E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Sunday January 24 2021 01:31 AM IST

Facebook
Twitter
Google Plus
Youtube

More in Spotlight

‘ദേശീയ പാത’കം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

santha സ്വന്തം വീടിനരികിലെ റോഡിൽ മമ്പള്ളി ശാന്ത.
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കൊടുവാളെടുക്കണോ? വെട്ടിക്കൊല്ലും ഞാൻ എല്ലാത്തിനേം...’’ അലറിക്കൊണ്ടു ശാന്ത അകത്തേക്കു പോയി. 

‘‘നിങ്ങൾക്കൊന്നും തോന്നരുത്... ഇപ്പോൾ അമ്മയ്ക്കു തീരെ സുഖമില്ല. പറമ്പിന്റെ ആധാരം തട്ടിയെടുക്കാൻ വരുന്നവരായിട്ടാ അമ്മ എല്ലാവരെയും കാണുന്നത്. ഇപ്പോൾ കുറെ നാളായി ഗുളികേം കഴിക്കില്ല. അതുകൊണ്ടു കുറച്ചു കൂടിനിൽക്കുകയാണു മനസ്സിന്റെ വിഷമം.’’ – ഗിരീഷ് പറഞ്ഞു. ഇതു മമ്പള്ളി ശാന്ത. കേന്ദ്രഭരണപ്രദേശമായ മാഹി വഴി കടന്നുപോകേണ്ട ബൈപാസിനുവേണ്ടി കിടപ്പാടവും പറമ്പും കൊടുത്തിട്ടു 40 വർഷമായി പണം കിട്ടാത്ത 198 കുടുംബങ്ങളിലൊന്നിന്റെ നാഥ. 

നാലു പതിറ്റാണ്ടു മുൻപ്, മയ്യഴിപ്പുഴയുടെ തീരത്തു വീശിയിരുന്ന ഇളംകാറ്റിൽ ഇവരുടെ തൊടിയിലെ തെങ്ങുകളും സന്തോഷത്തോടെ തലയാട്ടിയിരുന്നു; ഒപ്പം ഇവരുടെ പ്രതീക്ഷകളും. ശരാശരി മലയാളികളെപ്പോലെ നല്ല ആരോഗ്യത്തോടെയും സൗന്ദര്യത്തോടെയും പ്രസന്നതയോടെയും കഴിഞ്ഞവരാണ് ഇവരും.  

പക്ഷേ, കഴിഞ്ഞ നാലു പതിറ്റാണ്ടായി ദേശീയപാതാ അതോറിറ്റിയുടെ ഫയലുകളിൽ കുരുങ്ങിപ്പോയ ഗതികെട്ട ജന്മങ്ങളാണിവർ. കെട്ടുപ്രായവും അതിനപ്പുറവും കഴിഞ്ഞിട്ടും വിവാഹം നടക്കാത്ത ‘വൃദ്ധയുവാക്കൾ’, മനോവിഷമം മൂത്തു രോഗബാധിതരായവർ, ഹൃദ്രോഗംമൂലം കുഴഞ്ഞുവീണവർ, ആധിമൂത്ത് ആത്മഹത്യ ചെയ്തവർ, ഭ്രാന്തുപിടിച്ചവർ, പഠിപ്പു മുടങ്ങിയവർ, പണിയില്ലാത്തവർ... ‘എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടവർ’ എന്നത് അലങ്കാരവാക്കല്ല. സ്വന്തം വീട്ടിലും മണ്ണിലും തടവിലായ കുറെ നിരപരാധികൾ. 

‘‘അമ്മ പിറകിലെ പറമ്പിലൂടെ ഓടി. ഇനി എപ്പോഴാണു വരികയെന്നു പറയാൻ കഴിയില്ല. നിങ്ങൾക്ക് അമ്മേന്റെ ഫോട്ടോ എടുക്കാൻ പറ്റുമോന്നു സംശയാ...’’ അമ്മയെ തേടി വീടിന്റെ പിന്നിലേക്കു പോയ ഗിരീഷ് തിരികെ വരികയാണ്.  

‘‘തീരെ മരുന്നു കഴിക്കാതായപ്പോൾ രണ്ടു മാസം മുൻപു ബലമായി പിടിച്ചു വണ്ടിയിൽ കയറ്റി ആശുപത്രിയിൽ കൊണ്ടുപോയി. അതിനുശേഷം ചിലപ്പോൾ ആളുകളെ കാണുമ്പോൾ പിന്നിലൂടെ ഇറങ്ങിയോടും. പിടിച്ചുകെട്ടി കൊണ്ടുപോകൂന്നാ പേടി. പിന്നെ കുറെ കഴിഞ്ഞേ വരൂ. വന്നില്ലെങ്കിൽ ചെന്നു മെല്ലെ കൂട്ടിക്കൊണ്ടു വരണം.’’ 

കോടികളുടെ സ്വത്തിനുടമകൾ പിച്ചക്കാരെക്കാൾ മോശമായി കഴിയുന്നു. ശാന്ത ഇവരിൽ ഒരാൾ മാത്രം. താമസിച്ചിരുന്ന വീടും പറമ്പും സർക്കാർ പതിച്ചെടുത്തു. പക്ഷേ, പണം കൊടുത്തില്ല. നഷ്ടപരിഹാരം കിട്ടുമെന്ന പ്രതീക്ഷ നശിച്ചപ്പോൾ ശാന്തയുടെ ഭർത്താവ് ആത്മഹത്യ ചെയ്തു. മനസ്സു കലങ്ങിപ്പോയ ശാന്തയ്ക്കു മനോദൗർബല്യം ബാധിച്ചു. നല്ല നിലയിൽ പഠിച്ചുപോന്ന മകൾ വിമല മനോവിഷമം കാരണം വീടിനു വെളിയിൽ ഇറങ്ങാതായി. ‘‘കോളജിലൊക്കെ പോയി വാനമ്പാടിയെപ്പോലെ ഓടിച്ചാടിനടന്ന കൊച്ചാണ് ഇപ്പോൾ വീട്ടിനകത്തു കഴിയുന്നത്.’’ – അയൽക്കാരിയുടെ സങ്കടം. വയസ്സ് 43 കഴിഞ്ഞു. ഇവിടെ സ്വപ്നങ്ങൾ കരിഞ്ഞുണങ്ങിപ്പോയ ‘യുവതി’കളിൽ ഒരാൾ മാത്രമാണു വിമല.  

ശാന്തയുടെ വീട് ഏതാനും വർഷം മുൻപു തകർന്നുവീണു. നാട്ടുകാർ കെട്ടിക്കൊടുത്ത താൽക്കാലിക വീട്ടിൽ കഴിയുന്നു. കടുത്ത പട്ടിണി കൂട്ട്. ഗിരീഷ് ഇടയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്നത് ഏകവരുമാനം. 39 വയസ്സായ ഗിരീഷിനും വിവാഹം കഴിക്കണമെന്നും കുടുംബമായി ജീവിക്കണമെന്നും മോഹമുണ്ട്. ‘‘പക്ഷേ, എനിക്കൊക്കെ ആരു പെണ്ണു തരാൻ?’’ ചിരിക്കാൻ മറന്നുപോയ ആ യുവാവ് ചോദിക്കുന്നു. കോടതിയുടെ കണക്കിൽ ഒരുകോടിയോളം രൂപ നഷ്ടപരിഹാരം കിട്ടാനുള്ള കുടുംബമാണിത്. ഇവരുടെ 24 സെന്റും നല്ലൊരു വീടുമാണു ദേശീയപാതക്കാർ 40 വർഷം മുൻപു കൊണ്ടുപോയത്. മാഹി ബൈപാസ് യാഥാർഥ്യമായി, അതിലൂടെ എത്ര ലക്ഷം വണ്ടിയോടിയാലും വീട്ടാനാവില്ല ഈ കുടുംബത്തിന്റെ ദുരന്തക്കണക്ക്.  

santhas-old-home മമ്പള്ളി ശാന്തയുടെ വീട് തകർന്ന നിലയിൽ.

ഇതുപോലുള്ള ഒരുപാടു ശാന്തമാരുണ്ട് ഇവിടെ. സ്വന്തം വീട്ടിലെ തടവുകാർ. വലിയ നിലയിൽ കഴിഞ്ഞിരുന്നവരൊക്കെ ഒറ്റ ഉത്തരവിലൂടെയാണ് ഒന്നുമില്ലാത്തവരായത്. നഷ്ടപരിഹാരം കിട്ടാത്തതുകൊണ്ട് ഇവർക്ക് ഒരിടത്തും ചേക്കേറാൻ കഴിഞ്ഞില്ല. സ്വന്തം വീടുകൾ തകർന്നു, സ്ഥലത്ത് ഒന്നും ചെയ്യാൻ പറ്റില്ല, ബാങ്ക് വായ്പ കിട്ടില്ല, ബാധ്യതാ സർട്ടിഫിക്കറ്റോ കരം അടച്ച രസീതോ ഭൂമിയുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖയോ കിട്ടില്ല. സ്വന്തം ഭൂമി ഇല്ലാത്തതുകൊണ്ട് ഒരു ക്ഷേമപദ്ധതിയിലും അംഗങ്ങളല്ല. എന്തിന്, സൗജന്യ റേഷനുപോലും വകുപ്പില്ലത്രേ!  

തലശ്ശേരി, മാഹി നഗരങ്ങൾ ഒഴിവാക്കി ദേശീയപാതയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കണമെന്ന ആലോചനയിൽനിന്നാണ് മാഹി ബൈപാസ് പദ്ധതി 1977ൽ പിറക്കുന്നത്. കോഴിക്കോട് ജില്ലയിലെ അഴിയൂർ മുതൽ കണ്ണൂരിലെ മുഴപ്പിലങ്ങാട് വരെ 18.03 കിലോമീറ്ററിൽ 45 മീറ്ററിലായിരുന്നു നിർദിഷ്ട പാത. ഉടനെതന്നെ സ്ഥലം ഏറ്റെടുത്തുകൊണ്ടു വിജ്ഞാപനം വന്നു. ലാൻഡ് അക്വിസിഷൻ ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കാനായിരുന്നു ആദ്യനീക്കം. എന്നാൽ, ഇതിലെ നഷ്ടപരിഹാരം വളരെ കുറവാണെന്നു കണ്ടതിനാൽ കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ ഭൂമി ജില്ലാതല പർച്ചേസ് കമ്മിറ്റികൾ രൂപീകരിച്ചു നാലിരട്ടിയിലും കൂടിയ തുകയ്ക്ക് (അന്നത്തെ മാർക്കറ്റ് വില) ഏറ്റെടുത്തു.  

ജനങ്ങളുടെ ആവശ്യം പരിഗണിച്ചു കോഴിക്കോട്, കണ്ണൂർ കലക്ടർമാർ ഇക്കാര്യത്തിൽ മുൻകയ്യെടുത്തു. എന്നാൽ, 640 കിലോമീറ്റർ അകലെയുള്ള പുതുച്ചേരിയിൽനിന്നു ഭരണം നിയന്ത്രിക്കുന്ന മാഹിയിലെ സ്ഥലത്തിന്റെ കാര്യത്തിൽ നടപടി എടുക്കാൻ ആരും ഉണ്ടായില്ല. മാഹിയിലൂടെ ഒന്നര കിലോമീറ്ററാണു പാത കടന്നുപോകുന്നത്. 198 പേരുടെ സ്ഥലമാണ് ഇവിടെ ഏറ്റെടുക്കാൻ വിജ്ഞാപനം ചെയ്തത്. 46 വീട് അടക്കം 57 കെട്ടിടങ്ങളും ഇതിൽപെടുന്നു. ഇടത്തും വലത്തുമുള്ള വില്ലേജുകളിൽ നടപ്പുവിലയ്ക്കു ഭൂമി ഏറ്റെടുത്തതിനാൽ, തങ്ങൾക്കും ആ വില കിട്ടണമെന്നു മാഹിയിലെ ജനങ്ങൾ ന്യായമായി ആവശ്യപ്പെട്ടു. ആരും കാര്യമായൊന്നും ചെയ്യാതെ പതിറ്റാണ്ടുകൾ കടന്നുപോയി. മാഹി ബൈപാസ് കടലാസിൽ ഉറങ്ങി. ശാന്തമാർക്കു ജീവിതം കൈവിട്ടുപൊയ്ക്കൊണ്ടിരുന്നു.  

അങ്ങനെയിരിക്കെ, ജനപ്രതിനിധികളുടെ സമ്മർദഫലമായി 2011 ഫെബ്രുവരി 14ന് ദേശീയ പാത ആക്ട് പ്രകാരം സ്ഥലം ഏറ്റെടുക്കാൻ തീരുമാനമായി. യഥാർഥവില കിട്ടി പ്രശ്നം ഉടൻ തീരാൻപോകുന്നു എന്നു മാഹിയിലെ ജനങ്ങൾ ആശ്വസിച്ച കാലം. ഈ സന്തോഷം വിളംബരം ചെയ്തു മാഹിയിലാകെ പോസ്റ്ററുകളും നിരന്നു, ജനപ്രതിനിധികൾക്ക് അഭിവാദ്യവുമായി.  

പക്ഷേ, കാര്യങ്ങൾ കൂടുതൽ സങ്കീർണമാവുകയായിരുന്നു. പിറ്റേവർഷമാണു സ്ഥലം ഏറ്റെടുക്കാനായി കലക്ടറുടെ നേതൃത്വത്തിൽ ജില്ലാതല പർച്ചേസ് കമ്മിറ്റി ചേർന്നത്. ഇവർ സ്ഥലത്തെ മൂന്നു വിഭാഗമായി തിരിച്ചു. എന്നിട്ട് സെന്റിനു 4.25 ലക്ഷം, 3.25 ലക്ഷം, 2.75 ലക്ഷം എന്നിങ്ങനെ വിലയിട്ടു. മാഹിക്കാർ എതിർപ്പിനോ ഭേദഗതിക്കോ പോയില്ല. ദുരിതജീവിതത്തിന് എങ്ങനെയെങ്കിലും അറുതി വന്നാൽ മതിയെന്നായിരുന്നു അവരുടെ ചിന്ത. ഇത് അംഗീകരിച്ചു മുഴുവൻ ഭൂവുടമകളും മരിച്ചുപോയവരുടെ അവകാശികളും സമ്മതപത്രം ഒപ്പിട്ടു നൽകി.  

ഈ സമയത്തു ദേശീയപാതാ അതോറിറ്റി യഥാർഥ വില്ലത്തരം പുറത്തെടുത്തു. ഇത്രയും തുക കൊടുക്കാനാവില്ലെന്നു കാണിച്ചു മദ്രാസ് ഹൈക്കോടതിയിൽ അപ്പീൽ നൽകി. പക്ഷേ, കോടതി ദേശീയപാതക്കാരുടെ വാദം തള്ളുകയും ആറാഴ്ചയ്ക്കകം നഷ്ടപരിഹാരം നൽകണമെന്നു വിധിക്കുകയും ചെയ്തു. മാഹിക്കാരുടെ പതിറ്റാണ്ടുകൾ നീണ്ട ദുരിതം അത്യന്തം ദുഃഖകരമാണെന്നും കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.  

ഇതും നടപ്പാക്കാൻ ദേശീയപാതാ അതോറിറ്റി തയാറായില്ല. ദേശീയപാത ആക്ട് പ്രകാരം തർക്കമുണ്ടായാൽ ആർബിട്രേറ്ററെ നിയമിക്കാമെന്നു വ്യവസ്ഥയുണ്ട്. അവർ ആർബിട്രേറ്ററെ സമീപിച്ചു. വീണ്ടും കാലതാമസം. തടസ്സങ്ങളിലും പ്രതീക്ഷകളിലും കുരുങ്ങിയും നിവർന്നും സ്ഥലവാസികളുടെ വൈകാരികനില കൂടുതൽ ദുർബലമായി.  

മാഹിയിൽ നേരിട്ടെത്തി ദുഃഖവും ദുരിതവും മനസ്സിലാക്കിയ ആർബിട്രേറ്ററുടെ വിധിയും വേദനിക്കുന്ന ജനങ്ങൾക്കൊപ്പമായിരുന്നു. ദേശീയപാതക്കാരുടെ വാദം തള്ളിയെന്നു മാത്രമല്ല, നഷ്ടപരിഹാരം ഇരട്ടിയാക്കാനും ആർബിട്രേറ്റർ നിർദേശിച്ചു. വീടു നഷ്ടപ്പെട്ടവർക്ക് അരലക്ഷം രൂപ അധികം നൽകണമെന്നും തൊഴുത്തുള്ളവർക്കു പൊളിച്ചു കൊണ്ടുപോകാൻ ചെലവു നൽകണമെന്നും ആർബിട്രേറ്റർ വിധിച്ചു. എന്നാൽ, ഇത് അംഗീകരിക്കാനും ദേശീയപാതാ അതോറിറ്റി തയാറായില്ല. ഇതിനെതിരെ വീണ്ടും അവർ കോടതിയെ സമീപിച്ചിരിക്കുകയാണ്. കോടതിക്കു പുറത്തു പ്രശ്നം പരിഹരിക്കാൻ ജനപ്രതിനിധികളും മുഖ്യമന്ത്രി പിണറായി വിജയനും ശ്രമിക്കുന്നുണ്ട്.  

ഒരു വശത്തു റോഡുവികസനമാണു തങ്ങളുടെ നയമെന്നു പ്രഖ്യാപിക്കുന്ന ദേശീയപാതാ അതോറിറ്റി തന്നെയാണ് ഇവിടെ കരുണയില്ലാത്ത, കണ്ണില്ലാത്ത വില്ലന്റെ വേഷവും കെട്ടിയിരിക്കുന്നത്.  

ഇക്കാലംകൊണ്ട് ഇവിടത്തെ വീടുകളുടെ അവസ്ഥ ദയനീയമായി. മമ്പള്ളി ശാന്തയുടേതുപോലെ പലരുടെയും വീടുകൾ പൂർണമായി തകർന്നു. മറ്റുള്ളവയുടെ മേൽക്കൂരയും ഭിത്തികളും ജീർണിച്ചു ദ്രവിച്ചു. വീടുകൾക്ക് അറ്റകുറ്റപ്പണി നടത്താൻ നിവൃത്തിയില്ല. എല്ലാ വീടിന്റെയും മേൽക്കൂരയിൽ ടാർപോളിൻ ഷീറ്റുകൾ സ്ഥാനംപിടിച്ചുകഴിഞ്ഞു. വീടു പൊളിച്ചാൽ പിന്നെ അതിന്റെ നഷ്ടപരിഹാരവും കിട്ടില്ല. എന്തൊരു കുരുക്ക്!  

തിരികെ നടക്കുമ്പോൾ ഇടവഴിയിലെ വളവിൽ വീണ്ടും ശാന്തയെ കണ്ടു. ‘‘കൊടുവാളെടുക്കണോ... വെട്ടിക്കൊല്ലും ഞാൻ.’’ ഞങ്ങളെക്കണ്ടു പേടിച്ചകന്നു മാറുന്നതിനിടെ അതീവ ദുർബലയായ ആ സ്ത്രീ ഇങ്ങനെ ചോദിച്ചുകൊണ്ടിരുന്നു. പാവത്തിന്റെ പ്രതിരോധം.  

മറ്റു പല ദേശങ്ങളിൽനിന്നും വ്യത്യസ്തമായി, ഒരെതിർപ്പും കൂടാതെ ദേശീയപാത വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കാൻ തയാറായ ജനതയോടാണു ഭരണകൂടം ഇങ്ങനെ ചെയ്യുന്നത്. കേന്ദ്ര ഗതാഗതമന്ത്രിയുടെ ഒരൊപ്പിൽ തീരാവുന്നതേയുള്ളൂ ഈ പ്രശ്നം. അല്ലെങ്കിൽ, കേന്ദ്രം ഭരിക്കുന്ന പാ‍ർട്ടിയുടെ ഒരു ഇടത്തരം നേതാവ് ആത്മാർഥമായൊന്ന് ഇടപെട്ടാൽ മതി. പണമൊഴികെ ഒന്നും ഇനി ഇവർക്കു തിരികെ നൽകാൻ കഴിയില്ല. പണംകൊണ്ടു നേടാവുന്നവയല്ല ഇവർക്കു നഷ്ടപ്പെട്ടതൊന്നും. പക്ഷേ, ഇത്ര കൊടിയ മനുഷ്യാവകാശലംഘനം നടന്നിട്ടും ന്യായാധിപരൊഴികെ ആരും ഈ പാവം മനുഷ്യർക്കൊപ്പം നാളിതുവരെ ആത്മാർഥമായി നിന്നിട്ടില്ല. ആരാന്റമ്മയ്ക്കു ഭ്രാന്തു വന്നാൽ ദേശീയപാതാ അതോറിറ്റിക്കെന്ത്!