വേഗം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരൂ, ഇർഫാന് ഡിക്യുവിന്റെ സ്നേഹക്കുറിപ്പ്

മലയാളത്തിന്റെ കുഞ്ഞിക്കയാണ് ഇപ്പോൾ സമൂഹ മാധ്യങ്ങളിലെ താരം. ദുൽഖർ സൽമാന്റെ പെരുമ കേരളക്കരയും കടന്ന് മുന്നേറുകയാണ്. മലയാളവും തെലുങ്കുമൊക്കെ കടന്ന് ഇപ്പോഴിതാ ഡിക്യുവിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കർവാനും റിലീസിന് തയ്യാറെടുത്തു കഴിഞ്ഞു. 

പുതിയ ബോളിവുഡ് ചിത്രത്തിന് ലഭിച്ച 'ഒരു സ്പെഷ്യൽ ആശംസയാണ്’ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. അർബുദ രോഗത്തിന് ചികിത്സയിലിരിക്കുന്ന നടൻ ഇർഫാൻ ഖാനാണ് കാർവാനിലെ തന്റെ സഹതാരത്തിന് ആശംസയറിയിച്ചെത്തിയിരിക്കുന്നത്.

കാർവാന്റെ പോസ്റ്റർ ഷെയർ ചെയ്ത് കൊണ്ടായിരുന്നു ഇർഫാന്റെ ആശംസാ ട്വീറ്റ്. ഡിക്യൂവിന് മാത്രമല്ല ചിത്രത്തിലെ നായിക മിഥില പാൽക്കറിനും ഇർഫാന്റെ ആശംസയെത്തി.

ട്വീറ്റ് വൈറലായതോടെ മറുപടിയുമായി ദുൽഖറും പിന്നാലെയെത്തി.

‘ഇതിലും വലിയ തുടക്കം തനിക്ക് ലഭിക്കാനില്ല. വേഗം ആരോഗ്യം വീണ്ടെടുത്ത് തിരിച്ചുവരിക, താങ്കളുടെ രോഗ ശാന്തിക്കായി പ്രാർഥിക്കുന്നു.’–ഡിക്യുവിന്റെ സ്നേഹം നിറഞ്ഞ വാക്കുകൾ.

ആകര്‍ഷ് ഖുറാന സംവിധാനം ചെയ്യുന്ന കാര്‍വാന്‍ ദുല്‍ഖറിന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ്.

നേരത്തെ ഇർഫാൻ ഖാന് അപൂർവ രോഗം പിടിപെട്ടുവെന്ന വാർത്ത ഞെട്ടലോടെയായിരുന്നു സിനിമാലോകം േകട്ടത്. ന്യൂറോ എൻഡോക്രൈൻ ട്യൂമർ എന്ന അപൂർവ്വ രോഗമാണ് ഇർഫാനെ പിടികൂടിയത്. ഇതുമായി ബന്ധപ്പെട്ട് വിദേശത്ത് ചികിത്സ തേടുകയാണ് അദ്ദേഹം. ന്യൂറോ എൻഡോക്രൈൻ ട്യൂമർ ശ്വാസകോശം, വയറിലെ ആന്തരിക അവയവങ്ങൾ എന്നിവയെയാണ് സാധാരണ ബാധിക്കുന്നത്.