21–ാം ഗ്രാൻസ്‍ലാം; ചരിത്രം കുറിച്ച് നദാല്‍; ഓസ്ട്രേലിയൻ ഓപ്പണിൽ മുത്തമിട്ടു

ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് ഇനി സ്പാനിഷ് താരം റാഫേൽ നദാലിന്. 20 കിരീടങ്ങളുമായി സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡറർ, സെർബിയൻ താരം നൊവാക് ജോക്കോവിച്ച് എന്നിവർക്കൊപ്പം ഇതുവരെ പങ്കുവച്ച റെക്കോർഡ്, 21–ാം കിരീടവുമായി ഇനി റാഫേൽ നദാലിന് മാത്രം സ്വന്തം. ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ റഷ്യൻ താരം ഡാനിൽ മെദ്‌വദേവ് ഉയർത്തിയ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് നദാലിന്റെ 21–ാം ഗ്രാൻസ്‌ലാം കിരീടനേട്ടം. ആദ്യ രണ്ടു സെറ്റുകൾ കൈവിട്ടശേഷം തിരിച്ചടിച്ചാണ് മുപ്പത്തഞ്ചുകാരനായ നദാൽ മെദ്‌വ‌ദേവിനെ വീഴ്ത്തിയത്. സ്കോർ: 2-6, 6-7, 6-4, 6-4, 7-5.

ഇരുവരും തമ്മിൽ നടന്ന അഞ്ചാം മത്സരത്തിൽ നദാലിന്റെ നാലാം ജയമാണിത്. ഇതിനു മുൻപ് ഏറ്റുമുട്ടിയ 2019 യുഎസ് ഓപ്പൺ ഫൈനലിലും നദാൽ മെ‍ദ്‌വദേവിനെ തോൽപിച്ചിരുന്നു. ഈ സീസണിൽ തോൽവിയറിയാതെ നദാലിന്റെ 11–ാം മത്സരമാണിത്. കഴിഞ്ഞവർഷത്തെ യുഎസ് ഓപ്പൺ ഫൈനലിൽ 21–ാം ഗ്രാൻസ്‍ലാം കിരീടം തേടിയിറങ്ങിയ നൊവാക് ജോക്കോവിച്ചിനെ തോൽപിച്ച മെദ്‌വ‌ദേവ് ഇത്തവണ നദാലിനെതിരെയും അട്ടമണി ഭീഷണി ഉയർത്തിയശേഷമാണ് കീ‌ഴടങ്ങിയത്. ആദ്യ സെറ്റ് 6–2ന് അനായാസം സ്വന്തമാക്കി നിലപാട് വ്യക്തമാക്കിയ മെദ്‌വ‌ദേവ്, രണ്ടാം സെറ്റ് കടുത്ത പോരാട്ടത്തിനൊടുവിൽ 7–6നും സ്വന്തമാക്കിയതോടെ അട്ടിമറി മണത്തതാണ്.

എന്നാൽ, മൂന്നും നാലും സെറ്റുകൾ 6–4 എന്ന സ്കോറിൽ സ്വന്തമാക്കി നദാൽ ശക്തമായി തിരിച്ചടിച്ചു. ഒടുവിൽ നിർണായകമായ അഞ്ചാം സെറ്റിൽ 7-5 ജയത്തോടെ നദാൽ മത്സരവും 21–ാം ഗ്രാൻസ്‍ലാം കിരീടവും റെക്കോർഡും സ്വന്തമാക്കി. നൊവാക് ജോക്കോവിച്ചിന്റെ വാക്സീൻ വിവാദത്തിലൂടെ നിറം മങ്ങി തുടങ്ങിയ ഓസ്ട്രേലിയൻ ഓപ്പണിനാണ് ഇത്തവണ റാഫേൽ നദാലിന്റെ കിരീടനേട്ടത്തിലൂടെ ആവേശോജ്വല വിരാമമായത്. 29–ാം ഗ്രാൻസ്‍ലാം ഫൈനലിൽനിന്നാണ് നദാൽ റെക്കോർഡ് കുറിച്ച് 21–ാം കിരീടമുയർത്തിയത്.