കയ്യടി നേടി ‘അപ്പന്‍’; സിനിമ പഠിച്ചത് ഈമയൗ സെറ്റില്‍; മജു: അഭിമുഖം

സണ്ണി വെയ്ന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ഡാര്‍ക് കോമഡി ഡ്രാമ ചിത്രമാണ് 'അപ്പന്‍'. 'ഫ്രഞ്ച് വിപ്ലവം' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച മജു കെ ബിയാണ് സംവിധായകന്‍. ഒരു അപ്പന്റെ ചെയ്തികളാലും പാപങ്ങളാലും വേട്ടയാടപ്പെടുന്ന കുടുംബത്തിന്‍റെ കഥയാണ് പ്രമേയം. മജുവും ആര്‍ ജയകുമാറും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. സോണി ലിവിലൂടെ 28നാണ് ചിത്രം റിലീസ് ചെയ്തത്. ഫ്രഞ്ച് വിപ്ലവത്തിന് ശേഷം സീറോയില്‍ നിന്ന് താന്‍ മൈനസിലേക്ക് പോയെന്നും അവിടുന്ന് എങ്ങനെയാണ് തിരിച്ചുകയറിയതെന്നും മജു മനോരമന്യുസ് ഡോട്കോമിനോട് പറയുന്നു. 

അപ്പന്‍റെ വിജയം

ഒരുപാട് പേര്‍ക്ക് അപ്പന്‍ ഇഷ്ടപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ റിവ്യൂസും അഭിനന്ദനവും അഭിപ്രായങ്ങളുമൊക്കെ പരിചയമില്ലാത്തവര്‍ വരെ എന്നെ അറിയിക്കുന്നുണ്ട്. എന്തെങ്കിലും പ്രമോഷനൊക്കെ ചെയ്യണമെന്ന് കരുതിയതാണ്. പക്ഷെ, അതൊന്നും ആവശ്യം വന്നില്ല. എല്ലാവരും സിനിമയെ കുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. വളരെ സട്ടിലായി ഒതുക്കി വച്ച കാര്യങ്ങള്‍ വരെ കണ്ടെത്തി ആഴത്തില്‍ ചര്‍ച്ച ചെയ്യുന്നു. ഇതൊക്കെ കാണുമ്പോള്‍ സ്നേഹവും സന്തോഷവും തൊന്നുന്നു. 

അപ്പന്‍റെ ആശയത്തിലേക്കെത്തിയത്

ഇതുവരെ കാണാത്ത എല്ലാവരാലും വെറുക്കപ്പെട്ട വളരെ ക്രൂരനായ ഒരപ്പനാണിത്. ആര്‍ക്കും ഒരിക്കല്‍ പോലും ന്യായീകരിക്കാനാവാത്ത, ഒരു നന്മ പോലും അവശേഷിക്കാത്ത അപ്പന്‍. വിനോയി തോമസിന്‍റെ കരിക്കോട്ടക്കരി, പുറ്റ്, എസ് കെ പൊറ്റെക്കാട്ടിന്‍റെ വിഷകന്യക പൊലുള്ള പുസ്തകങ്ങളൊക്കെ വായിക്കുമ്പോള്‍ കുടിയേറ്റങ്ങളെ പറ്റി എന്നെ ചിന്തിപ്പിക്കാറുണ്ട്. കുടിയേറ്റങ്ങളുടെ സമയത്ത് അവര്‍ നേരിടുന്ന ഒരു വന്യത. ആ സമയത്ത് വന്യമൃഗങ്ങളെ കൊന്നും കാട് വെട്ടിത്തെളിച്ചുമൊക്കെ അവരില്‍ ഒരു തരത്തിലുള്ള വന്യതയുണ്ടാകുമെന്ന് കേട്ടിട്ടുണ്ട്. ധൈര്യപൂര്‍വം നെഞ്ച് വിരിച്ച് എന്തിനെയും നേരിടുന്നവരാകും അവര്‍. എന്നാല്‍ അവരില്‍ നെഗറ്റീവായ ചിലര്‍ വീട്ടിലെങ്ങനെയാകും പെരുമാറുക എന്ന ചിന്തയാണ് ഈ ആശയത്തിലേക്ക് എത്തിച്ചത്. സാധ്യത തോന്നിയത് കൊണ്ട് ഞാന്‍ എന്‍റെ സുഹൃത്തായ ആര്‍ ജയകുമാറിനോട് ആശയം പറയുകയായിരുന്നു. അദ്ദേഹം ഒരു ഇടുക്കിക്കാരനായതുകൊണ്ട് പെട്ടെന്ന് കണക്ട് ചെയ്യാന്‍ പറ്റി. അങ്ങനെ ഞങ്ങള്‍ ഒന്നിച്ച് എഴുത്ത് തുടങ്ങുകയായിരുന്നു. 

.

നമുക്ക് ചുറ്റുമുള്ള 'അപ്പന്‍'

നമ്മുടെ ചുറ്റും ഇതുപോലെയല്ലെങ്കിലും ഇത്തരം ട്രെയ്റ്റ്സുള്ള ആളുകള്‍ ഉണ്ടാകും. എന്തിന് നമ്മളില്‍ പോലും. എന്‍റെ സുഹൃത്തുക്കളില്‍ ചിലരൊക്കെ ഇത്തരം ആളുകളെ പറ്റി പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ, ഇരകള്‍. ജോജി. തുടങ്ങിയ ചിത്രങ്ങളിലൊക്കെ അപ്പന്‍ മകന്‍ കോണ്‍ഫ്ലിക്റ്റുകള്‍ കാണാം. ജോജി ഇറങ്ങുന്നതിന് മുന്‍പ് തന്നെ അപ്പന്‍റെ സ്ക്രിപ്റ്റ് എഴുതി വച്ചിരുന്നതാണ്. എല്ലാം വേറെ തരം അപ്പന്മാരാണ്. നേരിട്ട് ഇതേപൊലെ ഒരു അപ്പനെ പരിചയമില്ലെങ്കിലും ഞാന്‍ കരുതുന്നത് എല്ലാവരുടെ ഉള്ളിലും ഇത്തരത്തിലുള്ള മനുഷ്യന്മാരുണ്ടെന്നാണ്. എഴുത്ത് തുടങ്ങി ഞങ്ങള്‍ പൂര്‍ണമായും അതിലേക്ക് ഇന്‍ ആയി. ആ വീട്ടിലൂടെയും, മുറികളിലൂടെയുമെല്ലാം സഞ്ചരിച്ച് ആ കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ ഏതൊക്കെ തരത്തില്‍ മറ്റ് കഥാപാത്രങ്ങളെ ബുദ്ധിമുട്ടിക്കാം എന്ന് ആലോചിക്കും. പിന്നെ, വയ്യാതെ കിടക്കുന്നവരുടെ മുറിയും ചുറ്റുപാടുമൊക്കെ പോയി നോക്കിയിരുന്നു. 

സിനിമ പഠിച്ചത് ഈമയൗ സെറ്റില്‍

ലിജോ ജോസ് പെല്ലിശേരി എന്‍റെ സുഹൃത്താണ്. ഈമയൗ സെറ്റില്‍ നിന്നുമാണ് സിനിമ സംവിധാനം കൂടുതല്‍ പഠിക്കാനായത്. പന്ത്രണ്ടോളം ദിവസം മാത്യു സറിനൊപ്പം ഞാന്‍ സെറ്റില്‍ പോയിരുന്നു. ഒരു ശ്രമം അന്നായിരുന്നു തുടങ്ങുന്നത്. 

കൂടെ നിന്നവര്‍

എന്‍റെ ആദ്യ സിനിമ ഫ്രഞ്ച് വിപ്ലവത്തിലൂടെയാണ് സണ്ണി വെയ്നെ പരിചയപ്പെടുന്നത്. ഇപ്പോള്‍ ഒരു കഥ സെറ്റായാല്‍ എനിക്ക് ആദ്യം പറയാന്‍ തോന്നുന്നത് സണ്ണിയോട് തന്നെയാണ്. അപ്പന്‍ എഴുതി കഴിഞ്ഞ ശേഷം ഒരിക്കല്‍ രാജീവ് രവിക്ക് വായിക്കാന്‍ നല്‍കി. തിരക്കഥ ഇഷ്ടപ്പെടുകയും ഇത് സിനിമയാക്കണമെന്നും അദ്ദേഹം തന്നെ ക്യാമറ  ചെയ്യാമെന്നും പറഞ്ഞിരുന്നു. പക്ഷെ, മറ്റൊരു പ്രോജക്ടിന്‍റെ ഷെഡ്യൂള്‍ ബ്രേക്ക് കഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് പോകേണ്ടി വന്നു. പിന്നീടാണ് പപ്പു, വിനോദ് ഇല്ലമ്പള്ളിയും വരുന്നത്. അതുപോലെ, തുടക്കത്തില്‍ കളക്ടീവ് ഫേസിന്‍റെ പിന്തുണയുണ്ടായിരുന്നു. ഗീതു മോഹൻദാസ്, ബി അജിത്കുമാര്‍ തുടങ്ങിയവരുടെ സപ്പോര്‍ട്ട് പറയാതിരിക്കാനാവില്ല. പിന്നീട് സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും ടൈനി ഹാന്‍ഡ്‌സ് പ്രോഡക്ഷന്‍സും വന്നു. അങ്ങനെ കഴിഞ്ഞ ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലായി ഷൂട്ട് നടന്നു. 

കഥാപാത്രങ്ങള്‍..

എല്ലാവരും ഗംഭീര പ്രകടനമാണ് കാഴ്ച വച്ചത്. ഇട്ടിച്ചനായി അലന്‍സിയര്‍ ചേട്ടനും ഞൂഞ് ആയി സണ്ണിയും ഗംഭീരമാക്കി. ഭാര്യ കുട്ടിയമ്മയായി പോളി ചേച്ചിയും റോസിയായി അനന്യയും മോളിയായി ഗ്രേസും നന്നായി ചെയ്തു ഫലിപ്പിച്ചു. എനിക്ക് എറ്റവും വെല്ലുവിളിയായത് ഷീല എന്ന കഥാപാത്രമാണ്. അത് പുതുമുഖം രാധിക രാധാകൃഷ്ണന്‍ നന്നായി ചെയ്തു.  ചിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ കഥാപാത്രം ഷീലയാണ്. കാരണം മനസ്സില്‍ ഒന്ന് വച്ചിട്ട് പുറമെ മറ്റൊന്നു പ്രതിഫലിപ്പിക്കണം. അനിഷ്ടം ഉള്ളിലുണ്ടെങ്കിലും ഇഷ്ടം കാണിക്കണ്ടിവരുന്നു. അതുപോലെ, വീട്ടുകാരോടുള്ള ഇഷ്ടം മറച്ചുവയ്ക്കണം. പക്ഷെ, ഫേമസായിട്ടുള്ള ഒരു ആര്‍ടിസ്റ്റിനെ വച്ചാല്‍ പ്രഡിക്ടബിളാകുമെന്ന പേടിയുണ്ടായിരുന്നു. അതുപോലെ, ഒരു പുതുമുഖ ആര്‍ടിസ്റ്റ് ഇത്രയും ഡെപ്തുള്ള ഒരു വേഷം ചെയ്തു ഫലിപ്പിക്കുമോ എന്ന പേടിയുമുണ്ടായിരുന്നു. ഓഡിഷനിലൂടെയാണ് രാധികയെ സെലക്ട് ചെയ്യുന്നത്. രാധിക ഡാന്‍സറും ആര്‍ ജെയുമാണ്. 

നാല് സ്ത്രീകള്‍

അപ്പന്‍ വ്യത്യസ്തമായ നാല് സ്ത്രീകളുടെ കഥ കൂടിയെന്ന് പറയാം. കുട്ടിയമ്മ ഒരു സഹനത്തിന്‍റെ പ്രതീകമായി നില്‍ക്കുന്ന സ്ത്രീയാണ്. ഒരു കാലഘട്ടത്തിന് മുന്‍പ് ഒന്നും പുറത്തറിയിക്കാതെ എല്ലാം സഹിച്ച് നില്‍ക്കുന്ന ഒരു അവസ്ഥയായിരുന്നു സ്ത്രീകളുടേത്. കല്യാണം കഴിപ്പിച്ച് വിട്ടാല്‍ വീട്ടുകാര്‍ കൈകഴുകിയെന്നത് പോലെയൊരു അവസ്ഥ. എന്നാല്‍ മരുമകള്‍ റോസി നേരെ വിപരീതമാണ്. ഇന്നത്തെ കാലത്തെ സ്ത്രീകളുടെ ഒരു റപ്രസന്‍റേഷനാണ്. സ്ത്രീകള്‍ സഹനത്തിന്‍റെ പ്രതീകമല്ലെന്ന ഒരു ഓര്‍മപ്പെടുത്തലാണ്. അമ്മയ്ക്കും ഭര്‍ത്താവിനും  ഒരു താങ്ങായി കൂടെ നില്‍ക്കുന്ന വളരെ ബോള്‍ഡായ കഥാപാത്രമാണ്. ഇട്ടിച്ചന്‍റെ സ്വഭാവം കുറച്ച് മോളിക്കും കിട്ടിയിട്ടുണ്ട്. എല്ലാ മനുഷ്യരിലും നല്ലതും ചീത്തതുമുണ്ട്. അതുപോലെ, സിനിമയിലും പലപ്പോഴായി ഇവ പുറത്തുവരുന്നത് കാണാം. അതുപോലെ, ഈ സ്ത്രീകള്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതും കാണാം. 

ഇന്‍റര്‍ ജനറേഷനല്‍ ട്രോമ പ്രമേയമാകുന്നത്

പിതാവിന്‍റെ പാപങ്ങളാല്‍ വേട്ടയാടപ്പെടുന്ന ഒരു മകനാണ് ഞൂഞ്. ഞൂഞ് എന്ന കഥാപാത്രവും സങ്കീര്‍ണമാണ്. അപ്പന്‍റെ പാപങ്ങള്‍ മക്കളിലേക്ക് പകരരുത് എന്നാഗ്രഹമുണ്ട്. താനും അപ്പനെ പോലെയാകില്ല എന്ന ഒരു തീരുമാനവും ഞൂഞ് എടുക്കുന്നുണ്ട്. മറ്റാര്‍ക്കും ബുദ്ധിമുട്ടുണ്ടാവരുത് എന്നതാണ് ചിന്തിക്കുന്നത്. പക്ഷെ, അപ്പന്‍ നേരെ തിരിച്ചും. താന്‍ ചെറുപ്പത്തില്‍ കടന്നുപോയ ട്രോമ തന്‍റെ മകന് അനുഭവിക്കേണ്ടി വരരുത് എന്ന് മാത്രമാണ് മനസ്സില്‍. നാട്ടില്‍ ഞൂഞിന് ആകെയുള്ള സുഹൃത്ത് അപ്പന്‍റെ സുഹൃത്താണ്. താന്‍ ചെയ്യാത്ത പാപങ്ങളില്‍ നിന്നും ഒരു മോചനമാണ് ഞൂഞിന് വേണ്ടത്. 

നവാഗത സംവിധായകന്‍റെ വെല്ലുവിളികൾ

ഇതെന്‍റെ രണ്ടാമത്തെ ചിത്രമാണ്. നവാഗത സംവിധായകന് ആര്‍ടിസ്റ്റുകളുടെ അവൈലബിലിറ്റി വളരെ കുറവാണ്. വളരെ എക്സ്പീരിയന്‍സുള്ള അസോസിയേറ്റ് ഡയറക്ടേഴ്സിന് ഏതെങ്കിലും പ്രോജക്ടിലൂടെ കിട്ടുന്ന ബന്ധങ്ങളിലൂടെ ഒന്നു രണ്ട് വര്‍ഷമൊക്കെ കാത്തിരുന്നാലാകും ചിലപ്പോള്‍ ആര്‍ടിസ്റ്റുകളെ കിട്ടുന്നത്. പക്ഷെ, പുതിയ ഒരാള്‍ ഒരു ത്രഡുമായി വന്നാല്‍ ആര്‍ടിസ്റ്റുകളുടെ ഡേറ്റ് കിട്ടാന്‍ ബുദ്ധിമുട്ടുണ്ട്. പ്രഡ്യൂസറിനെ കിട്ടാന്‍ മാര്‍ക്കറ്റ് വാല്യ ഉള്ള ആര്‍ടിസ്റ്റുകള്‍ കുറവാണ്. ആര്‍ടിസ്റ്റുകളെ കൊണ്ടുവരാനാകും പ്രൊഡ്യൂസര്‍ ആവശ്യപ്പെടുന്നത്. ഈ സിനിമയുടെ കാര്യം പറയുകയാണെങ്കില്‍ കളക്ടീവ് ഫേസ് സഹായിച്ചിട്ടും സണ്ണി കൊ പ്രഡ്യൂസറായിട്ടും തന്നെ പടം ഒന്ന് ഓണാകാന്‍ ഒരുപാട് കഷ്ടപാടുണ്ടായിരുന്നു.

സംവിധാനമല്ലെങ്കില്‍ മറ്റെന്ത്

സിനിമ സംവിധാനം നടന്നില്ലെങ്കില്‍ ഞാന്‍ എഴുത്തിലേക്ക് തന്നെ തിരിയും. എനിക്ക് എഴുത്തും ഇഷ്ടമാണ്. ഫ്രഞ്ച് വിപ്ലവം ചെയ്യുന്നതു വരെ ഞാന്‍ സീറോ ആയിരുന്നു. അതിന് ശേഷം ഞാന്‍ മൈനസിലേക്ക് പോയി. എഴുത്തുകളിലൂടെ മാത്രമാണ് ഞാന്‍ അവിടുന്ന് കയറിവന്നത്. അതിനാല്‍ എഴുത്ത് തുടരും.  

ഒടിടി റിലീസ്

തിയറ്ററുകളുടെ കാര്യം ഇപ്പോള്‍ ഒന്നും പറയാനാകില്ല. തിയറ്ററില്‍ എക്സ്പീരിയന്‍സ് ചെയ്യുക എന്ന ആഗ്രഹമുണ്ടായിരുന്നു. പക്ഷെ, ഈ ഒരു ഘട്ടത്തില്‍ അങ്ങനൊരു റിസ്ക് എടുക്കാനാവില്ല. പിന്നെ ഒടിടി പ്ലാറ്റ്ഫോമില്‍ പിച്ച് ചെയ്തപ്പോള്‍ അവര്‍ക്ക് ഇഷ്ടമായി. 

വരാനിരിക്കുന്ന പ്രോജക്ടുകള്‍

ഒരു സ്ക്രിപ്റ്റ് ചെയ്തു കഴിഞ്ഞിരുന്നു. അതിന്‍റെ ചര്‍ച്ചകളിലാണ് ഇപ്പോള്‍. ഒരു സീരീസും ചെയ്യാന്‍ പ്ലാനുണ്ട്.