ഫിഫ ലോകകപ്പ്; കോവിഡ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ

ഫിഫ ലോകകപ്പിന് കാണാനെത്തുന്നവർക്കുള്ള പ്രവേശന, കോവിഡ് നയങ്ങളിൽ മാറ്റം വരുത്തി ഖത്തർ. നവംബർ ഒന്ന് മുതൽ സന്ദർശകർക്ക് കോവിഡ് പരിശോധനാ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

ലോകകപ്പിന്  ഏതാനും ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് പ്രവേശന നയങ്ങളിൽ ഖത്തർ ഭേദഗതി വരുത്തിയത്.  പൊതുജനാരോഗ്യമന്ത്രാലയത്തിന്‍റെ പുതുക്കിയ നയം അനുസരിച്ച്  നവംബര്‍ 1 മുതല്‍ ഖത്തറിലേയ്ക്ക് എത്തുന്ന സന്ദര്‍ശകര്‍ക്ക് കോവിഡ് നെഗറ്റീവ് പരിശോധനാ സര്‍ട്ടിഫിക്കറ്റും ഇഹ്‌തെറാസ്  ആപ്പിലെ പ്രീ-റജിസ്‌ട്രേഷനും ആവശ്യമില്ല.  എന്നാൽ രാജ്യത്തെ ജനങ്ങളും സന്ദര്‍ശകരും കോവിഡ് മുന്‍കരുതല്‍ പാലിക്കുന്നതില്‍ വിട്ടുവീഴ്ച വരുത്തരുതെന്ന് മന്ത്രാലയം നിർദേശിച്ചു. 

വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുന്ന ഖത്തറിലെ പ്രവാസികള്‍ക്കും പൗരന്മാര്‍ക്കും ദോഹയിലെത്തിയ ശേഷമുള്ള  കോവിഡ് പരിശോധനയും നവംബര്‍ 1 മുതല്‍ ഒഴിവാക്കി.  ഖത്തറിലെ പൊതു, സ്വകാര്യ മേഖലയിലും ഷോപ്പിങ് മാളുകളിലും ഉള്‍പ്പെടെ പ്രവേശിക്കാൻ നിര്‍ബന്ധമാക്കിയ ഇഹ്‌തെറാസ് വ്യവസ്ഥയിലും ഇളവ് വരുത്തി. നവംബര്‍ 1 മുതല്‍ ആരോഗ്യ കേന്ദ്രങ്ങളിലെ പ്രവേശനത്തിന് മാത്രം ഇഹ്‌തെറാസ് പ്രീ-റജിസ്‌ട്രേഷൻ നടത്തിയാൽ മതി.