നാലുവര്‍ഷം കൊണ്ട് നാലായിരത്തിലേറെ ചിത്രം വരച്ച് വിസ്മയമായി ഏഴാം ക്ലാസുകാരി

നാല് വർഷം കൊണ്ട് നാലായിരത്തിലേറെ ചിത്രങ്ങളാണ് റോസ് മരിയ സെബാസ്റ്റ്യൻ വരച്ചത്. ഇടുക്കി രാജാക്കാട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ഏഴാം ക്ലാസുകാരി റോസ് മരിയ കേരളത്തിലെ മുഴുവന്‍ എംഎല്‍എമാരെയും ചിത്രം വരച്ചാണ് ശ്രദ്ധ നേടിയത്. ചെന്നൈയിൽ മാർഗഴി മഹോത്സവത്തോടനുബന്ധിച്ച് നടന്ന ചിത്രപ്രദർശനം മറുനാടൻ മലയാളിക്ക് പുത്തനനുഭവമായി. 

റോസ് മരിയ സെബാസ്റ്റ്യന്‍ എന്ന പന്ത്രണ്ടു വയസുകാരി വരയിലെ വലിയ പ്രതിഭയാണ്. കേരളത്തിലെ മുഴുവൻ നിയമസഭ സാമാജികരുടെയും ചിത്രം വരച്ചാണ് റോസ് ശ്രദ്ധ നേടിയത്. ആദ്യം വരച്ച മുഴുവൻ ചിത്രങ്ങളും നിയമസഭയിലേക്കായി സർക്കാർ വാങ്ങി. എന്നാൽ അധികം വൈകിയില്ല, 141 എം.എൽ.എ മാരുടെയും മുഖങ്ങൾ ഒന്നൂടെ വരച്ചു. ഓരോ ചിത്രങ്ങൾക്കും അരമണിക്കൂർ മുതൽ ഒരു മണിക്കൂർ വരെ സമയമെടുത്താണ് വരക്കുന്നത്. മൂന്നാം ക്ലാസു മുതൽ ചിത്രകലയിൽ പൂർണ ശ്രദ്ധയൂന്നി. 

വരയ്ക്കാൻ വിവിധ മാധ്യമങ്ങള്‍ ഇഷ്ടമാണെങ്കിലും ഇപ്പോള്‍ പ്രിയം പെന്‍സില്‍, സ്ക്കെച്ച് എന്നിവയോടാണ്. അക്രിലിക്, വാട്ടർ കളർ എന്നിവയും വഴങ്ങും. മ്യൂറൽ പെയിന്റിങ് പഠിക്കണം. ഇടുക്കിയിലെ കര്‍ഷകനായ സെബാസ്റ്റ്യന്റെയും ഷെർളിയുടെയും മകളാണ് റോസ് മരിയ.