മഞ്ചേശ്വരത്ത് വാഹനാപകടത്തില്‍ അച്ഛനും രണ്ട് മക്കളും മരിച്ചു

kgd-accident
SHARE

കാസർകോട് മഞ്ചേശ്വരത്ത് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും കാറും കൂട്ടിയിടിച്ച് കാർ യാത്രക്കാരായ അച്ഛനും രണ്ട് മക്കളും മരിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശികളായ പുതുമല വീട്ടിൽ ശിവകുമാർ മക്കളായ ശരത്, സൗരവ് എന്നിവരാണ് മരിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

ഇന്ന് രാവിലെ പതിനൊന്നോടെ മഞ്ചേശ്വരം കുഞ്ചത്തൂരിൽ വച്ചായിരുന്നു അപകടം. കൊല്ലൂർ മൂകാംബിക ക്ഷേത്രദർശനത്തിന് ശേഷം മടങ്ങുകയായിരുന്ന ശിവകുമാറും മക്കളും സഞ്ചരിച്ച കാർ രോഗിയുമായി മംഗളൂരുവിലേക്ക് പോവുകയായിരുന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു. നാട്ടുകാരും യാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് കാറിൽ കുടുങ്ങികിടക്കുകയായിരുന്ന മൂന്ന് പേരെയും പുറത്തെടുത്തത്. രണ്ടുപേർ സംഭവസ്ഥലത്തും ഒരാൾ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. ആംബുലൻസ് ദിശതെറ്റി വന്നതാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. 

കാസർകോട് ചട്ടഞ്ചാൽ സ്വദേശിയായ രോഗിയും ഭർത്താവും നഴ്സും ഡ്രൈവറുമാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. അപകടത്തിൽ പരുക്കേറ്റ ഇവരെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Kasarkode accident, 3 dies

MORE IN BREAKING NEWS
SHOW MORE