ആന ചരിഞ്ഞാല്‍ ഇത്രയും ജനം കരയുമോ? ശിവസുന്ദര്‍ പ്രിയപ്പെട്ടവനായ കഥ

ആന ചരിഞ്ഞത് പുലര്‍ച്ചെ മൂന്നു മണിക്ക്. നിമിഷ നേരത്തിനകം ജനങ്ങള്‍ പാഞ്ഞെത്തി. വരുന്നവര്‍ വരുന്നവര്‍ ആനയുടെ അരികില്‍ പോയി കരയുന്നു. ചിലര്‍ റീത്തു വയ്ക്കുന്നു. മറ്റു ചിലര്‍ പൂക്കള്‍ സമര്‍പ്പിക്കുന്നു. സ്ഥലം തൃശൂരാണ്. ആന ജീവന്റെ ജീവനാണ് ആളുകള്‍ക്ക്. ഓരോ ദേശങ്ങളിലുമുണ്ട് ആനകള്‍. ആ ദേശത്തെ മെഗാസ്റ്റാര്‍. ചരിഞ്ഞ ആന മെഗാസ്റ്റാറുകളുടെ സ്റ്റാര്‍ ആണെങ്കിലോ?... അതാണ് ഇന്നു പുലര്‍ച്ചെ തൃശൂരില്‍ സംഭവിച്ചത്. പൂരങ്ങളുടെ നായകന്‍ തിരുവമ്പാടി ശിവസുന്ദര്‍. ആനയെ അവസാനമായി ഒരു നോക്കു കാണാന്‍. യാത്രാമൊഴി ചൊല്ലാനാണ് ദേശക്കാരുടെ നീണ്ടനിര. 

പ്രശസ്ത സിനിമാ താരമോ രാഷ്ട്രീയ നേതാവ് പ്രമുഖ വ്യക്തിയോ അന്തരിച്ചാല്‍ നാം കാണുന്ന അതേചിട്ടവട്ടങ്ങള്‍. അന്തിമോപചാരം അര്‍പ്പിക്കാന്‍ തൃശൂരിന്റെ മൂന്നു മന്ത്രിമാര്‍. രാഷ്ട്രീയ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍. അങ്ങനെ, കൊമ്പന്‍ ശിവസുന്ദറിന്റെ യാത്രയയ്പ്പ് കണ്ണീരില്‍ കുതിര്‍ന്നതായി. ആനകളെ ഉപദ്രവിക്കും പീഢിപ്പിക്കും എന്നൊക്കെയാണ് പതിവായി കേള്‍ക്കാറുള്ളത്. എന്നാല്‍, തൃശൂരില്‍ ദേവസ്വത്തിന്റേയും സ്വകാര്യ വ്യക്തികളുടേയും ആനകള്‍ ഭൂരിഭാഗവും നല്ലരീതിയിലാണ് കഴിയുന്നത്. 

പഴയക്കാലത്തേതില്‍ നിന്ന് വ്യത്യസ്തമായി ആനകളുടെ ക്ഷേമകാര്യത്തില്‍ അതീവ ജാഗ്രതയുണ്ട് ഇപ്പോള്‍. യാത്ര ചെയ്യാന്‍ ലോറി. സദാസമയവും വെള്ളം. അങ്ങനെ.... വിപുലമായ സൗകര്യങ്ങള്‍. ദഹനപ്രക്രിയ നിലച്ച് പിണ്ഡം പുറത്തേയ്ക്കു വരാത്ത അവസ്ഥയാണ് എരണ്ടക്കെട്ട്. 65 ദിവസമായി ഈ അസുഖത്തിന് ചികില്‍സയിലായിരുന്നു ശിവസുന്ദര്‍. 

ശിവസുന്ദര്‍ എങ്ങനെ പ്രിയപ്പെട്ടവനായി

തൃശൂര്‍ പൂരത്തിന്റെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ് കുടമാറ്റം. മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന വര്‍ണക്കാഴ്ചകളുടെ ലോകത്ത് അപൂര്‍വമായി നിറപകിട്ടാണ് കുടമാറ്റം. ഈ കുടമാറ്റത്തിനായി ആനകള്‍ തെക്കേഗോപുരം വഴി പുറത്തിറങ്ങുന്ന കാഴ്ചയുണ്ട്. ഒരിക്കല്‍ തൃശൂര്‍ പൂരം കണ്ടിട്ടുള്ളവര്‍ ആ കാഴ്ച മറക്കില്ല. മുപ്പത് ആനകള്‍ തെക്കേഗോപുരം വഴി പുറത്തു കടക്കും. ഈ ആനകളുടെ കൂട്ടത്തില്‍ ലാളിത്യത്തോടെ ശിവസുന്ദര്‍ തിടമ്പുമായി തെക്കേനടയില്‍ എത്തും. 

നടയിരുത്തിയ വ്യവസായി ടി.എ.സുന്ദര്‍മേനോന്‍ കൊമ്പില്‍ തൊട്ടാണ് ആനയെ ആനയിക്കും. കൊമ്പില്‍ തൊട്ടാല്‍ ആനയ്ക്കു ദേഷ്യം വരില്ലേ?... ഈ കാഴ്ച കാണുന്ന ഓരോരുത്തരും ഈ ചോദ്യം നൂറുതവണ മനസില്‍ ചോദിച്ചുണ്ടാകും. ആനയുമായി അത്രയും മാനസിക അടുപ്പമുള്ളവര്‍ക്കു മാത്രമേ ഇതുസാധിക്കൂ. ആനയുടെ മുമ്പിലൂടെ കുറുകെ കടന്നാല്‍പോലും തുമ്പിക്കൈ കൊണ്ട് എടുത്തെറിയും. അപ്പോഴാണ്, കൊമ്പില്‍ തൊടുന്ന കാര്യം. അത്രയും ലാളിത്യമുള്ള ആനയാണ് ശിവസുന്ദര്‍. പതിനഞ്ചു വര്‍ഷം മുമ്പു പൂക്കോടന്‍ ഫ്രാന്‍സിസിന്റെ പക്കല്‍ നിന്നാണ് ടി.എ.സുന്ദര്‍മേനോന്‍ ആനയെ വാങ്ങുന്നത്. 

ഇരുപത്തിയെട്ടു ലക്ഷം രൂപയ്ക്ക്. തിരുവമ്പാടി ക്ഷേത്രത്തില്‍ നടയിരുത്തി. തിരുവമ്പാടി ചന്ദ്രശേഖരന്‍ ചരിഞ്ഞ കാലമായിരുന്നു അത്. ഇരുപത്തിയെട്ടു വര്‍ഷം തിടമ്പേറ്റിയ ചന്ദ്രശേഖരന്‍ വിടപറഞ്ഞപ്പോള്‍ പകരം നിയോഗിക്കപ്പെട്ടത് ശിവസുന്ദറിനെ. പിന്നെ, നീണ്ട പതിനഞ്ചുവര്‍ഷം മുടങ്ങാെത ശിവസുന്ദര്‍ പൂരത്തിന് എത്തി. തിടമ്പുമായി. ഇനി പൂരക്കാഴ്ചയില്‍ ആ അഴകില്ല. നാട്ടാനകളുടെ മാണിക്യമായി ശിവസുന്ദറിന്റെ അഴക് ഓര്‍മകളില്‍ മാത്രം. ഇതുതിരിച്ചറിയാവുന്ന പൂരപ്രേമികള്‍ വാവിട്ടുകരഞ്ഞാല്‍ അത്ഭുതപ്പെടാനുണ്ടോ?... അതാണ് തൃശൂരില്‍ സംഭവിച്ചത്.