‘എന്തിന് മാപ്പ് പറയണം..’; കുലുക്കമില്ലാതെ ആക്ഷേപം ആവര്‍ത്തിച്ച് പി.സി.ജോര്‍ജ്

"നിങ്ങൾക്ക് എങ്ങനെയാണ് ഇങ്ങനെ ചിരിച്ചുകൊണ്ട് പീഡനത്തിനിരയായ ഒരു വ്യക്തിയെക്കുറിച്ച് സംസാരിക്കാൻ സാധിക്കുന്നത്. മാനഭംഗത്തെ അതിജീവിച്ച ഒരു സ്ത്രീയാണ് ആ കന്യാസ്ത്രീ. നിങ്ങൾ ഒരു എം.എൽ.എയാണ്, ജനങ്ങൾ തിരഞ്ഞെടുത്തിട്ടാണ് നിങ്ങൾ നിയമ സഭയിൽ എത്തിയത്. ഒരു സ്ത്രീയെ നിങ്ങൾ ഇത്തരത്തിൽ അപമാനിക്കരുതായിരുന്നു"- സാഗരിക മിത്ര എന്ന വാര്‍ത്താവതാരകയുടെ ചോദ്യത്തിന് മുമ്പിൽ മറുപടിയില്ലാതെ വിയർത്തുകുളിച്ച് പി.സി.ജോർജ്ജ്.

കന്യാസ്ത്രീയെ അധിക്ഷേപിച്ച് നടത്തിയ പരാമർശത്തിൽ മാപ്പ് പറയുന്നുണ്ടോ എന്ന ചോദ്യത്തിന്, പിസി ജോർജ്ജ് ചിരിച്ചുകൊണ്ട് എന്തിന് മാപ്പ് പറയണം, ഞാൻ പറഞ്ഞത് ശരിയാണെന്ന് മറുപടി നൽകിയതാണ് അവതാരകയെ ചൊടിപ്പിച്ചത്. 

ഇത്തരം ഒരു പരാമാർശം നടത്തിയിട്ട് ഇങ്ങനെ ചിരിച്ചുകൊണ്ട് മറുപടി പറയാൻ കഴിയുന്നതെന്ന് അവതാരക ചോദിച്ചു. എന്നാൽ താൻ കോട്ടയത്ത് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നതായി പി.സി ജോർജ് പറഞ്ഞു. ഇതോടെ അവതാരക പിസി ജോര്‍ജിനെതിരെ രൂക്ഷമായി പ്രതികരിക്കുകയായിരുന്നു. 

രാജിവയ്ക്കുമോ എന്നുള്ള ആവര്‍ത്തിച്ചുള്ള ചോദ്യങ്ങളോടും എംഎല്‍എ പ്രതികരിച്ചില്ല. ഒടുവില്‍ താങ്ക് യു പറഞ്ഞ് ജോര്‍ജ് തന്നെ ചര്‍ച്ച മതിയാക്കുയായിരുന്നു. ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡനത്തിനിരയാക്കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച പൂഞ്ഞാർ എം.എൽ.എ പി.സി ജോർജ്ജിന് ദേശീയ ചാനലായ റിപ്പബ്ലിക്കിന്‍റെ ചര്‍ച്ചാപരിപാടിയിലാണ് ഈ അനുഭവം.