പ്രധാനമന്ത്രിയുടെ ഫെയ്സ്ബുക്ക് പേജില്‍ മലയാളത്തില്‍ ‘പൊങ്കാല’

പ്രളയക്കെടുതിയുടെ ഇടവേളക്ക് ശേഷം ട്രോളാർമാർ വീണ്ടും രംഗത്ത്. നര്‍മ്മവും പരിഹാസവും ഒപ്പം അമര്‍ഷവും നിറയുന്നതാണ് മിക്ക ട്രോളുകളും. ദിവസങ്ങളോളം പ്രളയദുരിതത്തില്‍ കഴിയുന്നവരുടെ ദയനീയ ചിത്രങ്ങളും സഹായാഭ്യര്‍ത്ഥനകളും ജീവന്‍ പണയം വെച്ചുള്ള സന്നദ്ധസേവകരുടെ പ്രവര്‍ത്തനങ്ങളും നിറഞ്ഞു നിൽക്കുകയായിരുന്നു സമൂഹമാധ്യമങ്ങളിൽ.  

പ്ര‌ധാനമന്ത്രി നരേന്ദ്രമോദിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഒരുവിഭാഗം മലയാളികളുടെ വലിയ തോതിലുള്ള പ്രതിഷേധമാണ് നടക്കുന്നത്. എല്ലാ പോസ്റ്റിനും താഴെ കമന്‍റുകളുമായി ചിലര്‍ രംഗത്തെത്തിയിട്ടുണ്ട്. വിദേശ രാജ്യങ്ങളെ സഹായിച്ചിട്ടുള്ള മോദി സര്‍ക്കാരിന്‍റെ മുന്‍കാല നടപടികളെയും ഒരുവിഭാഗം ചോദ്യം ചെയ്യുന്നു. നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസത്തിന് 6000 കോടി രൂപ നൽകിയ മോദി സര്‍ക്കാര്‍ എന്തുകൊണ്ടാണ് കേരളത്തിന് 600 കോടി മാത്രം നല്‍കിയതെന്ന ചോദ്യം ഉന്നിയക്കപ്പെടുന്നുണ്ട്. ഗുജറാത്ത് ഭൂകമ്പകാലത്ത് വിദേശ രാജ്യങ്ങളില്‍ നിന്ന് കൈപറ്റിയ ദുരിതാശ്വാസഫണ്ടുകള്‍ മോദി സര്‍ക്കാര്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവും ഇക്കൂട്ടര്‍ ഉയര്‍ത്തുന്നു.  

സ്വസ് ബാങ്കിലെ കള്ളപ്പണ നിക്ഷേപത്തിൽ നിന്നും നരേന്ദ്രമോദി തരാമെന്ന് പറഞ്ഞ 15 ലക്ഷം കേരളത്തിന് കൊടുക്കൂ എന്ന് പറഞ്ഞ് കൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍  #My15lakhsForKerala ഹാഷ്ടാഗ് പ്രതിഷേധവും ഉയരുന്നുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണകാലത്തെ മോദിയുടെ സൊമാലിയ പരാമര്‍ശത്തിനെതിരായ മലയാളികളുടെ ‘പോ മോനേ മോദി..’ ഹാഷ്ടാഗ് ലോകമാകെ ചര്‍ച്ചയായിട്ടുണ്ട്. 

സമൂഹമാധ്യമങ്ങളിൽ നരേന്ദ്രമോദിക്ക് പൊങ്കല ഇടുമ്പോഴും യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും ഉൾപ്പെടെ കേരളത്തെ സഹായിച്ച ഗൾഫ് രാജ്യങ്ങളിലെ ഭരാണാധികാരികൾക്ക് മികച്ച പിന്തുണയാണ് മലയാളികൾ നൽകുന്നത്. പ്രവാസികളുടെ വിയർപ്പിന്റെ വിലയാണ് ഇതെന്നും ചിലര്‍ ചൂണ്ടികാട്ടിയിട്ടുണ്ട്.