തടവുകാരന്റെ മകനെ സഹായിക്കാന്‍ പിരിവിട്ടു; വിയ്യൂര്‍ ജയിലില്‍ പിരിഞ്ഞത് ഒന്നേമുക്കാല്‍ ലക്ഷം..!

വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുപുള്ളിയാണ് ഇടുക്കി ചെറുതോണി സ്വദേശി തോമസ്. പൊലീസുകാരനെ കൊന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ടയാള്‍. ജയിലില്‍ എണ്ണൂറു തടവുകാരുണ്ട്. നൂറുനൂറു സങ്കടങ്ങള്‍ ഉള്ളവര്‍. ഒരിക്കല്‍ തോമസിന്റെ വീട്ടില്‍ നിന്ന് അടിയന്തരമായി സൂപ്രണ്ടിന് ഫോണ്‍ കോള്‍. മൂത്ത മകന് കാര്യമായി എന്തോ അസുഖമുണ്ട്. ആശുപത്രിയിലാണ്. സീരിയസാണെന്ന്. ഇതുവരെ പരോള്‍ കിട്ടാതെ അഞ്ചു വര്‍ഷമായി ജയിലില്‍തന്നെയായിരുന്നു തോമസ്. പൊലീസുകാരന്റെ കൊലയാളിയായതിനാല്‍ പരോള്‍ നിഷേധിക്കാന്‍ പൊലീസ് റിപ്പോര്‍ട്ട് കൊടുക്കും. മകന് അസുഖമായതിനാല്‍ ജയില്‍ സൂപ്രണ്ട് ഇടപ്പെട്ട് അടിയന്തര പരോള്‍ അനുവദിച്ചു. 

ആശുപത്രിയില്‍ കണ്ടത്

എട്ടുവയസുകാരന്‍ ഗോഡ്്വിന്‍ തോമസിന് മജ്ജയിലാണ് പ്രശ്നം. മജ്ജ മാറ്റിവയ്ക്കണം. ഇല്ലെങ്കില്‍ അധികനാള്‍ ജീവിക്കാനാകില്ല. മുപ്പതു ലക്ഷം രൂപ വേണം. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ജയിലില്‍ കഴിയുന്ന തോമസ് എങ്ങനെ ഈ മുപ്പതു ലക്ഷമുണ്ടാക്കും. പണിത വീടുതന്നെ വായപ് മുടങ്ങി ബാങ്കുകാര്‍ കൊണ്ടുപോയി. ഭാര്യയ്ക്കു ജോലിയുമില്ല. ഇളയമകളേയും നോക്കണം. പെരുവഴിയിലായ ഭാര്യയും മക്കളും കൊരട്ടിയില്‍ ഭാര്യയുടെ വീട്ടിലാണ്. പതിനാലു വര്‍ഷം കഴിഞ്ഞ് ജയിലില്‍ നിന്ന് പുറത്തിറങ്ങുമ്പോഴെങ്കിലും മക്കള്‍ക്കൊപ്പം കഴിയാമെന്ന പ്രതീക്ഷയിലാണ് തോമസ് ജീവിക്കുന്നതുതന്നെ. മുപ്പതു ലക്ഷം അപ്രാപ്യമാണെന്ന് തോമസ് മനസിലാക്കി.

തടവുകാര്‍ അറിഞ്ഞു

തോമസിന്റെ അടിയന്തര പരോളും മകന്റെ അസുഖം ജയിലില്‍ ചര്‍ച്ചയായി. തടവുപുള്ളികള്‍ പരസ്പരം പറഞ്ഞു. അങ്ങനെ, സീനിയര്‍ തടവുകാര്‍ ജയില്‍ സൂപ്രണ്ടിനോട് ഒരു കാര്യം പറഞ്ഞു. ''സര്‍ ഞങ്ങള്‍ ഞങ്ങളുടെ വരുമാനത്തില്‍ നിന്ന് ഒരു പങ്ക് തോമസിന്റെ മകന് ചികില്‍സയ്ക്കു നല്‍കിക്കോട്ടെ''. സൂപ്രണ്ട് എം.കെ.വിനോദ്കുമാര്‍ ഇക്കാര്യം േമലുദ്യോഗസ്ഥരോട് ചോദിച്ചു. ജയില്‍ ഡി.ജി.പി ശ്രീലേഖയും ഈ നല്ലകാര്യത്തിന് സമ്മതംമൂളി. അങ്ങനെ, തടവുകാര്‍ പണം പിരിച്ചു. 

കിട്ടി ഒന്നേമുക്കാല്‍ ലക്ഷം രൂപ

എണ്ണൂറു തടവുകാരുണ്ട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍. ഒരു തടവുകാരന് പ്രതിദിനം 55 രൂപയാണ് വേതനം. അസാമാന്യമായി അധ്വാനിച്ചാല്‍ ചിലപ്പോള്‍ 112 രൂപ വരെ കിട്ടും. അവധി ദിവസങ്ങളില്‍ പണിയില്ല. ഒരു മാസം 20 ദിവസം പണിയുണ്ടാകും. തോമസിന്റെ മകനു വേണ്ടി ഓരോരുത്തരും പണം നല്‍കി. 100 രൂപ മുതല്‍ അയ്യായിരം രൂപ വരെ. ചിലര്‍ വീട്ടില്‍ വിളിച്ചു പറഞ്ഞ് പണം അയപ്പിച്ചു. രണ്ടാഴ്ച കൊണ്ടു പണം പിരിച്ചപ്പോള്‍ ജയില്‍ അധികൃതരും ഞെട്ടി 1,80,000 രൂപ. കുറ്റം ചെയ്ത് ജയില്‍ വന്നവരാണെങ്കിലും മനസലിവ് നഷ്ടപ്പെട്ടില്ലെന്ന് ഇവര്‍ തെളിയിച്ചു. ജയില്‍ ദിനാഷോഘത്തിന് എത്തിയ മന്ത്രി വി.എസ്.സുനില്‍കുമാര്‍ ഈ തുക തോമസിന് കൈമാറി. 

ഇനിയും വേണം 28 ലക്ഷം

പൊതുവെ സമൂഹം ക്രൂരന്‍മാരെന്ന് വിധിയെഴുതിയവര്‍ തോമസിനെ സഹായിക്കാന്‍ കാണിച്ച സന്‍മനസ് ഇനി മറ്റുള്ളവര്‍ കൂടി കാണിക്കണം. തോമസിന്റെ ഭാര്യയും മക്കളും കഴിയുന്നതുതന്നെ പള്ളിയില്‍ നിന്ന് കിട്ടുന്ന സഹായം കൊണ്ടാണ്. ഒരുപക്ഷേ, തോമസ് ജയിലില്‍ അല്ലായിരുന്നെങ്കില്‍ കൊള്ളപലിശയ്ക്കു പണം കടംവാങ്ങി വരെ മകനെ ചികില്‍സിക്കുമായിരുന്നു. നാലുചുമരുകള്‍ക്കുള്ളില്‍ കഴിയുന്ന തടവുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ മാത്രം ഈ അക്കൗണ്ട് നമ്പര്‍ കുറിച്ചെടുക്കുക.

67359291213

Godwin Thomas or Thomas Sebastin

State bank of india

Koratty branch

IFSC CODE :SBIN0070206