ഞാൻ ചൊവ്വാജീവി, മണ്ണിനടിയിൽ ഏഴടി പൊക്കവും വാലുമുള്ള സഹജീവികളുണ്ട്- വൈറലായി പഴങ്കഥ

സമൂഹമാധ്യമത്തിലും പ്രമുഖമാധ്യമങ്ങളിലും ചർച്ചാവിഷയമായിരിക്കുകയാണ് റഷ്യക്കാരനായ ബോറിസ്ക മിപ്രിയാനോവിച്ചിന്റെ ചൊവ്വാജീവിയാണെന്ന അവകാശവാദമുന്നയിക്കുന്ന വീഡിയോ. ഏഴ് വർഷം മുമ്പ് എടുത്ത അഭിമുഖമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 

ചൊവ്വാജീവി ഭൂമിയിൽ എത്തിയാൽ എങ്ങനെയുണ്ടാകുമെന്ന് സാങ്കൽപികമായി ചിത്രീകരിച്ച ബോളീവുഡ് സിനിമയാണ് പി.കെ. റഷ്യക്കാരനായ ബോറിസ്ക മിപ്രിയാനോവിച്ച് പി.കെ എന്തായാലും കണ്ടിട്ടില്ല. പി.കെയുടെ സംവിധായകന് ബോറിസ്കിനെ കണ്ടിട്ടുണ്ടോയെന്നും അറിയില്ല.  ഏതായാലും പി.കെയിലെ അമീർഖാന്റെ കഥാപാത്രം ബോറിസ്ക് പറയുന്നതുപോലെയുള്ള കാര്യങ്ങളൊക്കെയാണ് പറയുന്നത്. സംസാരിക്കാൻ തുടങ്ങിയപ്പോൾ മുതൽ ബോറിസ്ക മിപ്രിയാനോവിച്ച് പറയുന്നത് ചൊവ്വയിലെ ജീവിതത്തെക്കുറിച്ചായിരുന്നു. ഇപ്പോൾ 27 വയസുണ്ട് ബോറിസ്ക മിപ്രിയാനോവിച്ചിന്.  20ാമത്തെ വയസിൽ എടുത്ത അഭിമുഖം സൂപ്പർഹിറ്റാണ് ഇപ്പോഴും. മാധ്യമങ്ങൾ ചൊവ്വാജീവിതത്തിന്റെ കഥ ഏറ്റുപിടിച്ചതോടെ പഴങ്കഥ ന്യൂജെൻ ആയി. 

ബോറിസ്ക പറയുന്ന കാര്യങ്ങൾ: 

ചൊവ്വയിൽ ഒരു ആണവ യുദ്ധം ഉണ്ടായതാണ് എല്ലാം താറുമാറാക്കിയത്. ജീവിതം അവിടെ അസാധ്യമായതോടെയാണ് ഭൂമിയിലേക്ക് വരുന്നത്. യുദ്ധത്തിൽ രക്ഷപ്പെട്ടത് വളരെ കുറച്ചുപേർ മാത്രം. അതിൽ ചിലർ ഏഴടി പൊക്കവും വാലുമൊക്കെയായി ചൊവ്വയിൽ മണ്ണിനടിയിൽ കാര്‍ബണ്‍ ഡയോക്സൈഡ് ശ്വസിച്ചു കഴിയുന്നുണ്ടെന്നാണ് ഇയാൾ പറയുന്നു. മറ്റൊരു രഹസ്യവും ബോറിസ്ക പങ്കുവയ്ക്കുന്നു, ചൊവ്വയിലെ മനുഷ്യർക്ക് 35 വയസു വരെ മാത്രം പ്രായം വയ്ക്കൂ. പിന്നെ വളർച്ച നിന്ന് അവർ ചിരഞ്ജീവികളായിത്തീരും. കഴിഞ്ഞ ജന്മത്തിൽ ഒരിക്കൽ പൈലറ്റായി ഭൂമിയിൽ എത്തിയിരുന്നതായും ഇയാൾ അവകാശപ്പെടുന്നു. പഴയ ഈജിപ്്ഷ്യൻ സംസ്കാരവുമായും ചൊവ്വ വാസികൾക്ക് അഭേദ്യമായ ബന്ധമുണ്ടായിരുന്നതായും ബോറിസ്ക അവകാശപ്പെടുന്നു. 

ആദ്യം മാതാപിതാക്കൾ ഇതൊന്നും വിശ്വസിച്ചില്ല, പക്ഷെ പിന്നീട് വിശ്വസിക്കാതെ തരമില്ലാതെയായി. അത്രവിശദീകരിച്ചാണ് ചൊവ്വയിലെ ജീവിതത്തെക്കുറിച്ച് ഇയാൾ സംസാരിക്കുന്നത്. മറ്റുകുട്ടികളിൽ നിന്നും മകന് വ്യത്യസ്തനാണെന്നും ഇവർ പറയുന്നു. ജനിച്ച് ആഴ്ചകൾക്കുള്ളിൽ തലയുറച്ചു. മാസങ്ങള്‍ക്കുള്ളില്‍ ബോറിസ്ക സംസാരിച്ചു തുടങ്ങിയതായി രക്ഷിതാക്കള്‍ അവകാശപ്പെടുന്നു. രണ്ടു വയസായപ്പോൾ എഴുത്തു വശമായി എന്നാണ് ഇവരുടെ അവകാശവാദം. 

മകന്റെ മുന്നിൽവച്ച് ഒരിക്കൽപോലും അന്യഗ്രഹജീവികളെക്കുറിച്ചൊന്നും സംസാരിച്ചിട്ടേയില്ല എന്ന് മാതാപിതാക്കൾ ആണയിടുന്നു. എന്നാൽ ചെറുപ്പംമുതൽ ആരും പഠിപ്പിക്കുകയോ പറഞ്ഞുകൊടുക്കുകയോ ചെയ്യാതെ തന്നെ അന്യഗ്രഹജീവികളെക്കുറിച്ചും മറ്റു ഗ്രഹങ്ങളിലെ ജീവിതത്തെക്കുറിച്ചുമൊക്കെ മകന് ചർച്ച ചെയ്യാറുണ്ടെന്ന് ഇവർ പറയുന്നു.