‘ആ സമയത്ത് പാണ്ഡ്യ എന്താണ് സംസാരിച്ചതെന്ന് ദുരൂഹം; അതിനുശേഷം കളിമാറി’

ഐപിഎൽ ഫൈനലിൽ മൽസരം അത്ര പെട്ടന്നൊന്നും ആരാധകർ മറകില്ല. ചെന്നൈ സൂപ്പർ കിങ്സ് ഫാൻസ് ആവേശതിമിർപ്പിലാണെങ്കിൽ മറുവശത്ത് നേരെ തിരിച്ചാണ്. ഗുജറാത്ത് ടൈറ്റൻസ് താരങ്ങളും ആരാധകരും ഇപ്പോഴും നിരാശയുടെ ക്രീസിലാണ്. ടൂർണമെന്റിലൂട നീളം , എന്തിന് ഫൈനലിൽ അവസാന ഓവർ വരെ മികച്ച രീതിയിൽ പന്തെറിഞ്ഞ മോഹിത് ശർമയ്ക്കു എന്തു പറ്റിയെന്നാണ് എല്ലാവരും ചോദിക്കുന്നത്. മോഹിതിന്റെ അവസാന രണ്ടു പന്തുകളാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ ചർച്ചാ വിഷയം. 

ആദ്യ നാല് പന്തിൽ മൂന്ന് റൺസ് മാത്രമാണ് മോഹിത് വഴങ്ങിയത്. അവസാന രണ്ട് പന്ത് എറിയുന്നതിന് മുൻപ് സബ്സ്റ്റിറ്റ്യൂട്ട് താരം വഴി കോച്ച് നെഹ്റയും ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയും മോഹിത്തിനോട് സംസാരിച്ചു. പിന്നീടാണ് കളിയുടെ ഗതിമാറിയത്. അവസാന രണ്ട് പന്തിൽ സിക്സും ഫോറും അടിച്ച് ജഡേജ ചെന്നൈയെ വിജയിപ്പിച്ചു

പാണ്ഡ്യ നടത്തിയ നീക്കത്തിനെതിരെ പ്രതികരണവുമായി മുൻ ഇന്ത്യൻ ഓപ്പണർ സുനിൽ ഗാവസ്കറും രംഗത്തെത്തി. ‘‘ആദ്യത്തെ നാല് ബോളുകൾ വളരെ നന്നായി എറിയാൻ മോഹിത്തിനായി. എന്നാൽ അതിനുശേഷം മോഹിത്തിന് കുടിക്കാൻ വെള്ളം നൽകി. തുടർന്ന്  ഹർദിക് പാണ്ഡ്യ വന്നു സംസാരിച്ചു. ബോളർ നല്ല രീതിയിൽ പന്തെറിയുമ്പോൾ സാധാരണ ഗതിയിൽ ആരും നിർദേശം നൽകാനോ സംസാരിക്കാനോ നിൽക്കാറില്ല. അകലെ നിന്ന് പ്രോത്സാഹിപ്പിക്കു മാത്രമാണ് ചെയ്യുക. പാണ്ഡ്യ അടുത്തെത്തി സംസാരിച്ചതിനുശേഷം മോഹിത്ത് ചുറ്റും നോക്കാൻ തുടങ്ങി. അതുവരെ കൃത്യമായി പന്തെറിഞ്ഞ മോഹിത്തിന് പിന്നീട് റൺസ് വഴങ്ങേണ്ടി വന്നു. അനുചിതമായ സമയത്ത് മോഹിത്തിന് വെള്ളം നൽകിയതും പാണ്ഡ്യ വന്ന് സംസാരിച്ചതും വളരെ ദുരൂഹമാണ്. കാരണം അതിന് ശേഷമാണ് ‌ഗുജറാത്തിന് അനായാസം നേടാമായിരുന്ന കപ്പ് ചെന്നൈ സ്വന്തമാക്കിയത്.’’–ഗാവസ്കർ പറഞ്ഞു.  

മോഹിത് ശർമ അഞ്ചാം പന്തെറിയുന്നതിനു മുമ്പായി സബ്സ്റ്റിറ്റ്യൂട്ട് താരം വഴി പരിശീലകൻ ആശിഷ് നെഹ്റ നിർദേശങ്ങൾ നൽകിയതാണ് താരത്തിന്‍റെ അത്മവിശ്വാസം കളഞ്ഞതെന്ന തരത്തിൽ ആരാധകരും രംഗത്തെത്തിയിരുന്നു.