‘തടിച്ചി’ വിളി കേട്ടിട്ടുണ്ട്; രാജിയെപ്പോലെ ഞാൻ സൈലന്റ് അല്ല: ശീതള്‍ പറയുന്നു

കോമഡി, സറ്റയര്‍ ഡ്രാമ ജോണറിലിറങ്ങിയ ജയജയജയ ജയഹേ വലിയ കയ്യടികളാണ് സ്വന്തമാക്കുന്നത്. തിയറ്ററുകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും പരസ്പരം നോക്കുന്നവര്‍ക്ക്, തിയറ്ററിന് പുറത്തിറങ്ങുമ്പോഴും ആ തോന്നലുണ്ടാകണം എന്നുകൂടി സിനിമ പറഞ്ഞുവയ്ക്കുന്നു. വിപിന്‍ ദാസിന്റെ സംവിധാനത്തിലെത്തിയ ഈ കഥ മലയാളികൾക്ക് ഒരു പുതുമയല്ലായിരിക്കാം, പക്ഷേ സിനിമ വ്യത്യസ്തമാകുന്നത് പല ഘട്ടത്തിലാണ്. രാജേഷായി ബേസിൽ ജോസഫും, ജയഭാരതിയായി ദർശന രാജേന്ദ്രനും എത്തുമ്പോൾ, ഇവർക്കൊപ്പം നില്‍ക്കാൻ കുറച്ചധികം പുതുമുഖങ്ങളുണ്ട്. തന്റെ ആദ്യ സിനിമ തന്നെ വിജയത്തിലേക്ക് എത്തിയതിന്റെ സന്തോഷത്തിലാണ് രാജി എന്ന രാജേഷിന്റെ പെങ്ങളായി എത്തിയ ശീതൾ സക്കറിയ. 'തടിച്ചി' എന്നുള്ള കളിയാക്കലുകൾ സിനിമയിലെന്ന പോലെ ജീവിതത്തിലും അനുഭവിച്ചയാളാണ് ശീതൾ. ഈ റോൾ തനിക്കു മുന്നിലേക്ക് എത്തിയത് എങ്ങനെ എന്ന് ശീതൾ മനോരമ ന്യൂസിനോട് പറയുന്നു.

'ബേസിലും ദർശനയും ചില്ലാണ്'

വെബ് സീരിസുകളിലും ഷോര്‍ട്ട്ഫിലിമിലും അഭിനയിച്ചിട്ടുണ്ട്. ഈ വിഡിയോസ് കണ്ടാണ് സംവിധായകന്‍ വിളിച്ചത്. ആദ്യത്തെ ദിവസം ടേക്ക് വേഗം കഴിഞ്ഞു. പിന്നീടുള്ള ഷൂട്ടിങ്ങുകളില്‍ കുറച്ച് ടേക്കുകള്‍ വേണ്ടിവന്നു. ഇത്രയും വലിയ ടീമിന്‍റെ കൂടെ അഭിനയിക്കുന്നത് ആദ്യമായാണ് അതുകൊണ്ടുതന്നെ ടെന്‍ഷനുണ്ടായിരുന്നു. ആ ടെന്‍ഷന്‍ എല്ലാം ടീമിലുള്ളവര്‍ മാറ്റിയെടുത്തു. ദര്‍ശനയും ബേസിലും എല്ലാം 'ചില്ലാണ്'. നമ്മള്‍ ഇന്‍റര്‍വ്യൂകളില്‍ കാണുന്ന തമാശയും ചിരിയുമായുള്ള ബേസിലാണ് സെറ്റിലുമുണ്ടായത്. അമ്മ ആയി അഭിനയിച്ചത് കനകമാണ്. ആന്റി  അസാധ്യ അഭിനേത്രിയാണ്. തിയറ്റര്‍ ആര്‍ടിസ്റ്റായിരുന്നു ആന്‍റി. ഞങ്ങള്‍ ശരിക്കും അമ്മയും മോളുമായേ തോന്നൂ. അത്രയ്ക്കും സിങ്കുണ്ടായത് അമ്മയുമായി തന്നെയാണ്. 

'തടിച്ചി വിളികൾ' 

ബോഡി ഷെയ്മിങ് ജീവിതത്തിലും ഒരുപാട് നേരിട്ടിട്ടുള്ള വ്യക്തിയാണ് ഞാന്‍. ഈ കഥാപാത്രം സിനിമയില്‍ വന്നപ്പോള്‍ കൂടുതല്‍ ഓക്കെ ആയിരുന്നു. ഞാന്‍ വ്യക്തിപരമായി ഇതൊന്നും മൈന്‍ഡ് ചെയ്യാത്തയാളാണ്. തടിച്ചി, റോഡ് റോളർ എന്നുള്ള കളിയാക്കലുകള്‍ ചെറുപ്പം മുതല്‍ക്കെ കേട്ടുവരുന്നുണ്ട്. ആ കാലത്ത് അത്ര പ്രശ്നമായിരുന്നില്ല. ഇപ്പോള്‍ മറുപടി കൊടുക്കും. 

'വ്യത്യസ്ത റോളുകൾ ചെയ്യണം'

എന്‍റെ ഈ ലുക്ക് വച്ച് കോമഡിയാണ് കൂടുതല്‍ ചേരുക. അതുകൊണ്ട് അത്തരത്തിലുള്ള കഥകളാണ് വരുന്നത്. ഈ ഒരു കഥാപാത്രം കിട്ടിയപ്പോള്‍ ഞാനൊന്നു ഞെട്ടി ശരിക്കും. ഇപ്പോള്‍ ഒരു സീരിയസ് കഥാപാത്രം ചെയ്തതുകൊണ്ട് കോമഡി മാത്രമേ ചെയ്യാനാകൂ എന്ന പ്രതീക്ഷ മാത്രം വയ്ക്കുന്നില്ല . നല്ല കഥാപാത്രങ്ങള്‍ ചെയ്യണം ഇനിയും. തുടക്കം തന്നെ അടിപൊളി ആയിട്ടാണ് ചെയ്തതെന്ന് സംവിധായകന്‍ പറഞ്ഞു. ബേസിലും ദര്‍ശനയും നന്നായിരുന്നു എന്നു പറഞ്ഞു. ഇതെനിക്ക് കിട്ടാവുന്നതിലും വലിയ അംഗീകാരം തന്നെ.

'സൈലന്‍റായി സിനിമയിലെത്തി'

രാജി എന്ന കഥാപാത്രം തീര്‍ത്തും ഡിപ്രഷനിലൂടെയാണ് കടന്നുപോകുന്നത്. ചേട്ടന്‍റെയും എല്ലാവരുടെയും കളിയാക്കലുകള്‍ കേട്ട് തളരുന്നു സിനിമയില്‍. ഈ കഥ ഒത്തിരി പേരുടെ ജീവിതത്തോട് ചേര്‍ത്തുവായിക്കാവുന്നതാണ്. ഞാന്‍ ഓടിച്ചാടി നടക്കുന്ന ആളാണ് യഥാര്‍ത്ഥ ജീവിതത്തില്‍. മറുപടി കൊടുക്കേണ്ട സമയത്ത് അത് കൊടുക്കുക തന്നെചെയ്യും. 

'ആ കരാട്ടെ സീൻ'

സിനിമയിലൂടെ സാമൂഹിക പ്രശ്നങ്ങള്‍ പറയുമ്പോള്‍ അത് കാണാന്‍ ആളുണ്ടാകും. ഇത്തരത്തിലുള്ള തുടര്‍സംഭവങ്ങള്‍ സിനിമ കണ്ടിറങ്ങുമ്പോഴും മനസിലുണ്ടാകണം. കോമഡിയില്‍ ഈ വിഷയങ്ങള്‍ പറഞ്ഞതുകൊണ്ട് പ്രേക്ഷകര്‍ അതിന്‍റെ പ്രാധാന്യം മനസിലാക്കുകയും ചെയ്യും.  പെണ്‍കുട്ടികളെ തരംതിരിക്കുന്ന പ്രവണ ഇപ്പോഴുമുണ്ട്. അമ്മമാരെ പറഞ്ഞു നന്നാക്കാന്‍ നമുക്കാവില്ല. ഇനിയുള്ള തലമുറയ്ക്ക് അത് സാധിക്കും. സിനിമ ഇറങ്ങിയശേഷം കുറെ അമ്മമാരുടെ അഭിപ്രായങ്ങള്‍ കണ്ടിരുന്നു. അവരെല്ലാം പോസിറ്റീവായിട്ടാണ് സംസാരിച്ചത്– ശീതള്‍ പറ‍ഞ്ഞുനിര്‍ത്തി.