മാധ്യമങ്ങളെ പഴിക്കുമ്പോള്‍ സിപിഎം ഇത് മറക്കരുത്..!

ചാനലുകളെ നിയന്ത്രിക്കാന്‍ നടപടിവേണം എന്ന വാദത്തിലുറച്ച് സി.പി.എം നേതാവ് മനോരമ ന്യൂസ് ചാനല്‍ ഒന്‍പതുമണി ചര്‍ച്ചയില്‍ സംസാരിക്കുന്നു. മംഗളത്തില്‍ സംഭവിച്ചതല്ലാതെ എന്ത് അനഭിലഷീയ പ്രവണതയാണ് ചൂണ്ടിക്കാണിക്കാനുള്ളത് എന്ന പ്രമോദ് രാമന്റെ ചോദ്യത്തോട് നിരന്തരമുള്ള ബ്രേക്കിങ് ന്യൂസുകളടക്കം അനഭിലഷണീയമാണ് എന്ന് മറുപടി. മംഗളം വിഷയം കൂടാതെ നേതാവ് രണ്ടുതവണയായി ചൂണ്ടിക്കാട്ടിയത് ഇരുപതുവര്‍ഷം മുന്‍പത്തെ ചാരക്കേസ്. ആക്ഷേപം ചാനലുകള്‍ക്കെതിരെയല്ല പത്രങ്ങളെക്കുറിച്ചാണെന്ന് വ്യക്തം.

മാധ്യമ ധാര്‍മികതയെപ്പറ്റി പ്രസംഗിക്കുന്ന സിപിഎം നേതാക്കള്‍ ചാരക്കേസിന്റെ മുഴുവന്‍ പഴിയും പത്രങ്ങളുടെമേല്‍ ചാര്‍ത്തിക്കൊടുക്കുന്നത് സ്ഥിരം ഏര്‍പ്പാടാണ്. പത്രങ്ങള്‍ വരുത്തിയ പിഴവുകളെ ന്യായീകരിക്കുന്നേയില്ല. പക്ഷേ, മാധ്യമങ്ങളെ പഠിപ്പിക്കാനിറങ്ങിയിരിക്കുന്ന ഈ നേതാക്കള്‍ അജ്ഞത നടിച്ച് മറച്ചുവയ്ക്കുന്ന ഒരുകാര്യം ചൂണ്ടിക്കാണിക്കാതെ വയ്യ.

കെ.കരുണാകരന്‍ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണല്ലോ ചാരക്കേസ് ഉണ്ടാകുന്നതും അദ്ദേഹം രാജിവയ്ക്കുന്നതും. ചാരക്കേസ് കള്ളക്കഥയാണെന്ന് സി.ബി.ഐ കണ്ടെത്തുകയും റിപ്പോര്‍ട്ട് കോടതി അംഗീകരിക്കുകയും ചെയ്തപ്പോള്‍ എ.കെ.ആന്റണിയാണ് മുഖ്യമന്ത്രി. ആന്റണി സര്‍ക്കാര്‍ സിബിഐ റിപ്പോര്‍ട്ടിനെ നിയമപരമായി ചോദ്യം ചെയ്യാന്‍ പോയില്ല.

1996ലെ തിരഞ്ഞെടുപ്പില്‍ ചാരക്കേസ് ഇടതുമുന്നണി പ്രചാരണവിഷയമാക്കി. തുടര്‍ന്ന് അധികാരത്തില്‍വന്ന ഇ.കെ.നായനാര്‍ മന്ത്രിസഭ ചാരക്കേസിലെ സിബിഐ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന നിലപാടെടുത്തു. കേസന്വേഷണം സിബിഐയ്ക്കു വിടാന്‍ മുന്‍പ് കെ.കരുണാകരന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനം റദ്ദുചെയ്തു. നായനാര്‍ സര്‍ക്കാരിന്റെ അഡ്വ.ജനറല്‍ എം.കെ.ദാമോദരനായിരുന്നു. ഡിഐജി സെന്‍കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്താന്‍ നായനാര്‍ സര്‍ക്കാര്‍ ഉത്തരവിട്ടു.

കുറ്റാരോപിതര്‍ ഹൈക്കോടതിയിലും പിന്നെ സുപ്രീംകോടതിയിലും പോയി. 1998 ഏപ്രിലില്‍ സര്‍ക്കാര്‍ തീരുമാനം റദ്ദുചെയ്തു സുപ്രീംകോടതി ഉത്തരവിട്ടു. നിയമം നടപ്പാക്കാന്‍ ബാധ്യതയുള്ള ഒരു സര്‍ക്കാരിനു ചേര്‍ന്ന നടപടിയല്ല ഇതെന്ന രൂക്ഷവിമര്‍ശനത്തോടെ. ആരോപണവിധേയര്‍ക്ക് കോടതിച്ചെലവ് സര്‍ക്കാര്‍ നല്‍കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.

അപ്പോള്‍, സിബിഐ കള്ളക്കേസെന്ന് കണ്ടെത്തിയ റിപ്പോര്‍ട്ടു തള്ളിക്കളഞ്ഞതും ആരോപണവിധേയരെ വീണ്ടും കുരുക്കാന്‍ ശ്രമിച്ചതും ആരാണ് ?

ഇത് സൗകര്യപൂര്‍വം അങ്ങു മറന്നേക്കാം അല്ലേ? ഇനി അജ്ഞത നടിക്കുന്നതല്ല ശരിക്കും അജ്ഞത കൊണ്ടാണെങ്കില്‍ നായനാര്‍ സര്‍ക്കാരിനെതിരായ സുപ്രീംകോടതി വിധി കോടതിയുടെ വെബ്‌സൈറ്റിലുണ്ട്.

അനുബന്ധമായി നമ്പിനാരായണന്റെ ഓര്‍മകളുടെ ഭ്രമണപഥം എന്ന പുസ്തകത്തിലെ ഈ ഭാഗം കൂടി വായിക്കാം.

" ശ്രീ വി.എസ്.അച്യുതാനന്ദനെ എനിക്ക് വലിയ ബഹുമാനമായിരുന്നു. അദ്ദേഹം നേരിനൊപ്പം എല്ലാക്കാലത്തും നില്‍ക്കുന്ന ഒരാളായി ഞാന്‍ കരുതിയിരുന്നു. എന്നാല്‍ ചാരക്കേസിന്റെ പലഘട്ടങ്ങളിലും അദ്ദേഹം നടത്തിയ ഇടപെടലുകള്‍ എന്റെ മനസിലെ വിഗ്രഹം ഉടച്ചു. എ.കെ.ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തെക്കണ്ട് കേസ് അന്വേഷണം വീണ്ടും നടത്തണമെന്ന് വി.എസ് പറഞ്ഞിരുന്നു. പിന്നെ കോടതിയില്‍ പലതവണ കേസുകള്‍ ഫയല്‍ ചെയ്തു. നടക്കാന്‍ സാധ്യതയില്ലാത്ത കേസ് നടന്നു എന്ന് പറയുന്നവരുടെ കൂട്ടത്തില്‍ ഒരു മുതിര്‍ന്ന പൊതുപ്രവര്‍ത്തകന്‍ വന്നത് എന്നെ വല്ലാതെ വേദനിപ്പിച്ചു."