പൊലീസ് ക്വാർട്ടേഴ്സ് വളപ്പിൽ പ്രതി, അറസ്റ്റ് ചെയ്യാൻ ഒന്നാം നമ്പർ കമാൻഡോ, ഒടുവിൽ

ഫയൽ ചിത്രം

തിരുവല്ലയിൽ പൊലീസ് ക്വാർട്ടേഴ്സ് വളപ്പിലൊളിച്ച ‘പ്രതി’ വാവ സുരേഷിനെയും കബളിപ്പിച്ചു കടന്നു. ക്വാർട്ടേഴ്സിലെ കെട്ടിടാവശിഷ്ടങ്ങൾക്കിടയിലൊളിച്ച മൂർഖൻ പാമ്പായിരുന്നു പ്രതി. ഒരു കേസിൽ പോലും പ്രതിയല്ലാതിരുന്നിട്ടും മൂർഖനെ കണ്ടതോടെ അറസ്റ്റ് ചെയ്യാൻ സംസ്ഥാനത്തെ ഒന്നാം നമ്പർ ‘കമാൻഡോ’യെ തന്നെ പൊലീസുകാർ വരുത്തി. പക്ഷേ, ഒളിത്താവളങ്ങൾ ഏറെയുള്ള ക്വാർട്ടേഴ്സ് വളപ്പിൽ കമാൻഡോയെ കബളിപ്പിക്കുന്നതിൽ മൂർഖൻ വിജയിച്ചു.

20 ക്വാർട്ടേഴ്സുകളാണ് ഇവിടെയുള്ളത്. ഇതിൽ 14 എണ്ണത്തിൽ താമസക്കാരുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം താമസിക്കുന്ന ക്വാർട്ടേഴ്സ് വളപ്പിൽ എവിടെയും എപ്പോഴും പാമ്പുകൾ പ്രത്യക്ഷപ്പെടാം. ഒന്നര വർഷത്തിനുള്ളിൽ മൂന്നു മൂർഖനെയും പതിനെട്ടോളം കുഞ്ഞുങ്ങളെയും വാവ സുരേഷ് ഇവിടെനിന്നു പിടിച്ചിട്ടുണ്ട്. ആൾ താമസമില്ലാതെ കിടക്കുന്ന ആറു ക്വാർട്ടേഴ്സുകൾ കാടുമൂടിക്കിടക്കുകയാണ്. ഇവിടമാണ് പാമ്പുകളുടെ താവളം. പൊതുമരാമത്തുവകുപ്പാണു കെട്ടിടങ്ങളുടെ പരിപാലനം.

പഴയ കെട്ടിടത്തിന്റെ ഓടുകൾ പൊളിച്ചതു പല സ്ഥലത്തായി കൂട്ടിയിട്ടിരിക്കുകയാണ്. ഇത് ഇവിടെ നിന്നു മാറ്റുന്നതിനു നടപടിയും സ്വീകരിച്ചിട്ടില്ല. ക്വാർട്ടേഴ്സ് വളപ്പിൽ നിന്നു കെട്ടിടാവശിഷ്ടങ്ങൾ നീക്കം ചെയ്യാനും കാടുവെട്ടിത്തെളിക്കാനും പൊതുമരാമത്തുവകുപ്പിനോട് ആവശ്യപ്പെടുമെന്ന് സിഐ ടി.രാജപ്പൻ പറഞ്ഞു.