വാഹനാപകടം കഴുത്തിനു താഴേക്ക് തളർത്തി, എന്നിട്ടും സ്വയം കാറോടിച്ച് ഡൽഹിയിലേക്ക്

കോഴിക്കോട്ടുകാരൻ പ്രജിത്ത് ജയ്‌പാൽ ഒരു യാത്രയ്‌ക്കുള്ള തയാറെടുപ്പിലാണ്. കോഴിക്കോടുനിന്ന് ഡൽഹിയിലേക്കും തിരിച്ചുമുള്ള കാർ യാത്ര. കാറോടിക്കുന്നത് പ്രജിത്ത് തന്നെ. രണ്ട് സഹായികളും ഒപ്പമുണ്ട്. വരുന്ന ഏപ്രിൽ ഒന്നിന് തുടങ്ങി മുപ്പതിന് തിരിച്ചെത്താനാണ് പരിപാടി. വെറുതെ ഡൽഹി വരെ പോയിവരുകയല്ല ലക്ഷ്യം. യാത്രയിലുടനീളം പരമാവധി ആളുകളെ കാണണം. അവരുമായി സംസാരിക്കണം. അവർക്ക് ഹസ്‌തദാനം ചെയ്‌യണം. തന്റെ യാത്രയ്‌ക്ക് പ്രജിത്ത് നൽകിയിരിക്കുന്ന പേരും അതുതന്നെ: Shake Hands With Me. ഒരുപക്ഷേ, ഈയൊരു ലക്ഷ്യത്തോടെ പുറപ്പെടുന്ന രാജ്യത്തെ ആദ്യ യാത്രയാകും പ്രജിത്തിന്റേത്.

നമ്മളിൽ പലരും പതിവായി കാണാത്ത, കണ്ടാലും കണ്ടതായി നടിക്കാത്ത ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് ഇന്ന് പ്രജിത്ത് ജയ്‌പാൽ. കഴുത്തിന് താഴേക്ക് sensation ഇല്ല.  വീൽ ചെയറിലാണ് സഞ്ചാരം. ക്വാഡ്രിപ്ലീജിക് (Quadriplegic) എന്ന അവസ്ഥ. വിദേശത്തൊക്കെ ഇങ്ങനെയുള്ളവർ ‘കസ്റ്റമൈസ്’ ചെയ്‌ത കാറോടിക്കുന്നുണ്ടെങ്കിലും ഇത്രയേറെ ദൂരം ഇങ്ങനെയുള്ളവർ കാറോടിച്ച ചരിത്രമില്ലെന്ന് പ്രജിത്ത് പറയുന്നു.

‘‘എന്നെപ്പോലുള്ള അനേകായിരം പേർ ഈ രാജ്യത്തുണ്ട്. അവരിൽ കുറച്ചു പേരെങ്കിലും എന്റെയീ യാത്ര കണ്ട് വീടിനു പുറത്തിറങ്ങണം. എന്നെപ്പോലെ സാധാരണജീവിതം നയിക്കണം. അതാണ് യാത്രയുടെ ആദ്യത്തെ ലക്ഷ്യം. നമുക്കും പലതും ചെയ്യാനാവുമെന്ന് ഈ അവസ്ഥയിൽ കഴിയുന്നവരെ നേരിൽ ബോധിപ്പിക്കണം. രണ്ടാമതായി, എന്നെപ്പോലുള്ള അംഗപരിമിതർക്കും ജോലി ആവശ്യമുണ്ടെന്ന സന്ദേശം കോർപറേറ്റ് ലോകത്തിന് നൽകണം. മൂന്നാമത്തെ ലക്ഷ്യം ഇന്ത്യയിലെ പൊതുസ്ഥലങ്ങൾ വീൽ ചെയറിലുള്ളവർക്ക് സഞ്ചാരയോഗ്യമാക്കണം എന്നുള്ളതാണ്.’’

പ്രമുഖ ജോബ്‌സൈറ്റുകളിലെല്ലാം പ്രജിത്തിന്റെ ബയോഡേറ്റയുണ്ട്. കഴിഞ്ഞ മൂന്നു വർഷമായി വിവിധ കമ്പനികളിൽ ജോലിക്ക് അപേക്ഷ അയയ്‌ക്കുന്നുമുണ്ട്. എന്നാൽ, ഒരു കമ്പനിയും പ്രജിത്തിന്റെ അപേക്ഷ പരിഗണിക്കുന്നുപോലുമില്ല. ‘സാധാരണക്കാരെപ്പോലെ റോഡിലൂടെ നടക്കാൻ എനിക്കു കഴിയില്ലായിരിക്കും. എന്നുവച്ച് എന്റെ കരിയറിനു ചേരുന്ന ഏതൊരു കോർപറേറ്റ് ജോലിയും ഭംഗിയായി ചെയ്‌യാൻ മുന്പത്തേതുപോലെ ഇന്നും എനിക്ക് കഴിയും. ജോലി കിട്ടുന്നതുവരെ ഞാനതിനായി ട്രൈ ചെയ്തുകൊണ്ടിരിക്കും.’– തികഞ്ഞ ആത്മവിശ്വാസത്തോടെ പ്രജിത്ത് പറയുന്നു.

2011–ൽ കോഴിക്കോട് ബൈപാസിലുണ്ടായ കാറപകടത്തെ തുടർന്നാണ് പ്രജിത്തിന്റെ ജീവിതം വീൽ ചെയറിലായത്. വീൽചെയറിലായ 250 പേരെ ഉൾപ്പെടുത്തി ‘വീലേഴ്‌സ് ക്ലബ് ഫൗണ്ടേഷൻ’ എന്ന സംഘടനയും പ്രജിത്ത് ആരംഭിച്ചിട്ടുണ്ട്. ഡൽഹി യാത്രയ്‌ക്കുള്ള തിരക്കുകളിലാണ് പ്രജിത്ത് ഇപ്പോൾ.