സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നെങ്കില്‍ അവര്‍ കൂടി കാരണക്കാര്‍; വിവാദ അഭിമുഖവുമായി മംമ്ത

സിനിമയിലെ വിവാദങ്ങളിലും ചര്‍ച്ചകളിലും തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കി മംമ്ത മോഹൻദാസ്. സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യുസിസിയേയും മംമ്ത തള്ളിപ്പറഞ്ഞു. ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം. എന്നാൽ സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവരുടെ തന്നെ പ്രവർത്തികളാണെന്ന മംമ്തയുടെ വാദം വിവാദത്തിനും തുടക്കമിട്ടു കഴിഞ്ഞു.  



സ്ത്രീകള്‍ ആക്രമിക്കപ്പെടുന്നുണ്ടെങ്കില്‍ അതിന് കാരണക്കാര്‍ അവര്‍കൂടി ആണെന്നും, അവര്‍ പ്രോത്സാഹിപ്പിക്കുന്ന ചില ഘടകങ്ങളാണ് ഒടുവില്‍ ലൈംഗിക അക്രമത്തിലേക്ക് പോലും ചെന്നെത്തിക്കുന്നതെന്നും മംമ്ത പറയുന്നു. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ഈ സംഭവം നടന്ന ദിവസം തുടങ്ങിയതല്ല. കാലങ്ങളായി ഉള്ളതാണ്. അത് വർഷങ്ങൾക്ക് മുമ്പേ സംസാരിച്ച് അവസാനിപ്പിക്കേണ്ടതായിരുന്നു. ഈ സംഭവത്തില്‍ ഭാഗമായ എല്ലാവര്‍ക്കും ഇവര്‍ കടന്ന് പൊയ്‌ക്കൊണ്ടിരിക്കുന്ന മോശമായ അവസ്ഥയെക്കുറിച്ച് അറിവുള്ളവരായിരുന്നുവെന്നും മംമ്ത പറഞ്ഞു.

2005–06ലാണ് അവസാനമായി അമ്മ യോഗത്തിൽ പങ്കെടുത്തത്. അതുകൊണ്ടു തന്നെ സ്ത്രീ പ്രശ്നങ്ങളിൽ അവർ ക്രിയാത്മക നിലിപാടെടുത്തു എന്ന് പറയാൻ കഴിയില്ല. കഴിഞ്ഞ കുറേ വർഷങ്ങളായി ഞാൻ എന്റെ പ്രശ്നങ്ങളിലായിരുന്നു. സ്ത്രീകൾക്ക് മാത്രമായി സിനിമയിൽ ഒരു സംഘടന രൂപീകരിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് മനസിലാകുന്നില്ലെന്നും മംമ്ത ചോദിക്കുന്നു. 

‘ഞാൻ വ്യത്യസ്തമായി ജീവിക്കുന്ന ആളാണ്, ചിന്തിക്കുന്നതും അങ്ങനെ തന്നെ. എന്തെങ്കിലും ഒരു പ്രശ്നമുണ്ടായാൽ അതിന് കാരണക്കാർ അവരവരും കൂടി ആയിരിക്കും. മാത്രമല്ല ഈ സംഭവം നടക്കുമ്പോൾ ഞാൻ ഇവിടെ ഉണ്ടായിരുന്നില്ല’.–മംമ്ത പറഞ്ഞു. ഈ വാർത്ത ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഒരു നടിയും ഒരു വലിയ നടനും ഉണ്ട് എന്നതിനാലാണ്. അതൊരു തരത്തിൽ സിനിമാ വ്യവസായത്തിന്‍റെ ഹൃദയം മുറിച്ചു മാറ്റുന്നത് പോലെയാണ്.



‘അമ്മ മകൾക്ക് കൈത്താങ്ങ് നൽകുന്നതിന് പകരം മകനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് ആരോ പറഞ്ഞുവെന്ന വാർത്തയറിഞ്ഞു.അതെനിക്ക് തമാശ പോലെയാണ് തോന്നിയത്. ഒന്നാമത്തേത് അത് ഒരു വശം മാത്രം പറയുന്നു. രണ്ടാമത്തേത് അത് ഒരു വിഭാഗത്തിന് വൈരാഗ്യം ഉണ്ടാക്കുന്നു. ഒരു വിഭാഗം ആളുകളെ ദേഷ്യം പിടിപ്പിക്കുന്നതും മറുവിഭാഗത്തെ സുഖിപ്പിക്കുന്നതുമാണത്’.



‘ഞാൻ പറയുന്നത് മുഴുവനായി ശരിയാണോ എന്നറിയില്ല, സ്ത്രീകള്‍ കുഴപ്പങ്ങളില്‍ ചെന്ന് ചാടുന്നതിന്റെ ഉത്തരവാദി അവര്‍ തന്നെയാണെന്നാണ് എനിക്ക് മനസിലാകുന്നത്. ലൈംഗികമായി ദുരനുഭവങ്ങൾ നേരിട്ടുള്ള സ്ത്രീകൾ ഏതെങ്കിലും തരത്തിൽ ഇത്തരത്തിൽ മോശമായി പെരുമാറുന്നവരെ എന്റർടൈന്‍ ചെയ്തിട്ടുണ്ടാകുമെന്നാണ് എനിക്ക് തോന്നുന്നത്. വേറൊന്നും ഉദ്ദേശിച്ചല്ലാ ഇത് പറയുന്നത്. ആര്‍ക്കും അങ്ങനെയൊന്നും സംഭവിക്കാതിരിക്കട്ടെ.’–മംമ്ത പറഞ്ഞു.



‘കാണാന്‍ ഭംഗിയുള്ള പെണ്‍കുട്ടികളാണ് കൂടുതലായും ആക്രമിക്കപ്പെടുന്നത്. കാണാന്‍ ഭംഗിയുള്ള, തന്റേതായ നിലപാടുകളുളള സ്വതന്ത്രയായ ഒരു സ്ത്രീക്ക് അതിജീവിക്കാനും, ശക്തയായ നിലകൊള്ളാനും വലിയ ബുദ്ധിമുട്ടാണ്. എനിക്ക് തോന്നുന്നു, സമൂഹത്തിന് അവരുടെ ശക്തിയെ വെല്ലുവിളിക്കാന്‍ ഇഷ്ടമാണെന്ന്. അന്യായമായ ചില കാര്യങ്ങളുടെ ഇരയായി ഞങ്ങള്‍ മാറാറുണ്ട്. എനിക്ക് തോന്നുന്നു ശരാശരി ഭംഗിയുള്ള സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാണെന്ന്. ജീവിതത്തിന്റെ എല്ലാ വശങ്ങളിലും, അത് ബന്ധങ്ങളിലാണെങ്കിലും ജോലിയിലാണെങ്കിലും. അവര്‍ നന്നായി ജീവിക്കുന്നു’.–മംമ്ത പറഞ്ഞു.