ലോകവേദികളിലും ആര്‍ഭാടമില്ലാതെ അമ്മ; കണ്ണീരോടെ പ്രാര്‍ഥന; ഒപ്പം രാജ്യവും

‘ജയിച്ചു വാ പ്രഗ്ഗ.., അമ്മയുടെ പ്രാര്‍ഥന ഒപ്പമുണ്ട്, ഞങ്ങളുടേതും..’ സമൂഹമാധ്യമങ്ങളില്‍ നിറയെ രമേശ് ബാബു പ്രഗ്നാനന്ദ നിറയുകയാണ്. ഒപ്പം അമ്മ നാഗലക്ഷ്മിയും. കണ്ണുനിറഞ്ഞ് മകന്റെ വിജയത്തിനായി പ്രാര്‍ഥിക്കുന്ന ചിത്രം, മല്‍സരശേഷം മകന്‍ മാധ്യമങ്ങള്‍ക്ക് അഭിമുഖം െകാടുക്കുമ്പോള്‍ അഭിമാനത്തോടെ നോക്കി നില്‍ക്കുന്ന ചിത്രം, ആര്‍ഭാടങ്ങളോ അമിത ആവേശമോ ഇല്ലാതെ ലോകം ശ്രദ്ധിക്കുന്ന വേദിയിലും ആ അമ്മ അവനൊപ്പം നില്‍ക്കുകയാണ്. 

ജന്മനാ പോളിയോ ബാധിച്ച അച്ഛന്‍ രമേഷ് ബാബുവിന് യാത്ര ബുദ്ധിമുട്ടായതിനാൽ അമ്മ നാഗലക്ഷ്മിയാണ് വിദേശപര്യടനങ്ങളിൽ പ്രഗ്ഗയുടെ കൂടെ പോകാറുള്ളത്. ഏതുനേരവും ടിവിക്കു മുന്നിൽ ഇരിക്കുന്നത് പഠനത്തിലെ ശ്രദ്ധ നഷ്ടപ്പെടാൻ കാരണമാകുമെന്നു തോന്നിയപ്പോഴാണ് രമേഷ് ബാബുവും ഭാര്യ നാഗലക്ഷ്മിയും തങ്ങളുടെ മൂത്ത മകൾ വൈശാലിക്ക് ചെസ് ബോര്‍ഡ് വാങ്ങി നല്‍കിയത്. പിന്നീട് ചേച്ചിക്കൊപ്പം നേരംപോക്കിനാണ് കുഞ്ഞു പ്രഗ്നാനന്ദയും ചെസ് കളിക്കാന്‍ തുടങ്ങിയത്. ഇന്ന് രാജ്യത്തെ അറിയപ്പെടുന്ന ചെസ്സ് താരമാണ് വൈശാലിയും

ചെസ് ലോകകപ്പ് ഫൈനലിലെ ആദ്യ മത്സരത്തിൽ ലോക ഒന്നാം നമ്പർ താരം നോർവേയുടെ മാഗ്നസ് കാൾസനോട് സമനിലയിൽ പിരിഞ്ഞെങ്കിലും ഇന്ന് പ്രഗ്ഗ ചരിത്രം കുറിക്കുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. ചെസ് ലോകകപ്പ് ഫൈനലിലെത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ് ചെന്നൈ സ്വദേശിയായ പ്രഗ്നാനന്ദ. 2000ലും 2002ലും ഫിഡെ ലോകകപ്പിൽ വിശ്വനാഥൻ ആനന്ദ് ജേതാവായിരുന്നു. 

കഴിഞ്ഞ വര്‍ഷം പ്രഗ്നാനന്ദ കാള്‍സനെ തോല്‍പ്പിച്ചപ്പോഴുള്ള വിഡിയോ: