റെ റിവേഴ്‌സ് ഗിയറില്ലാത്ത വിമാനം വന്ന് തിരിച്ചെടുത്തോണ്ട് പൊക്കോണം.. നമ്മക്ക് വേണ്ട.' എന്നിങ്ങനെയാണ് ഒരോ കമന്റുകളും. ഓരോ നിമിഷവും നൂറ് കണക്കിന് കമന്റുകളാണ് നദാലിന്റെ ഫെയ്സ്ബുക്ക് പേജില്‍ വരുന്നത്.

മുൻപ് സച്ചിനെ അറിയില്ല എന്ന് പറഞ്ഞ മരിയ ഷറപ്പോവക്കും, മലയാളികളെ അപമാനിച്ച മാധ്യമ പ്രവർത്തകൻ അർണബ് ഗോസ്വാമിക്കും അവരുടെ പേജുകളിൽ മലയാളി പൊങ്കാല ഇട്ടിരുന്നു. എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി നദാലുമായി ഒരു ബന്ധവും ഇല്ലാത്ത വിഷയത്തിലാണ് പേജിൽ െപാങ്കാലയിടുന്നത്.