ഇന്ത്യയുടെ പ്രകടനത്തില്‍ ചൈനയ്ക്ക് കണ്ണുകടിയോ?; മുറുകുന്ന വിവാദം

കൃത്യമായി 85മീ എറിഞ്ഞ ഇന്ത്യന്‍ താരം നീരജ് ചോപ്രയുടെ ആദ്യശ്രമം ചൈനീസ് ഉദ്യോഗസ്ഥര്‍ റെക്കോര്‍ഡ് ചെയ്യാതിരുന്നത് മനപ്പൂര്‍വമോ?. ഇന്ത്യയുടെ ആരോപണം വലിയ ചര്‍ച്ചയായിരിക്കുകയാണ്.ഏഷ്യന്‍ ഗെയിംസിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം മോശമാക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി ശ്രമിക്കുകയാണെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് ആരോപിച്ചു. പുരുഷ ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയുടെ ആദ്യ ത്രോ അളക്കാത്തതില്‍ ദുരൂഹതയുണ്ട്. അതുവരെയുണ്ടാകാത്ത പിഴവ് അപ്പോള്‍ ഉണ്ടായതെങ്ങനെയെന്ന് അറിയില്ലെന്നും അഞ്ജു പറയുന്നു. നീരജിന്റെ മത്സരത്തോടെ വിഷയം ചര്‍ച്ചയായിരിക്കുകയാണ്. 

‘തന്റെ ആദ്യത്രോ അളന്നതിലെ പിഴവ് അംഗീകരിക്കാനാവില്ലെന്നും ഇത്തരം അനുഭവം കരിയറില്‍ തന്നെ ആദ്യമെന്നും നീരജ് പറഞ്ഞു. ആദ്യത്രോ മികച്ചതായിരുന്നെന്ന് എല്ലാവരും പറഞ്ഞു. ആ സമയത്ത് ദൂരം അളക്കുന്ന യന്ത്രത്തിനു തകരാര്‍ സംഭവിച്ചെന്നാണ് പറഞ്ഞത്, എന്നാല്‍ തകരാര്‍ പരിഹരിച്ച ശേഷം ദൂരം തിട്ടപ്പെടുത്തുമെന്ന് കരുതി, പക്ഷേ അടുത്ത മത്സരാര്‍ത്ഥി ത്രോ ചെയ്യാന്‍ എത്തിയപ്പോഴേക്കും എന്റെ ജാവലിന്‍ പതിച്ച സ്ഥലത്തെ അടയാളം മായ്ച്ചുകളയുന്നത് ശ്രദ്ധയില്‍പ്പെട്ടു, ഇത് ചോദ്യം ചെയ്തപ്പോഴേക്കാണ് കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയത്.  ആര്‍ക്കും എന്റെ ത്രോ എവിടെയാണ് പതിച്ചതെന്ന് കണ്ടെത്താനായില്ല’എന്നും നീരജ് പറയുന്നു. ആദ്യത്രോയിലെ പിഴവ് തന്നെ അല്‍പം നിരാശനാക്കിയെന്നും നീരജ് കൂട്ടിച്ചേര്‍ത്തു.

വീണ്ടും ത്രോ ചെയ്യണമെന്നാവശ്യപ്പെട്ടപ്പോള്‍ തര്‍ക്കിച്ചിട്ടു കാര്യമില്ലെന്നു മനസിലാക്കി വീണ്ടുംജാവലിനെടുക്കുകയായിരുന്നുവെന്നും നീരജ് പറയുന്നു. കിഷോര്‍കുമാര്‍ ജനയുടെ മത്സരത്തിനിടെ വ്യാജഫൗള്‍ വിളിക്കാനും ശ്രമമുണ്ടായി.  പുരുഷ ലോങ്ജംപ് ഫൈനലിനിടെ മലയാളി താരം എം ശ്രീശങ്കറിന്റെ ദൂരം അളന്നതിലും ക്രമക്കേടുണ്ടായെന്ന് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് പറഞ്ഞു. ഇത് താരങ്ങളെ മാനസികമായി തളര്‍ത്താനുള്ള ശ്രമമാണ്. വനിതാ 100മീ ഹര്‍ഡില്‍സ് ഫൈനലിനിടെ അനാവശ്യമായ ഫൗള്‍സ്റ്റാര്‍ട്ട് വിവാദം ഉണ്ടാക്കി ജ്യോതി യാരാജിയെ മാനസികമായി തളര്‍ത്താന്‍ ശ്രമിച്ചു.  ചൈനീസ് ഒഫിഷ്യലുകള്‍ ചെയ്യുന്നത് ഒളിംപിക് ചാപ്റ്ററിന്റെ ലംഘനമാണെന്നും ഇന്ത്യന്‍ അത്ലറ്റിക്സ് ടീം മാനേജരായ അഞ്ജു പറയുന്നു. ഈ ഒഫിഷ്യലുകള്‍ക്കെതിരെ രാജ്യാന്തര ഒളിംപിക് കമ്മിറ്റിക്ക് പരാതി നല്‍കും. ഇന്ത്യ തുടര്‍ച്ചയായി മെഡല്‍ നേടുന്നത് ചൈനയെ അസ്വസ്ഥമാക്കുന്നുണ്ടാകാമെന്നും അഞ്ജു പറയുന്നു.

ഇന്ത്യയില്‍ ചൈനീസ് ബന്ധമാരോപിച്ച് ന്യൂസ് ക്ലിക്കിനെതിരായ നടപടിയും റെയ്ഡും അറസ്റ്റും പുരോഗമിക്കുന്നതിനിടെയാണ് ഏഷ്യന്‍ ഗെയിംസിനിടെയിലെ ചൈനീസ് ഇടപെടല്‍ എന്നതും ചര്‍ച്ചയുടെ വേഗം കൂട്ടുകയാണ്. 

China cheats Neeraj Chopra?; Controversy 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.