എന്നെ മനസ്സിലാക്കാത്തതില്‍ ഖേദം; എനിക്കുമുണ്ട് മനുഷ്യത്വം: വേദനയോടെ മംമ്ത

സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവരുടെ തന്നെ പ്രവൃത്തികളാണെന്ന വിവാദ അഭിമുഖത്തെ ന്യായീകരിച്ച് വീണ്ടും മംമ്ത് മോഹൻദാസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലെ പ്രസ്ക്ത ഭാഗങ്ങൾ സന്ദർഭത്തില്‍ നിന്ന് അടർത്തി മാറ്റി ഉപയോഗിക്കുകയായിരുന്നുവെന്നും തന്റെ പ്രസ്താവന തെറ്റിദ്ധരിക്കുകയായിരുന്നുവെന്നും ഫെയ്സ്ബുക്ക് പോസ്റ്റിൽ മംമ്ത കുറിച്ചു. 

അതൊരു സംവാദത്തിന് തുടക്കമല്ല. ആക്രമിക്കപ്പെട്ട ആളും കുറ്റരോപിതനായി വ്യക്തിയും സഹപ്രവർത്തകരേക്കാൾ അടുത്ത സുഹൃത്തുക്കളാണ്. ശരിയായ മാനസികാവസ്ഥ ഉളള ആരും തന്നെ ബലാത്സംഗത്തെ പ്രോത്സാഹിപ്പിക്കില്ല. വൈകാരികമായ ഒരുപാട് ആക്രമണങ്ങൾ ഞാനും നേരിട്ടിട്ടുണ്ട്. ആയതിനാൽ ഇനി ഒരു ഇരയാകാൻ ഞാൻ തയ്യാറല്ല. എനിക്ക് ശക്തമായ അഭിപ്രായങ്ങളുണ്ട്. ഞാൻ ശക്തമായി പ്രതികരിക്കുന്നതിന്റെ അർത്ഥം എനിക്ക് മനുഷ്യത്വമില്ലെന്നോ സഹാനുഭൂതി ഇല്ലെന്നോ അല്ല. എന്റെ വനിതാ സുഹൃത്തുക്കൾ എന്നെ മനസിലാക്കാത്തതിനാൽ എനിക്ക് ഖേദമുണ്ട്. സമൂഹത്തിൽ ക്രൂരകൃത്യങ്ങൾ ചെയ്യുന്നവരോട് എനിക്ക് തെല്ലും മമതയില്ല. അവരോട് ക്ഷമിക്കാൻ എനിക്ക് കഴിയില്ല. 

ധീരയായ എന്റെ സുഹൃത്തിനെ കുറിച്ച് എനിക്ക് അഭിമാനമുണ്ട്. കുറ്റാരോപിതൻ തെറ്റുകാരനാണെങ്കിൽ അവരുടെ ധീരമായ നീക്കം അപരാധിയെ വെറുതെ വിടാതിരിക്കട്ടെ. പാപികളോട് പൊറുക്കുന്ന ഒരു നിയമവ്യവസ്ഥയുടെ ഭാഗമാണെന്ന് ഓർക്കുമ്പോൾ ദുഖമുണ്ട്.  പ്രചരണം നൽകേണ്ടത് ശക്തമായ നിയമവ്യവസ്ഥയുള്ള ഒരു രാജ്യം കെട്ടിപ്പടുക്കാനുള്ള സന്ദേശമാണ്.  ഡബ്ലുസിസിയുടെ ഭാഗമല്ലെങ്കിലും എല്ലാ പ്രവർത്തനങ്ങൾക്കും പിന്തുണ. ആക്രമിക്കപ്പെടുന്നതിൽ  സ്ത്രീയും ഭാഗികമായി ഉത്തരവാദിയാണ് എന്ന എന്റെ പ്രസ്താവന ഉരുത്തിരഞ്ഞത് എന്റെ വ്യക്തി ജീവിതത്തിൽ നിന്നാണ്- മംമ്ത കുറിച്ചു.

സ്ത്രീകൾ ആക്രമിക്കപ്പെടുന്നതിന് കാരണം അവരുടെ തന്നെ പ്രവൃത്തികളാണെന്ന മംമ്ത മോഹൻദാസിന്റെ വിവാദ അഭിമുഖത്തിനെതിരെ ആഞ്ഞടിച്ച് നടിയും ഡബ്ല്യു.സി.സി അംഗവുമായ റിമ കല്ലിങ്ങൽ രംഗത്തു വന്നിരുന്നു.  സ്തീകൾ ആക്രമിക്കപ്പെടുന്നതിന്റെ ഉത്തരവാദി ഒരിക്കലും അവരല്ലെന്നും മറിച്ച് അത് ചെയ്തവരും അവരെ പിന്തുണയ്ക്കുന്ന സമൂഹവും അവർക്ക് സംരക്ഷണം ഒരുക്കുന്ന ലോകവുമാണെന്നും റിമ ഫെയ്സ്ബുക്കിൽ കുറിച്ചു. വഞ്ചിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ആക്രമിക്കപ്പെടുകയും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യപ്പെടുന്നതിന്റെയും കാരണക്കാര്‍ ഒരിക്കലും സ്ത്രീകൾ അല്ല. മറിച്ച് നിങ്ങളെ ബലാത്സംഗത്തിന് ഇരയാക്കിയവരും പീഡിപ്പിച്ചവരും തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ചവരുമാണ്. ഈ തെറ്റുകളെ നിസാരവത്കരിക്കുന്ന സമൂഹവും ഉത്തരവാദികളാണെന്ന് റിമ തുറന്നടിച്ചു. 

അക്രമിക്കുകയും കടന്നു കയറുകയും അതിക്രമിക്കുകയും തട്ടിക്കൊണ്ടുപോകുകയും ബലാത്സംഗം ചെയ്യുകയും ചെയ്യുന്നവനാണ് ഉത്തരവാദി. സ്ത്രീകളല്ല.മറ്റൊരു വ്യക്തിയുടെ പ്രവൃത്തികളെ ഒരിക്കലും കുറ്റപ്പെടുത്തരുത്. സംസാരിച്ചുകൊണ്ടേയിരിക്കുക. ഓരോരുത്തര്‍ക്കുവേണ്ടിയും മറ്റുള്ളവര്‍ക്ക് വേണ്ടിയും..നിശ്ബദതയുടേയും അജ്ഞതയുടേയും മതിലുകള്‍ തകര്‍ക്കുക. റിമ ഫെയ്സ്ബുക്കിൽ കുറിച്ചു

റിമയുടെ ഫെയ്സ്ബുക്ക് കുറിപ്പിലും മംമ്ത അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. നിങ്ങളുടെ അഭിപ്രായത്തിന് നന്ദിയുണ്ടെന്നും സമൂഹത്തില്‍ ഒരു സ്ത്രീ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് തനിക്ക് വ്യക്തമായ അവബോധമുണ്ടെന്നും മംമ്ത കുറിച്ചു. അസന്തുലിതാവസ്ഥ നിലനില്‍ക്കുന്നൊരു സമൂഹത്തിലാണ് താനും ജീവിക്കുന്നതെന്നും  ഞാന്‍ വിശ്വസിച്ച ചില പുരുഷന്മാരില്‍ നിന്ന് എനിക്കും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും റിമയ്ക്ക് നൽകിയ മറുപടിയിൽ മംമ്ത പറഞ്ഞു. തനിക്ക് സഹാനുഭൂതിയും വിവേചന ശേഷിയും ഉണ്ടെന്ന് പറഞ്ഞ മംമ്ത, ബലാത്സംഗക്കരാണെന്ന് തെളിഞ്ഞാല്‍ നീതിപീഠത്തോട്  അവരെ തൂക്കിലേറ്റാൻ ആവശ്യപ്പെടണമെന്നും രണ്ടാമതൊരു അവസരം കൊടുക്കരുതെന്നും മറുപടി നൽകി. ഉള്ളില്‍ നിന്ന് കരയുന്ന സ്ത്രീകള്‍ക്കുനേരെ ദയവായി തിരിയരുതെന്നും മംമ്ത പ്രതികരണത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. പ്രതികരിക്കുന്നതിന് മുന്‍പ് ആലോചിക്കണമെന്നും അവര്‍ മറുപടി നല്‍കുന്നു.ഒരു ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ വിവാദ പരമാർശം.