ചെസ് ഒളിംപ്യാഡിന് പ്രൗഢ തുടക്കം; 12 നാളുകൾ ചെന്നൈയില്‍ ‘കരുനീക്കം’

രാജ്യം ആദ്യമായി ആതിഥേയരാകുന്ന  ചെസ് ഒളിംപ്യാഡിനു ചതുരംഗ കളിയുടെ ജൻമനാട്ടിൽ ആവേശത്തുടക്കം. ഇനിയുള്ള 12 നാളുകൾ ലോക താരങ്ങളുടെ വാശിയേറിയ മൽസരത്തിനു ചെന്നൈ മഹാബലിപുരം വേദിയാകും. കായിക മൽസരങ്ങൾ ദൈവീകമായി കരുന്ന രാജ്യമാണ് ഇന്ത്യയെന്നും ലോകത്തെ ഒന്നിപ്പിക്കാൻ കായികമല്‍സരങ്ങള്‍ക്കു ശേഷിയുണ്ടെന്നും ഒളിംപ്യാഡിനു തുടക്കമിട്ട പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു

കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങളിൽ ദ്രാവിഡ സംസ്കാരത്തിന്റെ ആഴവും പരപ്പും മാറി മാറിയെത്തിയ ഉല്‍ഘാടന വേദി വേറിട്ട കലാവിഭവങ്ങളാൽ സമൃദ്ധമായിരുന്നു. എ.ആർ.റഹ്മാൻ ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയാണു ഇന്ത്യ ആതിഥേയത്വം വഹിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കായിക മേളയ്ക്കു തുടക്കമായത്.187 രാജ്യങ്ങളാണു ഒളിംപ്യാഡിനെത്തിയിരിക്കുന്നത്.  ക്ലാസിക്കൽ നൃത്ത രൂപങ്ങളും മണൽ ചിത്രങ്ങളും നൃത്ത സംഗീത ശില്‍പങ്ങളും ഇടകലര്‍ന്ന കലാവിരുന്നു സമീപകാലത്തെ കായിക മേളകളുെട ഉല്‍ഘാടന ചടങ്ങുകളില്‍ നിന്ന് ഒളിംപ്യാഡിനെ വേറിട്ടതാക്കി.

9 ഇന്ത്യന്‍ ക്ലാസിക്കല്‍ നൃത്തരൂപങ്ങള്‍ ഒന്നിനു പിറകെ ഒന്നായി വേദിയിലെത്തിയതോടെ ഒളിംപ്യാഡ് വേദി ഭാരത കലാ പാരമ്പര്യത്തിന്റെ പ്രദര്‍ശനവേദിയായി. കഥകളിയും മോഹിനിയാട്ടവുമായിരുന്നു കേരളക്കരയെ പ്രതിനിധീകരിച്ചത്. തമിഴ്നാടിനു ചതുരംഗവുമായി അഭേദ്യമായ ബന്ധമാണുള്ളതെന്നു പറഞ്ഞാണു പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗം തുടങ്ങിയത്. രാജ്യത്തിന്റെ ചെസ് പവർ ഹൗസാണു തമിഴ്നാട്. ഈമണ്ണില്‍ നിന്നാണു ലോകോത്തര ചെസ് താരങ്ങളുണ്ടായത്. കോവിഡിനാന്തരം രാജ്യം ഏറ്റവും മികച്ച കായിക മൽസര ശേഷി പ്രകടിപ്പിക്കുന്ന സമയമാണിതെന്നും എല്ലാവര്‍ക്കും തുറന്ന മനസോടെ സ്വാഗതമെന്നും പ്രധാനമന്ത്രി പറഞ്ഞതോടെ കരഘോഷം മുഴങ്ങി